പെട്രോള്‍ വില 100 ലേക്ക്; പമ്പുകളില്‍ മൂന്നക്ക സംഖ്യ കാണിക്കാന്‍ സംവിധാനം ഒരുക്കുന്നു

കൊച്ചി: ഓരോ ദിവസവും കയറിക്കയറി പോവുകയാണ് ഇന്ധന വില. അടിവെച്ചടിവെച്ച് മുന്നേറുന്ന പെട്രോള്‍ വില വൈകാതെ നൂറു കടന്നേക്കുമെന്നതാണ് സ്ഥിതി. ഒരു മാസത്തിനിടെ ഇന്ധന വിലയില്‍ ലിറ്ററിന് അഞ്ചുരൂപവരെ വര്‍ധനയുണ്ടായി. ഡീസല്‍ വില ഒരു നിലയ്ക്കും താങ്ങാനാവാത്ത നിലയായതോടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ബസ്സുടമകളും ഓട്ടോ-ടാക്‌സി ജീവനക്കാരും രംഗത്തുവന്നിട്ടുമുണ്ട്.

പ്രളയശേഷം സംസ്ഥാനത്തെ ഇന്ധന ഉപയോഗത്തില്‍ വലിയ കുറവുണ്ടായി. ഡീസല്‍ ഉപയോഗത്തില്‍ 10 മുതല്‍ 15 ശതമാനംവരെ കുറവ് വന്നു. ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കുന്നവരുടെ എണ്ണം വലിയ അളവില്‍ കുറഞ്ഞെന്നാണ് പമ്പുടമകള്‍ പറയുന്നത്. പെട്രോള്‍ പമ്പുകളില്‍ ഇന്ധനവില പ്രദര്‍ശിപ്പിക്കുന്ന ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ മൂന്നക്ക സംഖ്യ പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം ഒരുക്കുന്നുമുണ്ട്.

പെട്രോള്‍, ഡീസല്‍ വില പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ വില വര്‍ധിപ്പിച്ചില്ല എന്നതൊഴിച്ചാല്‍ എണ്ണക്കമ്പനികള്‍ ഒരു ദിവസം പോലും വില കുറയ്ക്കുന്നില്ല. കഴിഞ്ഞ ജൂണിലാണ് എണ്ണക്കമ്പനികള്‍ക്കു പ്രതിദിനം വില നിശ്ചയിക്കാമെന്ന സംവിധാനം നിലവില്‍ വന്നത്. അതിനുശേഷമുള്ള ഏറ്റവും വലിയ വിലവര്‍ധനയുടെ മാസമാണ് ഇത്. പ്രതിദിനം 50 പൈസവരെ ഉയര്‍ന്ന ഒന്നിലധികം ദിവസങ്ങളുമുണ്ട്.

കൊച്ചി നഗരത്തില്‍ ഒരു ലീറ്റര്‍ ഡീസലിന്റെ വില ഇന്ന് 78.16 രൂപയാണ്. 79.23 രൂപയാണ് തിരുവനന്തപുരം നഗരത്തിലെ വില. കൊച്ചി നഗരത്തിനു പുറത്ത് ഡീസല്‍വില എണ്‍പതിനോട് അടുക്കുകയാണ്. കോഴിക്കോട് നഗരത്തില്‍ 78.91 രൂപയായും വില ഉയര്‍ന്നിട്ടുണ്ട്. ഒരു ലീറ്റര്‍ പെട്രോളിന് കൊച്ചി നഗരത്തില്‍ വില 84.97 രൂപയാണ്. തിരുവനന്തപുരം നഗരത്തിനുള്ളില്‍ 86.02 രൂപയാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തില്‍ വില 85.80 രൂപയായും ഉയര്‍ന്നു. തിരുവനന്തപുരം, കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ നഗരത്തിനു പുറത്ത് വില 87 രൂപയായി.

മുംബൈയില്‍ പെട്രോള്‍ വില ലീറ്ററിനു 90 രൂപ കടന്നു. മഹാരാഷ്ട്രയിലെ ചില പ്രദേശങ്ങളില്‍ വില 91 കടന്നിട്ടുണ്ട്. അതേസമയം 82.86 രൂപയാണ് ഡല്‍ഹിയിലെ ഇന്നലത്തെ വില. മഹാരാഷ്ട്രയിലാണു രാജ്യത്ത് ഏറ്റവും അധികം വാറ്റ് നികുതിയുള്ളത്. എന്നാല്‍ ഡീസല്‍ വിലയില്‍ കേരളം മുംബൈക്കും മുകളിലാണ്. 78.68 രൂപയാണ് മുംബൈയിലെ ഡീസല്‍ വില

എ എം

Share this news

Leave a Reply

%d bloggers like this: