പിഴയടയ്ക്കാന്‍ പണമില്ലെന്ന് പറഞ്ഞു; യുവാവിനെ കയ്യേറ്റം ചെയ്ത് എസ്‌ഐ: വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍

കണ്ണൂര്‍: പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചതിന് പിഴയടക്കാന്‍ പണമില്ലാത്ത യുവാവിന് നേരെ എസ്.ഐയുടെ കൈയേറ്റം. കണ്ണൂര്‍ പാടിക്കുന്നിലെ യുവാവിന് നേരെയാണ് സിഗരറ്റ് വലിച്ചു എന്ന പേരില്‍ എസ്.ഐ കൈയേറ്റം ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മയ്യില്‍ എസ്.ഐ രാഘവനാണ് യുവാവിനെ കൈയേറ്റം ചെയ്യുന്നത്.

പൊതുസ്ഥലത്ത് നിന്ന് സിഗരറ്റ് വലിച്ച യുവാവിനെ എസ്.ഐ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പിഴയടക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ കൈയില്‍ പണമില്ലെന്നും പിന്നീട് അടയ്ക്കാമെന്നും യുവാവ് എസ്.ഐയോട് പറഞ്ഞു. ഇതോടെ എസ്.ഐ യുവാവിന്റെ കഴുത്തിന് പിടിച്ച് തള്ളുകയായിരുന്നു. തന്റെ ദേഹത്ത് കൈവെക്കരുതെന്നും പണം ഇപ്പോള്‍ ഇല്ലെന്നും പിന്നീട് അടയ്ക്കാമെന്നും യുവാവ് പറയുന്നുണ്ടായിരുന്നു. ഇതൊന്നും വകവയ്ക്കാതെ എസ്.ഐ യുവാവിനെ പിടിച്ചുതള്ളുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. സമീപത്ത് നിന്ന വ്യക്തി ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

പൊതുസ്ഥലത്ത് വഴിയോരത്ത് ഇരുന്ന് സിഗരറ്റ് വലിച്ച യുവാവിനെ പിഴയടക്കാന്‍ പണമില്ലെന്ന കാരണത്താന്‍ എസ് ഐ മര്‍ദ്ദിക്കാന്‍ ശ്രമിച്ച നടപടിയെ അപലപിച്ച് മുന്‍ പൊലീസ് മേധാവി ജേക്കബ് പുന്നൂസ്. പൊലീസ് കുടുംബത്തിലെ ഒരു മുതിര്‍ന്ന അംഗമെന്ന നിലയില്‍ ഇത്തരം സംഭവങ്ങള്‍ കാണുമ്പോള്‍ വിഷമമുണ്ടെന്ന് ജേക്കബ് പുന്നൂസ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. സാധാരണ മനുഷ്യനെന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ ഇത്തരം സംഭവങ്ങളെക്കുറിച്ച് ഞെട്ടലാണെന്നും അദ്ദേഹം വിശദമാക്കി.

നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥന്‍ നിരായുധനായ ഒരാളെ പിന്തുടര്‍ന്ന് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും അക്രമത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ യുവാവ് ശ്രമിക്കുന്നതും ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. വളരെ തിരക്കേറിയ ഒരു റോഡില്‍ വച്ചാണ് ഇത് സംഭവിക്കുന്നതെന്നാണ് വസ്തുത. അനാവശ്യമായ ദേഷ്യപ്പെടുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ കഥകളിലെ സൂപ്പര്‍ ഹീറോകളെപ്പോലെ പെരുമാറാനാണ് ശ്രമിക്കുന്നത്. ഈ ശ്രമം ഉദ്യോഗസ്ഥരുടെ മാനസിക നിലയെയും അക്രമ സ്വഭാവത്തെയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വിശദമാക്കുന്നു.

ഇത്തരം പെരുമാറ്റങ്ങള്‍ കര്‍ശനമായും ഒഴിവാക്കപ്പെടേണ്ടതാണ്. മാന്യതയുള്ള പെരുമാറ്റമായിരിക്കണം പൊലീസിന്റെ മുഖമുദ്രയെന്ന് അദ്ദേഹം വിശദമാക്കി. പൊലീസ് സാധാരണ ജനങ്ങളുടെ സേവകര്‍ മാത്രമാണ് അല്ലാതെ അധികാരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഓര്‍മ്മയില്‍ വച്ച് പ്രവര്‍ത്തിക്കുന്നത് ഏറെ ഉചിതമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പൊലീസിലെ ആക്ഷന്‍ ഹീറോ ബിജുമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളയാളാണ് ജേക്കബ് പുന്നൂസ്. ഈഗോ നിറഞ്ഞ പൊലീസിങ് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

 

Share this news

Leave a Reply

%d bloggers like this: