പൂര്‍ണ്ണ രക്തചന്ദ്രന്‍ ജനുവരി 21 ന് അയര്‍ലണ്ടിന്റെ മാനത്ത് ദൃശ്യമാകും; കാണാന്‍ ഒരുങ്ങിക്കോളൂ

ഡബ്ലിന്‍: സൂപ്പര്‍ ബ്ലഡ് വോള്‍ഫ് മൂണ്‍ ജനുവരി 21 ന് അയര്‍ലണ്ടിന്റെ ആകാശത്തില്‍ ദൃശ്യമാകും. ചന്ദ്രനെ ചുവന്ന നിറത്തില്‍ കാണുന്നതും പൂര്‍ണ രൂപത്തില്‍ ഭൂമിയ്ക്ക് ഏറ്റവും അടുത്തായി കാണുന്നതുമായ ചന്ദ്രഗ്രഹണമാണ് സൂപ്പര്‍ ബ്ലഡ് വോള്‍ഫ് മൂണ്‍ ഗ്രഹണം. ഈ വര്‍ഷം കഴിഞ്ഞാല്‍ 2021 മെയ് 26 വരെ ഇതിനായി കാത്തിരിക്കേണ്ടി വരും. അയര്‍ലണ്ടില്‍ തിങ്കളാഴ്ച സൂര്യോദയത്തിന് അല്പം മുന്‍പാണ് ഇത് ദൃശ്യമാകുക. ഭൂമിയുടെ നിഴലില്‍ രക്തചന്ദ്രനെ ഐറിഷ് സമയം പുലര്‍ച്ചെ 3.34am മുതല്‍ 6.51am കാണാന്‍ കഴിയും. ഐറിഷ് സമയം 4.41am ന് ആരംഭിക്കുന്ന പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനില്‍ക്കും.

ചന്ദ്രന്‍ ഭൂമിയ്ക്ക് അടുത്തുവരികയും കൂടുതല്‍ വലിപ്പത്തിലും പ്രകാശത്തിലും ദ്യശ്യമാവുന്നതിനെയാണ് സൂപ്പര്‍ മൂണ്‍ എന്ന് പറയുന്നത്. ശൈത്യകാലത്ത് ദ്യശ്യമാവുന്ന പൂര്‍ണ ചന്ദ്രനെ വോള്‍ഫ് മൂന്‍ എന്നാണ് അമേരിക്കക്കാര്‍ വിളിക്കുന്നത്. ഈ രണ്ട് പ്രതിഭാസങ്ങളുടെയും സംയോജനമാണ് ഈ വര്‍ഷം നടക്കുക.

പൂര്‍ണ ചന്ദ്രഗ്രഹണത്തിനിടെ സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നു പോവുകയും സൂര്യപ്രകാശം ചന്ദ്രനില്‍ നേരിട്ട് പതിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഈ അവസരത്തില്‍ ഭൂമിയുടെ അരികുകളിലൂടെ കടന്നുപോവുന്ന സൂര്യപ്രകാശം ചന്ദ്രനില്‍ പതിക്കുമ്പോള്‍ ചന്ദ്രന്‍ ചുവന്ന നിറത്തില്‍ ദ്യശ്യമാവുന്നു. ഇങ്ങനെയാണ് സൂപ്പര്‍ ബ്ലഡ് മൂണ്‍ ഉണ്ടാവുന്നത്. ചുവപ്പ് ചന്ദ്രന്‍, ചെമ്ബന്‍ ചന്ദ്രന്‍ എന്നീ പേരുകളിലും സൂപ്പര്‍ ബ്ലഡ് വോള്‍ഫ് മൂണ്‍ അറിയപ്പെടുന്നു.

ഭൂമിയുടെ അന്തരീക്ഷത്തില്‍ കൂടി കടന്നുപോകുന്ന സൂര്യപ്രകാശത്തിന്റെ കുറച്ചുഭാഗം അപവര്‍ത്തനത്തിനും വിസരണത്തിനും വിധേയമായി ഭൂമിയുടെ നിഴല്‍ ഭാഗത്തേയ്ക്ക് വളഞ്ഞ് ചന്ദ്രനില്‍ പതിയ്ക്കുന്നു. ഈ പ്രകാശ രശ്മികള്‍ അവിടെ നിന്നും പ്രതിഫലിച്ച് വീണ്ടും ഭൂമിയില്‍ പതിയ്ക്കുമ്‌ബോള്‍ ചന്ദ്രമുഖം നമുക്ക് ദൃശ്യമാകുന്നു. എന്നാല്‍ ദൃശ്യപ്രകാശത്തിലെ തരംഗദൈര്‍ഘ്യം കുറഞ്ഞ വര്‍ണ്ണങ്ങളായ വയലറ്റ്, നീല, പച്ച നിറങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും വിസരണത്തിന് വിധേയമായി ഭൂമിയില്‍ നിന്ന് ചന്ദ്രനില്‍ പതിക്കാതെ പോകുന്നു. അതു കൊണ്ട് ആ നിറങ്ങള്‍ തിരികെ എത്തുന്നില്ല.

തരംഗ ദൈര്‍ഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് നിറങ്ങള്‍ മാത്രം ചന്ദ്രനില്‍ നിന്നും പ്രതിഫലിച്ച് നമ്മുടെ കണ്ണുകളില്‍ എത്തുമ്‌ബോള്‍ ചുവന്ന നിറത്തിലുള്ള ചന്ദ്രനെ നാം കാണുന്നു. അതായത് പൂര്‍ണ്ണ ചന്ദ്രഗ്രഹണ സമയത്ത് പൂര്‍ണ്ണമായും അദൃശ്യമാകുന്നതിന് പകരം ചന്ദ്രന്‍ മങ്ങിയ ചുവപ്പ് നിറത്തില്‍ ദൃശ്യമാവുകയാണ് ചെയ്യുക. ഏതാണ്ട് സന്ധ്യാകാശത്തിലെ സൂര്യനെ പോലെ. ഭാഗീക ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ പ്രഭമൂലം നമുക്ക് ചന്ദ്രന്റെ ഇരുണ്ട ഭാഗം ഇപ്രകാരം കാണാന്‍ കഴിയില്ല. ഭൗമാന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ സാന്നിദ്ധ്യത്തിനനുസൃതമായി ചുവപ്പ് നിറത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. അതേസമയം ഭൂമിക്ക് അന്തരീക്ഷമില്ലെങ്കില്‍ ചന്ദ്രന്‍ കറുപ്പ് നിറത്തിലായിരിക്കും കാണപ്പെടുക.

കിഴക്കന്‍ ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്ക് ഭാഗികമായി ഗ്രഹണം കാണാം. അമേരിക്ക, ഗ്രീന്‍ലാന്‍ഡ് , ഐസ് ലാന്‍ഡ്, പശ്ചിമ യൂറോപ്പ്, പശ്ചിമ ആഫ്രിക്ക എന്നിവിടങ്ങളിലാണ് ഗ്രഹണം കാണാന്‍ സാധിക്കുക.

Share this news

Leave a Reply

%d bloggers like this: