പെണ്‍കരുത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ഇന്ന് ലോക വനിതാ ദിനം

ലോകമെങ്ങുമുള്ള വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട ദിനം ..സ്ത്രീകളുടെ തുല്യത, പങ്കാളിത്തം, അവകാശം ഇവയെക്കുറിച്ച് ഓര്‍ക്കാനും ഓര്‍മപ്പെടുത്താനും
ഒരുദിനം. ദേശത്തിന്റെ അതിരുകള്‍ക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം എല്ലാ വര്‍ഷവും മാര്‍ച്ച് 8 ആം തീയതി ആചരിക്കുന്നു .

ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓര്‍മകള്‍ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലവും , വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വിയര്‍പ്പും കണ്ണീരും കൊണ്ട് സ്ത്രീകള്‍ വരിച്ച വിജയത്തിന്റെ കഥയും . ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വ്യാവസായിക വളര്‍ച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴില്‍ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിനു വഴിയൊരുക്കിയത്.

1857 മാര്‍ച്ച് എട്ടിന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണി മില്ലുകളില്‍ തൊഴിലെടുത്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍, കുറഞ്ഞ ശമ്പളത്തിനും അതിദീര്‍ഘമായ തൊഴില്‍ സമയത്തിനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടി ആദ്യമായി ശബ്ദമുയര്‍ത്തി. ആ ശബ്ദം നൂറ്റാണ്ടുകളിലൂടെ സ്ത്രീ ശബ്ദമായി മാറി. ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന ഈ സമരാഗ്നി ലോകമാകെ പടര്‍ന്നുപിടിക്കാന്‍ അധികകാലം വേണ്ടിവന്നില്ല. സ്ത്രീകളുടെ ഉന്നതിക്കായി ഇതുവരെ എന്തുചെയ്തു എന്നതിന്റെ അവലോകനവും ഇനിയുമെന്തൊക്കെ ചെയ്യാനുണ്ടെന്നതിന്റെ ഓര്‍മപ്പെടുത്തലുമാണ് ഈ ദിനം.

ഇന്ന് സ്ത്രീകള്‍ പല നേതൃത്വസ്ഥാനങ്ങളിലും അപമാനിക്കപ്പെടുന്നു. എല്ലാ വര്‍ഷവും മാര്‍ച്ച് 8 വനിതാ ദിനമായ് ആചരിക്കുമ്പോള്‍ മറുഭാഗത്ത് സ്ത്രീ ചൂഷണത്തിനു വിധേയമാകുന്നു. മുമ്പെങ്ങുമില്ലാത്തവണ്ണം അതിക്രമങ്ങള്‍, നിയമങ്ങളുണ്ടായിട്ടും സംരക്ഷണം ലഭിക്കാത്ത അവസ്ഥ, ഇതിനിടയിലേക്ക് ഒരു വനിതാദിനംകൂടി… ചടങ്ങിനു മാത്രമായി വനിതാദിനം കടന്നു പോകുമ്പോള്‍ അതിന്റെ പ്രസക്തിയും അതോടെ ചുരുങ്ങുന്നു. മാതൃഭാവത്തിന്റെ ഉയര്‍ച്ചയെപ്പറ്റി, അതിനു വേണ്ടിയുള്ള ഒരു കരുതല്‍ നമ്മുടെ എല്ലാവരുടെയും മനസ്സുകളില്‍ ഉണ്ടാവട്ടെ. കാലവും ലോകവും സ്ത്രീക്കായി കാത്തുവെച്ചത് കണ്ണീരല്ല. പോരാടാനുള്ള ഊര്‍ജമാണ്. ഈ വനിതാ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നത് അതാണ്.
എ എം

Share this news

Leave a Reply

%d bloggers like this: