പുതുവൈപ്പ് സംഘര്‍ഷഭരിതം; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

പുതുവൈപ്പ് ഐഒസി എല്‍പിജി ടെര്‍മിനല്‍ പദ്ധതി പ്രദേശത്തു വീണ്ടും സംഘര്‍ഷാവസ്ഥ. പ്ലാന്റിലെ തൊഴിലാളികള്‍ ജനങ്ങള്‍ക്കുനേരെ കല്ലെറിഞ്ഞു എന്ന് ആരോപിച്ചാണു സംഘര്‍ഷം രൂപപ്പെട്ടത്. അതേസമയം, പുതുവൈപ്പിലെ പൊലീസ് നടപടിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശ!ം നല്‍കി. കുട്ടികളെ കസ്റ്റഡിയിലെടുക്കാന്‍ പാടില്ലായിരുന്നെന്നും മനുഷ്യാവകാശ കമ്മിഷന്‍ അഭിപ്രായപ്പെട്ടു.

പൊലീസ് തിരികെ പോകണമെന്നും ഐഒസി അധികൃതര്‍ തീരുമാനത്തില്‍നിന്നു പിന്മാറണമെന്നും കല്ലെറിഞ്ഞ തൊഴിലാളികളെ അറസ്റ്റു ചെയ്യണമെന്നുമാണു പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു നീക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. കല്ലേറ് ഉണ്ടായതിനെ തുടര്‍ന്നാണു ലാത്തിവീശിയത് എന്നാണു പൊലീസ് നല്‍കുന്ന വിശദീകരണം. കല്ലെറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, ഐഒസി പ്ലാന്റിനുള്ളില്‍ നിന്നാണ് കല്ലേറു വന്നതെന്നു സമരക്കാര്‍ ആരോപിച്ചു.

അതേസമയം, പുതുവൈപ്പിലെ എല്‍പിജി സംഭരണകേന്ദ്രത്തിെനതിരെ സമരം ചെയ്യുന്ന നാട്ടുകാരെ തല്ലിച്ചതച്ച പൊലീസ് നടപടിക്കെതിരെ എല്‍ഡിഎഫ് ഘടകക്ഷിയായ സിപിഐയും മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനും പ്രതിപക്ഷ നേതാവും രംഗത്തെത്തി. ഡെപ്യൂട്ടി കമ്മിഷണര്‍ യതീഷ് ചന്ദ്രക്കെതിരെ കര്‍ശന നടപടി വേണമെന്നു സിപിഐ ആവശ്യപ്പെട്ടു. മര്‍ദനത്തിനു നേതൃത്വം നല്‍കിയതു യതീഷ് ചന്ദ്രയാണെന്നു സിപിഐ ജില്ലാ സെക്രട്ടറി പി. രാജു ആരോപിച്ചു. മുന്‍പ് അങ്കമാലിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ മര്‍ദിച്ചതും യതീഷ് ചന്ദ്രയാണ്. നടപടി ഗുണ്ടായിസമെന്ന് അന്നു പിണറായി വിജയന്‍ പറഞ്ഞിരുന്നു. പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി തുറന്നുപറയണം. ജനാധിപത്യസമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടതുമുന്നണി നയമല്ലെന്നും രാജു പറഞ്ഞു.

പൊലീസ് നടപടി നിര്‍ത്തിവയ്ക്കണമെന്നു ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദനും ആവശ്യപ്പെട്ടു. കൊച്ചി ഡിസിപിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും വിഎസ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. സംഘര്‍ഷത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സമരത്തെ അനുഭാവപൂര്‍വം പരിഗണിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. പുതുവൈപ്പിലെ പൊലീസ് നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നടപടി അംഗീകരിക്കില്ല. ചര്‍ച്ചകളിലൂടെ പരിഹാരം കാണാനാണു സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ജംക്ഷനില്‍ സമരക്കാരെ തല്ലിച്ചതച്ച കൊച്ചി ഡിസിപി: യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്. ശര്‍മ എംഎല്‍എ മുഖ്യമന്ത്രിക്കു കത്തു നല്‍കി.

പദ്ധതിപ്രദേശത്തേക്കു തള്ളിക്കയറാന്‍ ശ്രമിച്ച സമരക്കാര്‍ക്കു നേരെയാണു പൊലീസ് ലാത്തി വീശിയത്. സ്ത്രീകളുള്‍പ്പെടെ നിരവധിപേര്‍ക്കു പരുക്കേറ്റു. സമരം ചെയ്യുന്ന നാട്ടുകാരെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വൈപ്പിനില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ, പുതുവൈപ്പിലെ എല്‍പിജി സംഭരണകേന്ദ്രത്തിെനതിരായ നാട്ടുകാരുടെ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. നാട്ടുകാരുമായി ചര്‍ച്ച നടത്താനും ഈ മാസം 21ന് യോഗം വിളിക്കാനും തീരുമാനിച്ചു. ഐഒസി പ്ലാന്റിലെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നു പ്ലാന്റ് അധികൃതര്‍ കലക്ടര്‍ക്ക് ഉറപ്പുനല്‍കി.

രണ്ടു ദിവസം മുന്‍പു സമരക്കാര്‍ ഹൈക്കോടതി ജംക്ഷനിലേക്കു നടത്തിയ പ്രതിഷേധ പ്രകടനവും പൊലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. മുന്നൂറോളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. എല്ലാ അനുമതിയോടെയുമാണു ടെര്‍മിനല്‍ നിര്‍മാണം ആരംഭിച്ചതെന്നും സമരംമൂലം നിര്‍മാണം നടക്കാത്തതിനാല്‍ പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നും ഐഒസി പറയുന്നു. എന്നാല്‍, ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്തിമ ഉത്തരവു വരുന്നതുവരെ ടെര്‍മിനല്‍ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാണു സമരസമിതിയുടെ ആവശ്യം. സമരക്കാരെ പൊലീസ് നേരിടുന്ന രീതിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: