പുതിയ വിന്റര്‍ പ്ലാനുകള്‍ അവതരിപ്പിച്ച് ഐറിഷ് ആരോഗ്യ വകുപ്പ്; പദ്ധതികള്‍ അപര്യാപ്തമെന്ന് ജീവനക്കാര്‍

ഡബ്ലിന്‍: ശൈത്യകാലം പിടിമുറുക്കിയതോടെ അയര്‍ലന്റിലെ ആശുപത്രികളില്‍ തിരക്ക് ഇനിയും വര്‍ധിക്കുമെന്നു ആരോഗ്യ വിദഗ്ദര്‍. രാജ്യത്തെ ആശുപത്രികള്‍ നേരിടുന്ന തിക്കും തിരക്കും നിയന്ത്രിച്ചില്ലെങ്കില്‍ ഈ മാസം പരിധി വിടുമെന്നാണ് ഹെല്‍ത്ത് സര്‍വീസ് നല്‍കുന്ന സൂചന. ആയിരക്കണക്കിന് രോഗികള്‍ ഈ ശൈത്യകാലത്ത് ട്രോളികളില്‍ ചികിത്സ തേടേണ്ടി വരുമെന്നാണ് ആരോഗ്യ സുരക്ഷാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.  എന്നാല്‍ അതിനാവശ്യമായ സ്റ്റാഫുകളുടെ റിക്രൂട്ട്മെന്റുകളും, കിടക്കകളുടെയും അഭാവം ദുരിതപൂര്‍വമായ അവസ്ഥയിലേക്കായിരിക്കും ഈ വിന്റര്‍ സീസണില്‍ നയിക്കുക. വരും ദിവസങ്ങളില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ രോഗികള്‍ നിറഞ്ഞ് കവിയുന്നതോടെ നേഴ്സുമാരുടെയും മിഡൈ്വഫുമാരുടെയും ജോലി ഇരട്ടിയാകാനാണ് സാധ്യത. തണുപ്പുകാല രോഗങ്ങള്‍ വര്‍ധിക്കുന്നതോടെ സ്ഥലപരിമിതികളും, ബെഡ്ഡുകളും നല്‍കാന്‍ മുന്‍കൈയെടുത്ത് ഗവണ്മെന്റിന്റെ വിന്റര്‍ പ്ലാന്‍ പുറത്തുവന്നിട്ടുണ്ട്.

ഈ വിന്റര്‍ പ്ലാനില്‍ 30 മില്യണ്‍ യൂറോയാണ് വകയിരുത്തിയിരിക്കുന്നത്. അടിയന്തിരമായി അധിക കിടക്കകള്‍, ഹോം കെയര്‍ പാക്കേജുകള്‍, വേഗത്തിലുള്ള ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍ക്കുള്ള സംവിധാനം, കമ്യൂണിറ്റി സെന്ററുകള്‍ തുടങ്ങിയവ ആരംഭിക്കാനും പദ്ധതി തയ്യാറാക്കി. അതേസമയം ക്രിസ്മസ് സീസണില്‍ അവധിയെടുക്കുന്നത്തിന് നഴ്സുമാര്‍ക്കും മറ്റ് ആശുപത്രി സ്റ്റാഫുകള്‍ക്കും വിലക്ക് ഉണ്ടാകില്ലെന്ന് എസ് അറിയിച്ചു. നേരത്തെ ക്രിസ്മസ്, ന്യൂഇയര്‍ സീസണില്‍ ആശുപത്രി ജീവനക്കാര്‍ അവധിയില്‍ പ്രവേശിക്കരുതെന്ന പ്രധാനമന്ത്രി ലിയോ വരേദ്കറിന്റെ നിര്‍ദ്ദേശം വന്‍ പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു. ഡോക്ടര്‍മാര്‍ മുതല്‍ താത്കാലിക ജീവനക്കാര്‍ വരെ സീസണില്‍ അവധി എടുക്കരുതെന്നാണ് മന്ത്രി പ്രസ്താവന ഇറക്കിയത്. ആശുപത്രിയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാതെ ജീവനക്കാരെ ചൂഷണം ചെയ്യുന്ന മന്ത്രിയുടെ നടപടി ജീവനക്കാര്‍ ചോദ്യം ചെയ്തിരുന്നു.

തിരക്കുള്ള ആശുപത്രികളിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ രോഗികളെ ദീര്‍ഘനേരം ട്രോളികളില്‍ കിടത്താതെ തിരക്ക് കുറഞ്ഞ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓരോ ആശുപത്രികളിലും എത്ര രോഗികള്‍ ട്രോളികളില്‍ തുടരുന്നു, വെയിറ്റിങ് സമയം, ആംബുലന്‍സ്, കിടക്കകളുടെ ലഭ്യത തുടങ്ങിയ പ്രദര്‍ശിപ്പിക്കുന്ന ഇലക്ട്രോണിക് ഡാഷ്ബോര്‍ഡുകള്‍ സ്ഥാപിക്കും. ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍ കഴിവതും സൗജന്യമായി നല്‍കാന്‍ ശ്രമിക്കുമെന്നും വിന്റര്‍ പ്ലാനില്‍ പറയുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ പലതും നീട്ടിവയ്ക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ഗവണ്മെന്റിന്റെ വിന്റര്‍ പ്ലാന്‍ അപര്യാപതമാണെന്നും അവസാന നിമിഷത്തിലാണെന്നും ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ A&E കണ്‍സള്‍ട്ടന്റ് Dr. പെഡര്‍ ഗില്ലിഗന്‍ ആരോപിച്ചു. പതിവുപോലെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെയും അതിന്റെ കാരണങ്ങളെയും മറന്നാണ് ഈ വിന്റര്‍ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. വളരെ നേരത്തെ നടപ്പാക്കേണ്ടിയിരുന്ന പദ്ധതികള്‍ അവസാന നിമിഷത്തില്‍ കൊണ്ടുവരാനാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്. ശൈത്യസീസണ്‍ മുന്നില്‍കണ്ട് പ്രധാനമന്ത്രി എന്തുകൊണ്ട് ആരോഗ്യ മന്ത്രിക്ക് മുന്‍കരുതലുകളെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയില്ല എന്ന് വരേദ്കറിനെതിരെ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. രാജ്യത്ത് കണ്‍സല്‍ട്ടന്റ് ഡോക്ടര്‍മാരുടെ എണ്ണത്തിലും വന്‍ കുറവാണ് നേരിടുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ കണക്കുമായി താരതമ്യം ചെയ്താല്‍ ഐറിഷ് ആശുപത്രികളില്‍ ട്രോളിയിലുള്ള രോഗികളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നാണ് കണക്ക്. കഴിഞ്ഞ വിന്റര്‍ സീസണില്‍ ആശുപത്രി വാര്‍ഡുകളില്‍ രോഗികള്‍ തിങ്ങിനിറഞ്ഞതിനാല്‍ ഇടനാഴികളില്‍ ട്രോളികളിലും മറ്റുമായാണ് പലര്‍ക്കും ചികിത്സ നല്‍കിയത്. വാര്‍ഡുകള്‍ നിറഞ്ഞതിനാല്‍ രോഗികള്‍ക്ക് താല്‍ക്കാലികമായി തയ്യാറാക്കിയ വാര്‍ഡുകളിലാണ് പ്രവേശനം നല്‍കിയത്, ബെഡുകള്‍ ലഭ്യമല്ലാത്തതിനാല്‍ രോഗികള്‍ക്ക് ട്രോളികളില്‍ കാത്തിരിക്കേണ്ടി വന്നത് ദിവസങ്ങളോളമാണ്, നൂറുകണക്കിന് രോഗികള്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് മുന്നില്‍ ആംബുലന്‍സുകളില്‍ കാത്തിരിക്കേണ്ടതായി വന്നു, ഒട്ടു സുരക്ഷിതമല്ലാത്ത ഈ രീതി മൂലം ചില രോഗികള്‍ മരിച്ച സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്.

 

 

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: