പുതിയ ഇറക്കുമതി നികുതി; ചൈനയ്‌ക്കെതിരെ വ്യാപാരയുദ്ധം ശക്തമാക്കി അമേരിക്ക

 

അടുത്തയാഴ്ച മുതല്‍ അമേരിക്കയിലേക്കെത്തിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് 200 ബില്യണ്‍ ഡോളറിന്റെ അധികനികുതി ചൈന നല്‍കേണ്ടി വരും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-നയതന്ത്ര ബന്ധങ്ങളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപാണ് പ്രഖ്യാപിച്ചത്. സമാനമായ തീരുവ വര്‍ധനകള്‍ യൂറോപ്യന്‍ യൂണിയന്‍ അടക്കമുള്ള ലോകരാജ്യങ്ങള്‍ക്കു മേല്‍ അമേരിക്ക ഈയിടെ അടിച്ചേല്‍പ്പിച്ചിരുന്നു.

തങ്ങളുടെ കര്‍ഷകര്‍ക്കു നേരെ പകപോക്കല്‍ നടപടികള്‍ ചൈന തുടരുകയാണെന്ന് തീരുവ വര്‍ധന പ്രഖ്യാപിച്ചു കൊണ്ട് ട്രംപ് പറഞ്ഞു. അന്യായമായ നയങ്ങളും പരിപാടികളുമാണ് ചൈനയ്ക്കുള്ളത്. ഇത് ഇനിയും തുടരുകയാണെങ്കില്‍ തീരുവവര്‍ധനയുടെ മൂന്നാംഘട്ടത്തിലേക്ക് തങ്ങള്‍ കടക്കും. ഇതില്‍ ഇറക്കുമതികള്‍ക്ക് 267 ബില്യണ്‍ തീരുവ ചൈന അടയ്‌ക്കേണ്ടി വരും. ഇപ്പോഴത്തെ തീരുവവര്‍ധന ചൈനയെ വലിയ തോതില്‍ ബാധിക്കുമെന്നാണ് അറിയുന്നത്. ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍ തുടങ്ങി കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങളെയാണ് ഈ വര്‍ധന ബാധിക്കുക. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് വില വന്‍തോതില്‍ കൂടാന്‍ ഇത് കാരണമാകും.

അമേരിക്കന്‍ നല്‍കുന്ന അതേ സൗമനസ്യങ്ങള്‍ ചൈനയില്‍ അമേരിക്കന്‍ ബിസിനസ്സുകാര്‍ക്കും കിട്ടണമെന്ന് ട്രംപ് പറഞ്ഞു. ശരിയായ രീതിയില്‍ പെരുമാറാന്‍ ചൈനയ്ക്ക് തങ്ങള്‍ എല്ലാ അവസരവും കൊടുത്തിരുന്നതാണ്. എന്നാല്‍ ചൈന മാറ്റങ്ങള്‍ക്കൊന്നിനും തയ്യാറല്ലെന്നും അദ്ദേഹം ആരോപിച്ചു. ”ന്യായമായ കച്ചവടബന്ധങ്ങള്‍ക്ക് രാജ്യങ്ങള്‍ തയ്യാറല്ലെങ്കില്‍ അവര്‍ക്ക് നികുതി വര്‍ധന നേരിടേണ്ടി വരും!” -അദ്ദേഹം പറഞ്ഞു.

അതെസമയം അമേരിക്കയിലെ തീരുവവര്‍ധന ചര്‍ച്ച ചെയ്യാന്‍ ചൈനീസ് വൈസ് പ്രീമിയര്‍ ലിയു ഹി ബിജിങ്ങില്‍ ഒരു യോഗം വിളിച്ചു ചേര്‍ത്തു. ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ചൈനീസ് ബിസിനസ്സ് രംഗം.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: