പിണറായി സര്‍ക്കാര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി; തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ശക്തിപ്പെടുത്തുക ലക്ഷ്യം…

തിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാന്‍ ഒന്നരവര്‍ഷം മാത്രം ബാക്കി നില്‍ക്കെ മന്ത്രിസഭ മുഖം മിനുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കാബിനറ്റിലെ രണ്ട് സിപിഎം മന്ത്രിമാരെ മാറ്റിയേക്കും. മാസങ്ങള്‍ക്കിപ്പുറം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയെയും സര്‍ക്കാറിനെയും ശക്തിപ്പെടുത്തുക ഉള്‍പ്പെടെ മുന്നില്‍ കണ്ടാണ് നീക്കമെന്നാണ് സൂചന. പുനഃസംഘടനയില്‍ ടൂറിസം മന്ത്രി എ.സി മൊയ്തീനും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോയേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, രണ്ട് പേര്‍ പുറത്തേക്ക് പോവുമ്പോള്‍ മൂന്ന് പുതുമുഖങ്ങള്‍ മന്ത്രിസഭയിലെത്തിയേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ സംസ്ഥാനത്തെ മന്ത്രിമാരുടെ എണ്ണം 20-ല്‍ നിന്ന് 21 ആയി ഉയരും. സ്പീക്കര്‍ സ്ഥാനത്തും മാറ്റം ഉണ്ടായേക്കും. ഇതോടെ നിലവിലെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മന്ത്രിസഭയിലെത്തിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമാണ്. പകരം മുതിര്‍ന്ന അംഗങ്ങളായ സുരേഷ് കുറുപ്പോ രാജു എബ്രഹാമോ സ്പീക്കര്‍ സ്ഥാനത്തെത്തിയേക്കും. മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. നിലവിലെ വനിതാ അംഗങ്ങളായ കെ.കെ.ശൈലജയും ജെ. മേഴ്സിക്കുട്ടിയമ്മയും സ്ഥാനത്ത് തുടരും. ഇവര്‍ക്ക് പുറമെയായിരിക്കും പുതിയ അംഗം. മുതിര്‍ന്ന അംഗവും കൊട്ടാരക്കര എംഎല്‍എയുമായ ആയിഷാ പോറ്റിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.

ഇതിനിടെ, സര്‍ക്കാരുമായി അകന്ന് നില്‍ക്കുന്ന എന്‍എസ്എസിനെ അടുപ്പിക്കാനാനുള്ള ശ്രമങ്ങളുടെ ഭാഗമായി കെ.ബി. ഗണേഷ് കുമാറിന് മന്ത്രിപദം നല്‍കുമെന്നുമുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. ബാലകൃഷ്ണപിള്ളയുടെ നിരന്തര ആവശ്യവും പരിഗണിച്ചാല്‍ ഗണേഷ് കുമാറിനും സാധ്യയേറെയാണ്. കൂടുതല്‍ മന്ത്രിമാര്‍ സ്ഥാനമൊഴിയാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയാണെങ്കില്‍, എം. സ്വരാജ്, എ. എന്‍. ഷംഷീര്‍ എന്നിവരുള്‍പ്പെടെ വിജയന്റെ അടുപ്പക്കാരായ യുവ നേതാക്കളും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കും. സി. കെ. ശശീന്ദ്രനും അവസരം ലഭിച്ചേക്കും.

അതേസമയം, അനാരോഗ്യത്തിന്റെ പേരില്‍ സ്ഥാന സി.പിഎം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ചുമതലയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്. ഈ സാധ്യത നിലനില്‍ക്കെ വ്യവസായ മന്ത്രി ജയരാജന്‍ പകരം താല്‍ക്കാലിക ചുമതലയേറ്റേക്കും. ആ സാഹചര്യം ഉണ്ടായാല്‍ മറ്റൊരു കാബിനറ്റ് സീറ്റ് ഒഴിഞ്ഞ് നില്‍ക്കും. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തത്വത്തില്‍ അനുമതി നല്‍കാന്‍ തീരുമാനമായെന്നാണ് വിവരം. 13 ദിവസത്തെ വിദേശയാത്രയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തുന്നതോടെ വരുന്ന ആഴ്ച ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നേക്കും.

Share this news

Leave a Reply

%d bloggers like this: