പുറത്തിറങ്ങാതെ കിടപ്പുമുറിയില്‍ സ്വയം അടച്ചിരിക്കുന്ന യുവാക്കളുടെ എണ്ണം 10 ലക്ഷം കടന്നു, എന്താണ് ഹിക്കിക്കോമോറി?

 

ടോക്കിയോ: ജപ്പാനില്‍ പുറത്തിറങ്ങാതെ കിടപ്പുമുറിയില്‍ സ്വയം അടച്ചിരിക്കുന്ന യുവാക്കളുടെ എണ്ണം 10 ലക്ഷം കടന്നിരിക്കുന്നു. നഷ്ടപ്പെട്ട തലമുറ അല്ലെങ്കില്‍ അദൃശ്യരായ യുവത്വം എന്നറിയപ്പെടുന്ന ഇവര്‍ ഹിക്കിക്കോമോറി എന്ന മാനസികരോഗത്തിന്റെ പിടിയിലകപ്പെട്ടവരാണ്. ജപ്പാന്‍കാരെ ഏറെ പരിചിതമായ എന്നാല്‍ പേടിപ്പെടുത്തുന്ന ഒരു രോഗമാണ് ഹിക്കിക്കോമോറി. ജപ്പാന്‍ യുവാക്കളില്‍ കണ്ട് വരുന്ന ഒരുമാനസിക പ്രശ്‌നമാണിത്. ആ രോഗത്തിന്റെ പിടിയിലകപ്പെട്ടവരുടെ എണ്ണം പത്ത് ലക്ഷത്തോളമാകുന്നുവെന്നാണ് കണക്കുകള്‍. യുവാക്കളില്‍ കണ്ട് വരുന്ന ഉള്‍വലിയുന്ന സ്വഭാവമാണ് ഹിക്കിക്കോമോറി. സ്വന്തം മുറിയില്‍ നിന്ന് പോലും പുറത്ത് വരാന്‍ ഇക്കൂട്ടര്‍ മടിക്കുന്നു. അച്ഛനമ്മമാരോടോ സുഹൃത്തുക്കളോടോ ഉളള ആശയയവിനിമയം ഇല്ലാതാകുന്നു. മറ്റുളളവരെ കാണാതിരിക്കാന്‍ വേണ്ടി രാത്രിയില്‍ ടിവി കാണുകയും പകല്‍ മുഴുവന്‍ ഇവര്‍ കിടന്ന് ഉറങ്ങുകയും ചെയ്യുന്നു. കൗമാരക്കാലത്ത് തുടങ്ങുന്ന ഈ പ്രശ്‌നം വര്‍ഷങ്ങളോളം ഇവരെ പിന്തുടരുന്നതായി ജപ്പാനിലെ മാനസികരോഗ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍ മദ്യാപനവും ലൈംഗിക കുറ്റകൃത്യങ്ങളും അടക്കമുളളവയിലേക്ക് ഇത് നയിച്ചേക്കാമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

18 വയസുകാരനായ യോട്ടേ ഒനിഷി വീട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഉള്‍വലിഞ്ഞ് സ്വന്തം മുറിക്കുള്ളില്‍ കഴിയാന്‍ തുടങ്ങിയിട്ട് മൂന്നുവര്‍ഷമായി പകന്‍ കിടന്നുറങ്ങുകയും രാത്രി ഓണ്‍ലെനില്‍ ചെലവഴിച്ചും കോമിക് ബുക്കുകള്‍ വായിക്കുകയും ചെയ്യുന്നു. വല്ലപ്പോഴും ഭക്ഷണത്തിനായി ആരും കാണാതെ പുറത്തിറങ്ങുകയും ചെയ്യുന്നു. ഒരിക്കല്‍ നിങ്ങള്‍ക്ക് ഈ അനുഭവമുണ്ടായാല്‍ നിങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം നഷ്ടപ്പെടുമെന്ന് ഒനിഷി ABC യുടെ 7.30 പ്രോഗ്രാമില്‍ പറഞ്ഞു. ‘എനിക്കറിയാം ഇത് നോര്‍മലല്ലെന്ന്, പക്ഷേ ഇത് മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഇതാണ് സുരക്ഷിതമെന്ന് എനിക്ക് തോന്നുന്നു.’ ഒനിഷി കൂട്ടിച്ചേര്‍ക്കുന്നു. സ്‌കൂളില്‍ ടീമീല്‍ ലീഡറായി പരാജയപ്പെട്ട നാണക്കേടും സ്‌കൂളില്‍ നിന്നും വീട്ടില്‍ നിന്നുമുള്ള സമ്മര്‍ദ്ദവുമെല്ലാമാണ് ഒനിഷിയെ ഹിക്കിക്കോമോറിയിലേക്കെത്തിച്ചത്.

ഹൈഡ് എന്ന യുവാവിന് ഉള്‍വലിയല്‍ സ്വഭാവം തുടങ്ങുന്നത് പതിനഞ്ചാം വയസിലാണ്. മാതാപിതാക്കള്‍ ഇയാളുടെ സ്‌കൂള്‍ പഠനം നിര്‍ത്തിയത് മുതല്‍. ക്രമേണ ഹൈഡ് മുറിയില്‍ നിന്ന് പുറത്തിറങ്ങാതെയായി. കുടുംബാംഗങ്ങളോട ് സംസാരിക്കാതെയായി. പിന്നെപ്പിന്നെ എല്ലാവരോടും വെറുപ്പായി.

സാധാരണ ജീവിതം നയിക്കുന്നവരോട് അസൂയ, സമൂഹത്തോടും മാതാപിതാക്കളോടും വെറുപ്പ്്, സ്വന്തം അവസ്ഥയിലുളള ദുഃഖം തുടങ്ങിയവ ഇക്കൂട്ടരുടെ പൊതു സ്വഭാവമാണ്.
അച്ഛനമ്മമാരുടെ ആശയാഭിലാഷങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന കുട്ടികളിലാണ് പ്രശ്‌നങ്ങള്‍ കാണുന്നത്. മിക്കവാറും മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്നുളളവരാണ് ഇതിന്റെ പിടിയിലാകുന്നതെന്നും വിദഗ്ദ്ധര്‍ പറയുന്നു. സ്വന്തം താത്പര്യങ്ങള്‍ ബലികഴിക്കപ്പെടേണ്ടി വരുന്നവരിലാണ് പ്രശ്‌നങ്ങള്‍ തലപൊക്കുന്നത്. ചിലര്‍ അക്രമ സ്വഭാവം പ്രകടിപ്പിക്കുമ്പോള്‍ മറ്റ് ചിലര്‍ ശിശുക്കളെപ്പോലെ പെരുമാറുന്നു. അമ്മയുടെ ശരീരത്തോട് ഒട്ടിനില്‍ക്കാനും മറ്റും ശ്രമിക്കുന്നു. ഇത്തരക്കാര്‍ക്ക് സമൂഹത്തില്‍ ഇടപെടണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് കഴിയാത്തതാണെന്നും അതിന് അവരെ പ്രാപ്തരാക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്നും മാനസിക രോഗ വിദഗ്ദ്ധര്‍ പറയുന്നു.

1990 മുതലാണ് ജപ്പാനില്‍ ഹിക്കിമേറിയെന്ന രോഗാവസ്ഥ കേള്‍ക്കാന്‍ തുടങ്ങിയത്. 2010ലെ കണക്കുകള്‍ പ്രകാരം ജപ്പാനില്‍ ഇത്തരക്കാര്‍ ഏഴ് ലക്ഷമായിരുന്നു. ഇപ്പോള്‍ അത് പത്ത് ലക്ഷം കടന്നിരിക്കുകയാണ്. സര്‍ക്കാര്‍ രോഗത്തെക്കുറിച്ച കൂടുതല്‍ പഠനം നടത്തുന്നതിനും ചെറുപ്പക്കാര്‍ക്കിടയിലെ ഈ അവസ്ഥ ഇല്ലാതാക്കുന്നതിനും ധാരാളം പണം ചെലവഴിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ചികിത്സയും രോഗത്തില്‍ നിന്നുള്ള മോചനവും വളരെ കുറവാണ്. ജീവിതത്തിലെ ഡിജിറ്റല്‍ നേച്ചറും ഈ പ്രശ്‌നത്തിന് കാരണമാകുന്നുണ്ടെന്നാണ് Kyushu Universtiy യിലെ ന്യൂറോസൈക്കാട്രി ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസര്‍ ടക്കാഹിരോ കാട്ടോ പറയുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ ഒരാള്‍ വീടിനകത്ത് അടച്ചിട്ടിരുന്നാല്‍ അയാളെ പുറത്തേക്ക് പോകാന്‍ നിര്‍ബന്ധിക്കും. ജപ്പാനിലെ സ്ഥിതി അതല്ലെന്നും അദ്ദേഹം പറയുന്നു. ഹിക്കിക്കോമേറി ബാധിച്ചവര്‍ മിക്കവരും മാതാപിതാക്കളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ചിലര്‍ക്ക് ഭക്ഷണം വരെ മുറിയുടെ വാതില്‍ക്കലെത്തിച്ചുനല്‍കുന്നുണ്ട്. ഹിക്കിക്കോമോറിയുള്ളവരെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് കാട്ടോ പറയുന്നു. സോഷ്യല്‍, ബയോളജിക്കല്‍, സൈക്കോളജിക്കല്‍ തലങ്ങളെ വിശകലനം ചെയ്ത് മള്‍ട്ടിഡൈമന്‍ഷണല്‍ രോഗനിര്‍ണയമാണ് നടത്തുന്നതെന്നും അദ്ദേഹം സൂചുപ്പിക്കുന്നു. ആദ്യ ഘട്ടത്തില്‍ ഇതിനെ ഒരു കള്‍ച്ചറല്‍ പ്ലോബഌായോ സൈക്കോളജിക്കല്‍ പ്രോബഌായോ മാത്രമാണ് കണ്ടിരുന്നത്. ജപ്പാനിലാണ് ഈ രോഗം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ജപ്പാനിലെ ഒരാളെ കണ്ടാല്‍ അയാളോട് സംസാരിക്കുന്നതിനിടയ്ക്ക് ഹിക്കിക്കോമോറിയുള്ള ഒരാളെ അയാള്‍ക്ക് അറിയാതിരിക്കാന്‍ വഴിയില്ല. എല്ലാവരുെ തന്നെ ഇത്തരം മാനസികാവസ്ഥയുള്ളവരെ കണ്ടും കേട്ടും പരിചയമുള്ളവരാണ്. ഈ രോഗാവസ്ഥയെക്കുറിച്ചുള്ള ബുക്കുകളും സിനിമകളും ഡോക്യുമെന്ററികളും പുറത്തുവരാന്‍ തുടങ്ങിയതോടെ ഹിക്കിക്കോമോറിയെന്ന വാക്ക് ഏതാനും വര്‍ഷങ്ങളായി ഇന്റര്‍നാഷണല്‍ തലങ്ങളിലും സമൂഹങ്ങളിലും പരിചിതമായി തുടങ്ങി.

അതേസമയം ജപ്പാനിലെ സാമൂഹിക സംവിധാനങ്ങളില്‍ നിന്ന് മാറാനുളള ചെറുപ്പക്കാരുടെ ശ്രമമാണ് ഇതെന്നൊരു നിരീക്ഷണവും തങ്ങളിലേക്ക് മാത്രമായി ഒതുങ്ങാനുളള ചെറുപ്പക്കാരുടെ അഭിവാഞ്ജയായും ചിലര്‍ ഇതിനെ കാണുന്നുണ്ട്. അതേസമയം ഗൗരവമായി ഇതിനെ കാണണമെന്നും കുടുംബവും സമൂഹവും ഒത്തൊരുമിച്ച് ശ്രമിച്ച് ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കണമെന്നുമാണ് വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: