പുതിന്‍ ഇന്ന് ഇന്ത്യയിലെത്തും : 40,000 കോടി രൂപയുടെ പ്രതിരോധക്കരാറിന് സാധ്യത

ന്യൂഡല്‍ഹി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍ വ്യാഴാഴ്ച ഡല്‍ഹിയിലെത്തും. 40,000 കോടി രൂപയുടെ എസ്-400 ഭൂതല-വ്യോമ മിസൈല്‍ സംവിധാനത്തിനുള്ള കരാറില്‍ ഇരുരാജ്യവും ഒപ്പുവച്ചേക്കും. വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പുതിനും തമ്മില്‍ കാണുന്നത്.

പത്തൊമ്പതാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പുതിന്‍ എത്തുന്നത്. ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രധാന അജന്‍ഡ പ്രതിരോധരംഗത്തെ കരാറുകളാണ്. ഇക്കാര്യം റഷ്യന്‍ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷകോവും വ്യക്തമാക്കിയിരുന്നു. എസ്-400 മിസൈലുകള്‍ക്കുള്ള കരാറില്‍ രണ്ടുരാജ്യങ്ങളും ധാരണയിലെത്തുമെന്ന് റഷ്യന്‍ സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇന്ത്യ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ചര്‍ച്ചനടക്കുന്നുവെന്ന് മാത്രമാണ് വിദേശകാര്യമന്ത്രാലയം സൂചിപ്പിച്ചത്.

വെള്ളിയാഴ്ച ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലാണ് മോദിയും പുതിനും കാണുക. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും നിര്‍ണായകമായ കരാറുകളില്‍ ഒപ്പുവയ്ക്കുക. പ്രതിരോധരംഗത്ത് ഇന്ത്യയും റഷ്യയും തമ്മില്‍ ധാരണയിലെത്തുന്നത് അമേരിക്കയ്ക്ക് താത്പര്യമില്ല. ഇക്കാര്യത്തില്‍ അമേരിക്ക എന്തു നിലപാട് സ്വീകരിക്കുമെന്ന് നയതന്ത്രകേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്.

പ്രതിരോധക്കരാറുകള്‍ക്ക് പുറമേ, അന്താരാഷ്ട്ര വടക്ക്-തെക്ക് ഗതാഗത ഇടനാഴിയുടെ നിര്‍മാണത്തെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ചചെയ്യും. ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിലും ഇരുനേതാക്കളും പങ്കെടുക്കും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: