പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ അടുത്ത 10 വര്‍ഷത്തേക്ക് ഇന്ത്യന്‍ കമ്പനികള്‍ക്ക് വേണ്ടത് 50 ബില്യണ്‍ ഡോളര്‍

മുംബൈ: വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കിയ ഇന്ത്യന്‍ കമ്പനികള്‍ അടുത്ത 10 വര്‍ഷത്തില്‍ 50 ബില്യണ്‍ ഡോളര്‍ ഇവ വാങ്ങുന്നതിന് ചെലവഴിക്കേണ്ടി വരുമെന്ന് സിഡ്നി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏവിയേഷന്‍ കണ്‍സള്‍ട്ടിംഗ് സംരംഭമായ സെന്റര്‍ ഫോര്‍ ഏഷ്യ പസഫിക് ഏവിയേഷന്റെ (സിഎപിഎ) റിപ്പോര്‍ട്ട്. ആകെ 1,055 വിമാനങ്ങളുടെ ഓര്‍ഡറുകളാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നല്‍കിയിരിക്കുന്നത്. ഓരോ വര്‍ഷവും 100 വീതം വിമാനങ്ങളാണ് നിര്‍മാണ കമ്പനികള്‍ കൈമാറുക.

ഈ പശ്ചാത്തലത്തില്‍ 2027 വരെയുള്ള വിമാനം വാങ്ങലുകള്‍ക്കായി 50 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ആവശ്യമാണെന്ന് സിഎപിഎ വ്യക്തമാക്കി. 2014 മുതല്‍ ഇന്ത്യന്‍ വ്യോമയാന രംഗത്തുണ്ടായ അപ്രതീക്ഷിത തിരിച്ചുവരവ് വിപണിയുടെ ചലനാത്മകതയിലും വിമാനങ്ങളുടെ ആവശ്യകതയിലും മാറ്റങ്ങളുണ്ടാക്കിയെന്ന് സിഎപിഎ പറഞ്ഞു. വിപണിയിലെ അനുകൂലമായ സാഹചര്യം അഭൂതപൂര്‍വമായ തോതിലുള്ള വിപുലീകരണത്തിലേക്ക് ഇന്ത്യന്‍ വിമാന കമ്പനികളെ നയിച്ചുവെന്നും 2014 മുതല്‍ 723 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. കൂടുതല്‍ ഓര്‍ഡറുകള്‍ പ്രതീക്ഷിക്കുന്നതായും സിഎപിഎ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 20 ശതമാനം വളര്‍ച്ച കൈവരിച്ചെന്നും നടപ്പു സാമ്പത്തിക വര്‍ഷത്തിലും സമാനമായ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. സമീപ വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര വ്യോമഗതാഗതവും എട്ട് മുതല്‍ 10 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. പുതുതലമുറ ആസ്തികളില്‍ മൂലധനം വിന്യസിക്കാന്‍ ശ്രമിക്കുന്ന എയര്‍ക്രാഫ്റ്റ് നിക്ഷേപകര്‍ക്ക് വലിയ അവസരമാണ് നിലവിലെ വിപുലീകരണ പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

എന്നിരുന്നാലും, ആവശ്യകതയുമായി ബന്ധപ്പെട്ട നേട്ടങ്ങളുണ്ടെങ്കിലും ഇന്ത്യന്‍ വിപണിയിലെ ഓപ്പറേറ്റര്‍മാര്‍ നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും സിഎപിഎ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ധന വില വര്‍ധന, അടിസ്ഥാനസൗകര്യങ്ങളുടെയും മികച്ച ജീവനക്കാരുടെയും അഭാവം എന്നിവ മേഖലയെ സംബന്ധിച്ച് വളര്‍ച്ചാ തടസങ്ങള്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: