പാലാരിവട്ടം പാലം: ബലക്ഷയം അതീവ ഗുരുതരം; ഇതിനകം തകരാതിരുന്നത് ദൈവഭാഗ്യമെന്ന് ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് പ്രതിനിധി…

പലാരിവട്ടം പാലത്തിന്റെ സ്ഥിതി അതീവ ഗുരുതരമായിരുന്നെന്ന് വ്യക്തമാക്കി ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് പ്രതിനിധിയുടെ പ്രതികരണം. ഇത്രയും കാലം പാലം തകരാതെ നില നിന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് റൂര്‍ക്കി ഐഐടിയിലെ വിദഗ്ധന്‍ ഭൂപീന്ദര്‍ സിങ് പറയുന്നു. പാലാരിവട്ടം പാലം സംബന്ധിച്ച അഴിമതിയുള്‍പ്പെടെ അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തിന്റെ ആവശ്യപ്രകാരം ബലക്ഷയം നിര്‍ണയിക്കാനുള്ള പരിശോധനകള്‍ക്കായി എത്തിയ സംഘത്തിലെ അംഗമായ അദ്ദേഹം എഷ്യാനെറ്റ് ന്യൂസിനോടാണ് ആശങ്ക പങ്കുവച്ചത്.

ദൈവത്തിന്റെ കൃപ കൊണ്ട് മാത്രമാണ് പാലാരിവട്ടം മേല്‍പ്പാലം തകര്‍ന്ന് വീഴാതിരുന്നതെന്നായിരുന്നു ഭൂപീന്ദര്‍ സിങിന്റെ വാക്കുകള്‍. സ്ഥലത്തെത്തിയ റൂര്‍ക്കി സംഘത്തിന്റെ കൂടി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാകും വിജിലന്‍സ് തുടര്‍ പരിശോധനകള്‍ നടത്തുക. പാലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ച് ബലക്ഷയം കൃത്യമായി നിര്‍ണയിക്കാനാണ് വിജിലന്‍സിന്റെ പുതിയ നീക്കം. ഇതിനായി അടുത്ത ദിവസം തന്നെ സാമ്പിളുകള്‍ ശേഖരിക്കും.

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഘടനയില്‍ കാര്യമായ മാറ്റം വേണമെന്ന പരിശോധനയ്ക്ക് ശേഷം ഇ ശ്രീധരനും സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പാലം നിര്‍മാണത്തിലെ സാങ്കേതികത്തകരാറുകള്‍ സംബന്ധിച്ച വിദഗ്ധ സമിതിയുടെ പരിശോധനാ റിപ്പോര്‍ട്ടാണ് ഇ ശ്രീധരന്‍ സര്‍ക്കാരിന് കൈമാറിയത്. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ സാരമായ പ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ത്തന്നെ ഘടനാപരമായ മാറ്റങ്ങള്‍ പാലാരിവട്ടം പാലത്തില്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുള്ളതായാണ് സൂചന.

അതേസമയം, ശ്രീധരന്റെ റിപ്പോര്‍ട്ടും മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ടും തമ്മില്‍ ഒത്തുനോക്കിയ ശേഷം മാത്രമെ നടപടി സ്വീകരിക്കൂവെന്ന് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലൊണ് റൂര്‍ക്കിയിലെ വിദഗ്ദരും പരിശോധനകള്‍ക്കെത്തിയത്. കഴിഞ്ഞയാഴ്ച പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിലെ പാളിച്ചകള്‍ കണ്ടെത്താന്‍ വിജിലന്‍സ് സംഘവും പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിലെ എഞ്ചിനീയര്‍മാരും തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസര്‍മാരും വിജിലന്‍സ് എഞ്ചിനീയറും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ബലക്ഷയം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനായിരുന്നു പരിശോധന.

Share this news

Leave a Reply

%d bloggers like this: