പൂര്‍ണമായി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളമായി നെടുമ്പാശ്ശേരി

കൊച്ചി: പൂര്‍ണായി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളമെന്ന ഖ്യാതി ഇനി നെടുമ്പാശ്ശേരിക്ക് സ്വന്തം. 12 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കമ്മീഷന്‍ ചെയ്തു. 45 ഏക്കറില്‍ വിസ്തൃതിയില്‍ സ്ഥാപിച്ചിരിക്കുന്ന 46,150 ഓളം സോളാര്‍ പാനലുകളില്‍ നിന്ന് ഒരു ദിവസം നെടുമ്പാശ്ശേരി വിമാനത്തവളത്തിന് വേണ്ട 50,000 യൂണിറ്റ് വൈദ്യുതി മുഴുവന്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.

ഉപഭോഗം കഴിഞ്ഞ് ബാക്കിയുള്ള വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കാനുമാണ് തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചതോടെ പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്തെ മികച്ച സംരംഭ മാതൃകയാണ് സിയാലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആറു മാസം കൊണ്ട് ജര്‍മ്മന്‍ കമ്പനിയായ ബോഷിന്റെ സഹായത്തോടെയാണ് പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിക്കിയത്. 62 കോടി രൂപയാണ് പദ്ധതി ചെലവ് കാര്‍ഗോ ടെര്‍മിനലിന് വേണ്ടിയുള്ള സ്ഥലത്താണ് ഇപ്പോള്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കാര്‍ഗോ ടെര്‍മിനല്‍ പണിയുമ്പോള്‍ പാനലുകള്‍ കെട്ടിടത്തിന് മുകളില്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയും.

25 വര്‍ഷം വരെ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് ബോഷ് നല്‍കുന്ന ഉറപ്പ്. പുതിയ അന്താരാഷട്ര ടെര്‍മിനല്‍ വരുന്നത് കണക്കിലെടുത്ത് 7 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാനാണ് സിയാലിന്റെ തീരുമാനം.

Share this news

Leave a Reply

%d bloggers like this: