പാലക്കാട് മോഷണംകുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലികൊന്നു; സോഷ്യല്‍ മീഡിയയില്‍ പ്രധിഷേധം ആളിക്കത്തുന്നു

 

പാലക്കാട്: ഉത്തരേന്ത്യയെ വെല്ലുന്ന മനുഷ്യക്കുരുതി കേരളത്തില്‍ . അട്ടപ്പാടിയില്‍ വിശന്നുവലഞ്ഞു കാടിറങ്ങിയ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം അടിച്ചു കൊന്നു. വ്യാഴാഴ്ചയാണ് അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധുവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദ്ദനം

മോഷണം ആരോപിച്ച് പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മധുവിനെ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ശര്‍ദ്ദിച്ചിരുന്നു. ഇതോടെ പൊലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു.

മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിന് മൊഴി നല്‍കിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് അഗളി പോലീസ് പറഞ്ഞു. മധുവിന്റെ കൈയില്‍ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദ്ദനം. ഇതിന്റെ വീഡിയോയും നാട്ടുകാര്‍ പകര്‍ത്തി. ഒപ്പം അടിയുടെ സെല്‍ഫിയും. അടികൊള്ളുന്ന യുവാവ് ജീവനുവേണ്ടി യാചിക്കുന്നുണ്ട്.

ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അതിനുള്ള നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ആക്രമങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങള്‍ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യസാംസ്‌കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. ആരെയും തല്ലിക്കൊല്ലാന്‍ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ലെന്നും ഇതു പോലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ തന്നെ നല്‍കുമെന്നും മന്ത്രി ബാലന്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ എസ്.പിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും പ്രതികളെ മുഴുവന്‍ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. കൊല്ലപ്പെട്ട മധുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ തൃശ്ശൂര്‍ റേഞ്ച് ഐ.ജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ജനങ്ങള്‍ നിയമം കൈയിലെടുക്കരുതെന്നും ഡി.ജി.പി പറഞ്ഞു. മധുവിന് ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നതായി പൊലീസ് അറിയിച്ചു. മകനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നുവെന്ന് മധുവിന്റെ അമ്മ പ്രതികരിച്ചു.

മധുവിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും അമ്മ കൂട്ടിച്ചേര്‍ത്തു. വനത്തിനുള്ളില്‍ താമസിക്കുന്ന മധു ഭക്ഷണസാധനങ്ങള്‍ കഴിഞ്ഞാലാണ് നാട്ടിലേക്കിറങ്ങാറെന്ന് ഊരുനിവാസികള്‍ പറയുന്നു. 15 വര്‍ഷമായി  വനത്തിനുള്ളിലെ ഗുഹയിലാണ് മധു താമസിക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: