പാര്‍ലമെന്റ് നടപടികളില്‍ നിന്നും വിട്ട് നില്‍ക്കുന്ന മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി തന്നെ രംഗത്ത്

ന്യൂഡല്‍ഹി : പാര്‍ലമെന്റില്‍ നിന്നും വിട്ട് നില്‍ക്കുന്ന മന്ത്രിമാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടായേക്കുമെന്നു സൂചന. പാര്‍ലമെന്റ് ചുമതലകളില്‍ നിന്നും വിട്ടുനികുന്ന മന്ത്രിമാരുടെ പേരുവിവരങ്ങള്‍ ആവശ്യപ്പെട്ടു പ്രധാനമന്ത്രി ബന്ധപ്പെട്ട വകുപ്പുകളെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. സമ്മേളനത്തില്‍ പങ്കെടുക്കാത്ത മന്ത്രിമാരുടെ പട്ടിക തയ്യാറാക്കാന്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ആവശ്യപ്പെട്ടത്.

പാര്‍ലമെന്ററികാര്യ മന്ത്രിയായ പ്രഹ്ലാദ് ജോഷിക്കാണ് ഹാജരില്ലാത്ത മന്ത്രിമാരുടെ പേരുവിവരങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കാനുള്ള ചുമതല. ജനങ്ങളുടെ പ്രശ്‌നങ്ങളിലിടപെടാന്‍ രാഷ്ട്രീയാതീതമായി പ്രവര്‍ത്തിക്കണമെന്ന് മോദി യോഗത്തില്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എംപിമാര്‍ അതാത് മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥരുമായും നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടണമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപെട്ടിയിരിക്കുകയാണ്.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ മകന്‍ തന്റെ മണ്ഡലത്തിലെ ഒരു സംഭവത്തിലിടപ്പെട്ട് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തെ വിമര്‍ശിച്ചും മോദി നേരത്തെ രംഗത്തു വന്നിരുന്നു. മന്ത്രിമാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യരുതെന്നും സമയത്തിന് ഓഫീസിലെത്തണമെന്നും നേരത്തെ മോദി ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റ് ചേരുന്ന 40 ദിവസത്തേക്ക് രാജ്യത്തിന് പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെടുകയുണ്ടായി.

തെരഞ്ഞെടുക്കപ്പെട്ട എംപിമാരെ സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനും മന്ത്രിമാര്‍ സമയം കണ്ടെത്തണമെന്നും പുതിയ വികസന പദ്ധതികളെക്കുറിച്ച് വിശകലനം ചെയ്യാനായി ഒത്തുചേരണമെന്നുമെല്ലാം ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരായി കണ്ടെത്തിയവരുടെ വിവരങ്ങളാണ് റിപ്പോര്‍ട് ചെയ്യാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രിയോട് മോദി തന്നെ ആവശ്യപെട്ടിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: