പെട്രോള്‍-ഡീസല്‍ വിലവര്‍ധന: സംസ്ഥാനത്ത് 24ന് വാഹന പണിമുടക്ക്

 

ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് 24ന് വാഹന പണിമുടക്ക് സംഘടിപ്പിക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായാണ് പണിമുടക്കുന്നത്.

പെട്രോള്‍, ഡീസല്‍ വില അനിയന്ത്രിമായി കുതിച്ചുയരുകയാണ്. വില വീണ്ടും ഉയരുമെന്നാണ് സൂചന. പെട്രോളിയം കമ്പനികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട ഒത്താശ ചെയ്യുന്നതുമൂലമാണ് താങ്ങാനാകാത്ത വിലക്കയറ്റമുണ്ടാകുന്നത്.

അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ചെറിയ വര്‍ധനയുണ്ടായതിന്റെ പേര് പറഞ്ഞാണ് യാതൊരു നീതികരണവുമില്ലാത്ത രീതിയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയത്. മോട്ടോര്‍ തൊഴിലാളികളും സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ ഉള്‍പ്പെടെയുള്ള തൊഴിലുടമകളുമാണ് ഇതുമൂലം നരകയാതന അനുഭവിക്കുന്നത്.

വലിയ വിലക്കയറ്റത്തിന് ഈ വിലവര്‍ധന ഇടയാക്കും. ഡീസല്‍, പെട്രോള്‍ വില കുറയ്ക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും നേരത്തെ വര്‍ധിപ്പിച്ച എക്സൈസ് തീരുവ വേണ്ടെന്ന് വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും സംയുക്ത സമര സമിതി ആവശ്യപ്പെട്ടു. റോഡ്ഗതാഗതമേഖല ഒന്നാകെ കുത്തകവല്‍ക്കരിക്കാനും ദശലക്ഷക്കണക്കിന് മോട്ടോര്‍ തൊഴിലാളികളെയും തൊഴില്‍ ഉടമകളെയും വഴിയാധാരമാക്കാനും ഇടയാക്കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: