പാസ്പോര്‍ട്ടിന് നിറംമാറ്റം: കേരള ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി

 

സ്പോര്‍ട്ടിന് ഓറഞ്ച് നിറം നല്‍കാനുള്ള തീരുമാനത്തിനെതിരായ ഹര്‍ജിയില്‍ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. വിദ്യാഭ്യാസ യോഗ്യത കുറവുള്ളവരെ രണ്ടാംകിട പൗരന്‍മാരായി പരിഗണിക്കുന്ന വിധത്തിലുള്ളതാണ് പുതിയ മാറ്റമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി.

കൊല്ലം സ്വദേശികളായ ഷംസുദ്ദീന്‍, ഷാജഹാന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. വിദ്യാഭ്യാസ യോഗ്യതയും സാമ്പത്തിക ശേഷിയും കുറഞ്ഞവര്‍ക്ക് അഭിമാനക്ഷതമുണ്ടാക്കുന്നതും അവരെ രണ്ടാംകിട പൗരന്‍മാരായി പരിഗണിക്കുന്നതുമാണ് പാസ്പോര്‍ട്ടിന്റെ നിറം മാറ്റുന്ന നടപടിയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, പാസ്പോര്‍ട്ട് ഉടമയുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അവസാന പേജ് ഒഴിവാക്കാനുള്ള തീരുമാനത്തെയും ഹര്‍ജിയില്‍ ചോദ്യംചെയ്യുന്നുണ്ട്. ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ബഞ്ചാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടിയത്.

വ്യക്തികളുടെ സ്വകാര്യതയിലും അഭിമാനബോധത്തിലുമുള്ള കടന്നുകയറ്റമാണ് ഇത്തരമൊരു നടപടിയിലൂടെ ഉണ്ടാവുക. ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് തൊഴില്‍ തേടി പോകുന്ന സാധാരണക്കാരെയാണ് ഇത് ഏറെ ബാധിക്കുക. ഇത്തരമൊരു വേര്‍തിരിവിലൂടെ പ്രത്യേകിച്ച് ഒരു നേട്ടവുമില്ല. മാത്രമല്ല, തുല്യതയ്ക്കുള്ള അവകാശത്തിനുമേല്‍ നടത്തുന്ന ഗുരുതരമായ കടന്നുകയറ്റമാണിതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇസിആര്‍) പാസ്പോര്‍ട്ടുകള്‍ ഓറഞ്ച് നിറവും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവ നീലനിറവും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കൂടാതെ, പാസ്‌പോര്‍ട്ട് ഉടമയുടെ മേല്‍വിലാസവും എമിഗ്രേഷന്‍ സ്റ്റാറ്റസും പാസ്‌പോര്‍ട്ടിന്റെ അവസാനപേജില്‍ നിന്ന് ഒഴിവാക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. നിലവില്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പാസ്പോര്‍ട്ടുകളൊഴികെ ബാക്കിയെല്ലാത്തിനും കടുംനീല പുറംചട്ടയാണുള്ളത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: