പാര്‍ക്കിന്‍സണ്‍ രോഗം നേരത്തെ കണ്ടെത്താന്‍ കഴിയും

ഡബ്ലിന്‍: പാര്‍ക്കിന്‍സണ്‍സ് രോഗം തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിയുമെന്ന് ഗവേഷക സംഘം. അന്താരാഷ്ട്രതലത്തില്‍ പാര്‍ക്കിന്‍സണ്‍ ചികിത്സക്ക് നേതൃത്വം നല്‍കുന്ന ഗവേഷകരാണ് നേരത്തെ ഉണ്ടാകുന്ന ചില ലക്ഷണങ്ങള്‍ പാര്‍ക്കിന്‍സണ്‍ രോഗത്തിലെത്തിക്കുമെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്. തലച്ചോറില്‍ ന്യുറോണുകള്‍ നഷ്ടപ്പെടുന്നത് മൂലമുണ്ടാകുന്ന ന്യുറോളജിക്കല്‍ രോഗമാണ് പാര്‍ക്കിന്‍സണ്‍. ഇച്ഛക്ക് അനുസരിച്ചല്ലാതെ കൈകാലുകളില്‍ വിറയല്‍ അനുഭവപ്പെടുന്ന ഈ രോഗബാധിതരെ തിരിച്ചറിയാനും എളുപ്പമാണ്.

എന്നാല്‍ നാഡീ സംബന്ധമായ ലക്ഷണങ്ങള്‍ അല്ലാതെ തന്നെ കാഴ്ച ശക്തിയില്‍ ഉണ്ടാകുന്ന കുറവ്, നിറങ്ങള്‍ തിരിച്ചറിയാന്‍ പെട്ടെന്ന് കഴിവ് നഷ്ടപ്പെടല്‍ എന്നീ ലക്ഷങ്ങള്‍ പില്‍കാലത്ത് ഈ രോഗാവസ്ഥയില്‍ എത്തിച്ചേക്കാമെന്നു ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡബ്ലിന്‍ ആശുപത്രിയിലെ ന്യുറോ സയന്‍സ് വിദഗ്ദ്ധന്‍ ഡോക്ടര്‍ അലക്സാന്‍ഡ്രോ ആറിഗോ വ്യക്തമാക്കുന്നു.

മധ്യമസ്തിഷ്‌കത്തിലെ പ്രത്യേക ഭാഗത്തെ നാഡീകോശങ്ങളുടെ അപചയത്തെത്തുടര്‍ന്നാണ് പര്‍ക്കിന്‍സണ്‍ രോഗം ഉണ്ടാകുന്നത്. ജനിതകപരമായും ചിലപ്പോള്‍ ഈ രോഗം കാണാറുണ്ട്. 45 വയസ്സിനു മുമ്പുള്ളവരില്‍ ശരീരത്തില്‍ ചെമ്പിന്റെ അളവ് കൂടുക, ചിലയിനം മരുന്നുകളുടെ അമിതോപയോഗം എന്നിവമൂലം പാര്‍ക്കിന്‍സണ്‍ രോഗലക്ഷണങ്ങള്‍ കാണാറുണ്ട്. ഇവരില്‍ ബൗദ്ധിക തകരാറുകള്‍, പക്ഷാഘാതം, നാഡീവ്യൂഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയും ഒപ്പം കാണാം. വളരെ പെട്ടെന്ന് കൂടുന്ന തരത്തിലുള്ളതും വളരെ സാവകാശം വര്‍ധിക്കുന്ന തരത്തിലുള്ളതുമായ പാര്‍ക്കിന്‍സണ്‍ രോഗങ്ങള്‍ ഉണ്ട്. സാധാരണയായി പുരുഷന്മാരിലാണ് ഈ രോഗം കൂടുതലായി കാണുന്നത്.

വിറയല്‍, പേശികളുടെ ചലനക്കുറവ്, ഇവ പ്രകടമാകുന്നതിന് മുന്‍പ് തന്നെ രോഗം തിരിച്ചറിയാനാകും. 12 പുരുഷന്മാരിലും 9 സ്ത്രീകളിലും നടത്തിയ ഗവേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാര്‍ക്കിന്‍സണ്‍ രോഗലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി പ്രതിവിധി കണ്ടെത്താമെന്ന് അയര്‍ലന്റിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ലോകത്തെ 20 ശതമാനവും പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്കുള്ള അയര്‍ലണ്ടില്‍ രോഗം നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത് മെഡിക്കല്‍ സയന്‍സിന്റെ ചരിത്രം തന്നെ മാറ്റിമറിക്കുന്നതായിരിക്കും.

 
എ എം

Share this news

Leave a Reply

%d bloggers like this: