പുതുവൈപ്പ് എല്‍പിജി പ്‌ളാന്റ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കും; പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

പുതുവൈപ്പ് എല്‍പിജി പ്‌ളാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പാരിസ്ഥിതികാനുമതി, തീരദേശ പരിപാലന നിയമം എന്നിവയില്‍ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് എല്ലാവരും അംഗീകരിക്കും. അതേസമയം പുതുവൈപ്പ് പദ്ധതി ഉപേക്ഷിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സമര സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. എറണാകുളം ജില്ലയിലെ ജനപ്രതിനിധികളും സമരസമിതി നേതാക്കളുമാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്.

ജനങ്ങളുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി വാദിച്ചത് പദ്ധതി നിര്‍മാണത്തിലെ സുരക്ഷാ ക്രമീകരണങ്ങളുടെ പിന്‍ബലത്തിലായിരുന്നു. പ്ലാന്റിന്റെ നിര്‍മാണത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ വിശദീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. അതേ സമയം തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ സമരം നിര്‍ത്തണോ വേണ്ടയോ എന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും സമര സമിതി നേതാക്കള്‍ പറഞ്ഞു. പുതുവൈപ്പില്‍ ഐഒസിയുടെ എല്‍പിജിസംഭരണകേന്ദ്രത്തിനെതിരെയായി കഴിഞ്ഞ കുറേ നാളുകളായി നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്. സമരക്കാരെ തല്ലിച്ചതച്ച ഡിസിപി യതീഷ് ചന്ദ്രയെ മാറ്റുന്നതടക്കമുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: