പീഡനക്കേസ് ഇരകള്‍ മരിച്ചാല്‍പ്പോലും പേരു വെളിപ്പെടുത്തരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ലൈംഗികപീഡനക്കേസുകളില്‍ ഇരകളുടെ പേരുവിവരം ഒരുതരത്തിലും വെളിപ്പെടുത്തരുതെന്ന് സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശം. ഇരകള്‍ മരിച്ചാല്‍പ്പോലും പേര് വെളിപ്പെടുത്തരുത്. ഇത്തരം കേസുകളിലെ എഫ്.ഐ.ആര്‍. പോലീസ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തരുത്. ഇര ആരെന്നു വെളിവാകുന്ന വിദൂര സൂചനകള്‍ പോലും മാധ്യമങ്ങളിലോ സാമൂഹിക മാധ്യമങ്ങളിലോ നല്‍കരുതെന്നും ജസ്റ്റിസ് മദന്‍ ബി. ലോകുര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ബലാത്സംഗം, ലൈംഗികപീഡനം, കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തുടങ്ങിയ കേസുകളില്‍ ഇരകളുടെ പേരുവിവരം മറച്ചിട്ടുപോലും എഫ്.ഐ.ആര്‍. വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തരുത്. ഇരകള്‍ മരിക്കുകയോ അവര്‍ക്ക് ബുദ്ധിസ്ഥിരത ഇല്ലാതാവുകയോ ചെയ്താല്‍പ്പോലും പേരു വെളിപ്പെടുത്തരുത്. മാധ്യമസ്വാതന്ത്ര്യത്തിനും ഇരകളുടെ അവകാശങ്ങള്‍ക്കുമിടയ്ക്ക് അതിര്‍വരമ്പ് നിര്‍ണയിക്കണം.

ബലാത്സംഗക്കേസിലെ ഇരകളെ തൊട്ടുകൂടാത്തവരായി കാണുന്ന സാഹചര്യം ദൗര്‍ഭാഗ്യകരമാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ബലാത്സംഗക്കേസുകളില്‍ ഇരയാവുന്നവരെ ക്രോസ് വിസ്താരത്തിനിടെ മോശമായി ചിത്രീകരിക്കുന്നത് ജഡ്ജിമാര്‍ കണ്ടുനില്‍ക്കുന്ന പ്രവണതയുണ്ട്. പ്രതിഷേധങ്ങള്‍ക്കു പ്രതീകമാക്കാന്‍ ഇരകളുടെ പേര് ഉപയോഗിക്കുന്നത് അവരുടെ താത്പര്യം സംരക്ഷിക്കില്ലെന്നും കോടതി പറഞ്ഞു.

കോടതിയുടെ പരിഗണനയിലിരിക്കുന്ന പല ലൈംഗിക പീഡനകേസുകളിലും മാധ്യമവിചാരണ നടക്കുകയാണെന്ന് അമിക്കസ്‌ക്യൂറി ഇന്ദിര ജെയ്സിങ് ചൂണ്ടിക്കാട്ടി. ജമ്മുകശ്മീരിലെ കഠുവയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍പ്പോലും സാക്ഷികളുമായി സംസാരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുനല്‍കുന്നു. കുറ്റപത്രം കോടതിയില്‍ എത്തുന്നതിന് മുമ്പുതന്നെ ചില പ്രതികള്‍ നിഷ്‌കളങ്കരാണെന്ന് മാധ്യമങ്ങള്‍ പ്രഖ്യാപിക്കുന്നു -ഇന്ദിര ജെയ്സിങ് പറഞ്ഞു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: