പുതിയ നൂറോളം അന്യഗ്രഹങ്ങളെ കണ്ടെത്തി നാസ

അന്യഗ്രഹങ്ങള്‍ കണ്ടെത്തുന്നതിനായി നാസ വിക്ഷേപിച്ച കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശിനി കണ്ടെത്തിയ ബഹിരാകാശ വസ്തുക്കളില്‍ നിന്നും പുതിയ അന്യഗ്രഹങ്ങളെ തിരിച്ചറിഞ്ഞു. 95 പുതിയ ഗ്രഹങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്.

കൂടുതല്‍ ഗ്രഹങ്ങള്‍ കണ്ടെത്തുന്നതിനായി കെപ്ലര്‍ ദൂരദര്‍ശിനി ഇപ്പോള്‍ രണ്ടാം ഘട്ട (K2 Mission) ഉദ്യമത്തിലാണ്. ആദ്യശ്രമത്തില്‍ ആയിരക്കണക്കിന് ബഹിരാകാശ വസ്തുക്കളെയാണ് കെപ്ലര്‍ കണ്ടെത്തിയത്. രണ്ടാം ഘട്ടത്തില്‍ ഗ്രഹങ്ങളെന്നു കരുതുന്ന 300 ഓളം വസ്തുക്കളില്‍ നിന്നുള്ള വിവരങ്ങളാണ് കെപ്ലര്‍ ഭൂമിയിലേക്കയച്ചത്.

ഇതില്‍ നിന്നും 275 കാന്‍ഡിഡേറ്റ് സിഗ്‌നലുകളാണ് ഗവേഷകര്‍ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയത്. ഇതില്‍ 149 എണ്ണം യഥാര്‍ത്ഥ ബാഹ്യഗ്രഹങ്ങളാണെന്ന് സ്ഥിരീകരിച്ചു. ഇക്കൂട്ടത്തില്‍ 95 എണ്ണം പുതിയതായി കണ്ടെത്തപ്പെട്ടവയാണെന്ന് ഡെന്‍മാര്‍ക്ക് ടെക്നിക്കല്‍ സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥി ആന്‍ഡ്ര്യൂ മായോ പറഞ്ഞു.

2014 ല്‍ ആദ്യ കെ ടു (K2) ഡാറ്റ പുറത്തുവിട്ടതു മുതല്‍ ഈ ഗവേഷണം നടക്കുന്നുണ്ടെന്നും ഗവേഷണ പ്രബന്ധത്തിന്റെ പ്രധാന ലേഖകനായ മായോ പറഞ്ഞു. ഭൂമിയേക്കാള്‍ വലുതും ഏകദേശം വ്യാഴത്തോളം വലിപ്പമുള്ളതുമാണ് പുതിയതായി കണ്ടെത്തിയ ഗ്രഹങ്ങള്‍. ഇതില്‍ ഒരു ഗ്രഹം ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും തിളക്കമേറിയ നക്ഷത്രത്തെ വലം വെക്കുന്നതാണെന്നും ഗവേഷകര്‍ കണ്ടെത്തി. തിളക്കമേറിയ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെ കുറിച്ചുള്ള പഠനം കൂടുതല്‍ എളുപ്പമായതിനാല്‍ ഗവേഷകര്‍ ഈ ഗ്രഹത്തിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്.

ഭൂമിയില്‍ നിന്നും നൂറുകണക്കിന് പ്രകാശവര്‍ഷം അകലെയുള്ള ഗ്രഹങ്ങളായതിനാല്‍ അവിടെ ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ പ്രയാസമാണ്. ദൂരദര്‍ശിനി സാങ്കേതികവിദ്യ മുന്നേറുന്നതോടെ ഈ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നേക്കാം. നിലവില്‍ ഇങ്ങനെ ചില ഗ്രഹങ്ങളും പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന് അറിയാം എന്നുമാത്രം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: