പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്തു തുടങ്ങി

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പൊലീസ് ചോദ്യം ചെയ്തു തുടങ്ങി. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. ഹൈടെക് ചോദ്യം ചെയ്യല്‍ മുറിയില്‍ വച്ചാണ് ബിഷപ്പിനോട് ചോദ്യങ്ങള്‍ ചോദിക്കുക. ചോദ്യം ചെയ്യലിനായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ രാവിലെത്തന്നെ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായിരുന്നു.

ചോദ്യം ചെയ്യലിനായി 500 ചോദ്യങ്ങളാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് ക്യാമറകളിലായി ചോദ്യം ചെയ്യല്‍ റെക്കോര്‍ഡ് ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥര്‍ ഒറ്റയ്ക്കും കൂട്ടമായും ചോദ്യങ്ങള്‍ ചോദിക്കും. ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന സമയത്തെ ബിഷപ്പിന്റെ ശരീരഭാഷ വ്യക്തമായി മനസ്സിലാക്കുന്നതിനാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യുന്നത്.

മുന്‍പത്തെ ചോദ്യം ചെയ്യലില്‍ ലഭിച്ച മറുപടികള്‍ ഇന്നത്തെ മറുപടികളുമായി ഒത്തുനോക്കിയതിനുശേഷമാകും ഇക്കാര്യത്തില്‍ നടപടിയുണ്ടാകുക. വൈക്കം ഡിവൈഎസ്പിയാണ് ബിഷപ്പിനെ ആദ്യം ചോദ്യം ചെയ്യുക. ഇതുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി കെ സുഭാഷ് ഐജി വിജയ് സാഖറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ചോദ്യം ചെയ്യല്‍ നടക്കുന്ന മുറിക്ക് പുറത്തായി വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനിടയില്‍ ബിഷപ്പിന് മാനസികമായോ ശാരീരികമായോ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടാകുകയാണെങ്കില്‍ ഉടന്‍ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി മെഡിക്കല്‍ സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. ഏതെങ്കിലുംവിധത്തിലുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ഇടപെടാനായി തൃപ്പൂണിത്തുറ തഹസില്‍ദാരും സ്ഥലത്തെത്തിയിട്ടുണ്ട്. എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിക്കൊണ്ടാണ് ചോദ്യംചെയ്യല്‍ നടപടികള്‍ പുരോഗമിക്കുന്നത്.

ചോദ്യം ചെയ്യല്‍ ഇന്ന് ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാകില്ല. മൂന്ന് ദിവസം കൊണ്ടായിരിക്കും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കുകയെന്നാണ് വിവരം ലഭിക്കുന്നത്. ഇന്ന് തൃപ്പൂണിത്തുറയിലാണെങ്കില്‍ നാളെ മറ്റൊരു സ്ഥലത്ത് വച്ചാകും ബിഷപ്പിനെ ചോദ്യം ചെയ്യുക. ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുമ്പോള്‍ സിറ്റി വിട്ട് പോകരുതെന്ന നിബന്ധനയാകും പൊലീസ് ബിഷപ്പിന് മുന്നില്‍ വക്കുക. ചോദ്യം ചെയ്യല്‍ എപ്പോഴാണ് അവസാനിക്കുക എന്നത് സംബന്ധിച്ച് പൊലീസ് യാതൊരു സൂചനയും നല്‍കിയിട്ടില്ല. 500 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയില്‍ ബിഷപ്പിന്റെ മറുപടിയിനുസരിച്ച് ഉപചോദ്യങ്ങളുണ്ടായേക്കാം. ഇത് ചോദ്യം ചെയ്യലിന്റെ സമയദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചേക്കാം.

നേരത്തെ ജലന്ധറില്‍ വച്ച് ബിഷപ്പിനെ ചോദ്യം ചെയ്തപ്പോള്‍ ഉത്തരങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്ന്് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. അതിനാല്‍ത്തന്നെ പഴുതടച്ചു കൊണ്ടുള്ള ചോദ്യം ചെയ്യലായിരിക്കും ഇന്ന് നടക്കുക. വളരെ രഹസ്യസ്വഭാവം സൂക്ഷിച്ചുകൊണ്ടുള്ള ചോദ്യം ചെയ്യല്‍ നടപടികളാണ് പുരോഗമിക്കുന്നത്.

അതേസമയം കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 25 ലേക്ക് മാറ്റിവച്ചു. ജസ്റ്റിസ് രാജാ വിജയരാഘവന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അടിയന്തരമായി ഹര്‍ജി പരിഗണിക്കണം എന്ന് ജാമ്യാപേക്ഷയില്‍ മുളയ്ക്കല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിനുശേഷം പൊലീസിന് തെളിവുകള്‍ ഉണ്ടെങ്കില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ല എന്നും കോടതി വ്യക്തമാക്കി.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: