പുതിയ ബ്രിട്ടീഷ് മന്ത്രിസഭയില്‍ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ സ്ഥാനമേറ്റു

ലണ്ടണ്‍ : ബോറിസ് മന്ത്രിസഭയില്‍ ആഭ്യന്തര സെക്രട്ടറി പദവി ആദ്യമായി ഒരു ഇന്ത്യന്‍ വംശജയ്ക്ക്. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന പ്രീതി പട്ടേലാണ് ഈ പദവിയിലേക്കുയര്‍ന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ പുറത്തുപോകുന്നതിനെ അനുകൂലിച്ച് 2016 ജൂണില്‍ നടന്ന റഫറണ്ടത്തിന് മുന്നോടിയായി അതിനുവേണ്ടി ദീര്‍ഘകാലം പ്രചാരണം നടത്തിയ പ്രീതിയെ തെരേസ മെയ് സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള ‘ബാക്ക് ബോറിസ്’ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാന അംഗമായിരുന്നു അവര്‍.

സ്വകാര്യ സന്ദര്‍ശനത്തിനിടെ ഇസ്രായേല്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍ തെരേസ മേയ് മന്ത്രിസഭയില്‍ നിന്ന് രാജിവയ്‌ക്കേണ്ടിവന്ന പ്രീതിയുടെ ശക്തമായ തിരിച്ചുവരവാണിത്. ആധുനിക ബ്രിട്ടനെയും ആധുനിക കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെയുമാണ് മന്ത്രിസഭ പ്രതിനിധീകരിക്കേണ്ടത്’ എന്നാണ് പുതിയ നിയമനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അവര്‍ പറഞ്ഞത്. ബോറിസ് ജോണ്‍സണ്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കുകയും പ്രധാനമന്ത്രിയാവുകയും ചെയ്തതോടെ ബ്രിട്ടനില്‍ വിശ്വസിക്കുന്ന ഒരു നേതാവിനെയാണ് യു.കെയ്ക്ക് കിട്ടിയിരിക്കുന്നത്.

ഇന്ത്യ പോലുള്ള ലോകമെമ്പാടുമുള്ള സുഹൃദ് രാജ്യങ്ങളുമായും സഖ്യകക്ഷികളുമായും ബന്ധം പുനസ്ഥാപിച്ചുകൊണ്ട് ഒരു സ്വയംഭരണ രാഷ്ട്രമായി മുന്നോട്ട് പോകാനും വളരാനും ആവശ്യമായ ഒരു റോഡ് മാപ്പ് തയ്യാറാക്കി രാജ്യത്തിന്റെ ഭാവിക്കായി പ്രവര്‍ത്തിക്കും’- ജോണ്‍സണ്‍ തകര്‍പ്പന്‍ ജയം നേടിയതിന് ശേഷം പ്രീതി പിടിഐയോട് പറഞ്ഞു. 47 കാരിയായ പ്രീതി 2010-ല്‍ എസെക്സിലെ വിഥാമില്‍നിന്നും കണ്‍സര്‍വേറ്റീവ് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ ഡേവിഡ് കാമറൂണ്‍ ടോറി സര്‍ക്കാരില്‍ ഇന്ത്യന്‍ വംശജയെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

2014-ല്‍ ട്രഷറി മന്ത്രിയും, 2015-ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം തൊഴില്‍ മന്ത്രിയുമായി. 2016-ല്‍ അന്താരാഷ്ട്ര വികസന വകുപ്പിലെ സ്റ്റേറ്റ് സെക്രട്ടറിയായി മേയ് സ്ഥാനക്കയറ്റം നല്‍കി. എന്നാല്‍, വിവാദ കൂടിക്കാഴ്ചയുടെ പേരില്‍ ബ്രിട്ടീഷ് മാധ്യമങ്ങളുടെ കളിയാക്കലിന് ഇരയായി 2017-ല്‍ രാജിവെക്കേണ്ടിവന്നു. ഗുജറാത്തില്‍ വേരുകളുള്ള ഉഗാണ്ടക്കാരാണ് പ്രീതിയുടെ മാതാപിതാക്കള്‍. യു.കെയിലെ ഇന്ത്യന്‍ പ്രവാസി വേദികളില്‍ സ്ഥിരം സാന്നിധ്യമായ അവര്‍ യു.കെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറ്റവും നന്നായി പിന്തുണയ്ക്കുന്ന ആളുമാണ്.

Share this news

Leave a Reply

%d bloggers like this: