പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണി; ഇരുപതാമനായി ഇപി ജയരാജന്‍ തിരിച്ചെത്തുന്നു

പിണറായി വിജയന്‍ മന്ത്രിസഭയിലെ ഇരുപതാമനായാണ് ഇപി ജയരാജന്‍ മടങ്ങിയെത്തുന്നത്. മുന്‍പ് കൈകാര്യം ചെയ്തിരുന്ന വ്യവസായം, കായികം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ജയരാജന് നല്‍കാനും ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ധാരണയായി. സിപിഐഎമ്മിന് കീഴിലുള്ള 12 മന്ത്രിമാരുടെ വകുപ്പുകളില്‍ സമഗ്ര അഴിച്ചു പണി നടത്താനും തീരുമാനമുണ്ട്. സിപിഐയ്ക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം അനുവദിക്കുന്നതിനോട് പാര്‍ട്ടിയ്ക്ക് വിയോജിപ്പില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

ബന്ധുനിയമന വിവാദത്തിലകപ്പെട്ട് ഇപി ജയരാജന്‍ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ച ശേഷം അദ്ദേഹത്തിന്റെ വകുപ്പുകള്‍ പകരം ചുമതലയേറ്റ എസി മൊയ്തീനാണ് കൈകാര്യം ചെയ്തിരുന്നത്. കുറ്റവിമുക്തനായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുമ്പോള്‍ പഴയ വകുപ്പുകള്‍ എല്ലാം ജയരാജന് തന്നെ നല്‍കാനാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്. എസി മൊയ്തീന് തദ്ദേശഭരണവകുപ്പ് മാത്രമാണ് നിലവില്‍ നല്‍കിയിട്ടുള്ളത്. ന്യൂനപക്ഷം, വഖഫ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടങ്ങി വലിയ ചുമതലകള്‍ കെടി ജലീലിനെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടിയുടെ തീരുമാനം തിങ്കളാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ സമര്‍പ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചു.

അധികമായി ഒരു മന്ത്രിസ്ഥാനം കൂടി സിപിഐഎം ഏറ്റെടുക്കുമ്പോള്‍ സിപിഐയ്ക്ക് നല്‍കേണ്ട പകരം പദവി സംബന്ധിച്ച കാര്യം എല്‍ഡിഎഫ് കൂട്ടായി തീരുമാനമെടുക്കും. ക്യാബിനറ്റ് പദവിയോടെയുള്ള ചീഫ് വിപ്പ് സ്ഥാനം അവര്‍ ആവശ്യപ്പെട്ടാല്‍ പാര്‍ട്ടിക്ക് അതില്‍ വിയോജിപ്പില്ല. തര്‍ക്കങ്ങളില്ലാതെ സുഗമമായി തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു.

കേരളം കണ്ട ഏറ്റവും മികച്ച സ്പീക്കറാണ് ശ്രീരാമകൃഷ്ണനെന്നും അതുകൊണ്ട് തന്നെ സ്പീക്കറുടെ കാര്യത്തില്‍ ഒരു മാറ്റവും പാര്‍ട്ടി ആലോചിക്കുന്നില്ലെന്നും കോടിയേരി അറിയിച്ചു. സത്യപ്രതിജ്ഞാചടങ്ങ് 14ന് തന്നെ നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും ഗവര്‍ണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയ ശേഷമാകും തിയതി പ്രഖ്യാപിക്കുക. മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം കൊണ്ടുവരുന്നത് പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ കൊണ്ടല്ലെന്നാണ് സിപിഐഎമ്മിന്റെ വിശദീകരണം.

Share this news

Leave a Reply

%d bloggers like this: