പാരീസ് വിതുമ്പുന്നു, ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകം

പാരീസ് വിതുമ്പുന്നു, ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകം

പാരീസ്: ലോകത്തെ തന്നെ നടുക്കിയ ഭീകരാക്രമണത്തില്‍ പാരീസ് നഗരം വിതുമ്പുകയാണ്. ചാര്‍ലി ഹെബ്ദോ മാസികയുടെ ഓഫിസില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുറിവുകള്‍ മായുംമുമ്പെയാണ് സമീപത്തെ ബാറ്റാക്ലാന്‍ തിയറ്റേറിലും, ഭക്ഷണശാലകളിലുമായി ഭീകരവാദികള്‍ ഇരച്ചെത്തിയതും ചാഴേറായി പൊട്ടിതെറിച്ചും, ചുറ്റും വെടിവെച്ച് ആളുകളെ വകവരുത്തുകയും, ബന്ദികളാക്കുകയും ചെയ്തത്. ആക്രമണത്തില്‍ 150 ഓളം പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഭീകരാക്രമണത്തെ ലോക നേതാക്കള്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. പാരീസ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു. നിരപരാധികളായ പൗരന്മാരെ നിഷ്‌കരുണം കൊലപ്പെടുന്നതിനു ഒരിക്കല്‍ കൂടി നാം സാക്ഷ്യം വഹിച്ചതായി യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. പാരീസിലേത് പ്രാകൃതവും ഭീരുത്വം നിറഞ്ഞതുമായ ആക്രമണമെന്നു യുഎന്‍ രക്ഷാസമിതി അപലപിച്ചു. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ഭീകരാക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.

ഫ്രാന്‍സിലെ അക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഫ്രാന്‍സിലെ ജനങ്ങളുടെ കൂടെ ഇന്ത്യ കൂടിയുണ്ടെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. അക്രമപരമ്പര ഞെട്ടിക്കുന്നതാണെന്നും ഫ്രാന്‍സിലെ ജനങ്ങളുടെ കൂടെയുണ്ടാകുമെന്നും തങ്ങളാല്‍ക്കഴിയുന്ന രീതിയിലെല്ലാം ഫ്രാന്‍സിനെ സഹായിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. ഭീകരാക്രണത്തിനെതിരെ പൊരുതാന്‍ എല്ലാതരത്തിലുള്ള സഹായത്തിനും തയ്യാറാണെന്നും റഷ്യന്‍ പ്രസിഡന്റ് വല്‍ദ്മിര്‍ പുട്ടിന്‍ പറഞ്ഞു. ഞെട്ടലോടെയാണ് അക്രമത്തെ കണ്ടതെന്നും ഇതിനെ മറികടക്കാന്‍ ഫ്രാന്‍സിലെ ജനങ്ങള്‍ക്ക് കഴിയുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൗഡ് ജങ്കര്‍ പറഞ്ഞു. ഫ്രാന്‍സിലെ ജനങ്ങള്‍ക്കൊപ്പം ചൈനാ ഗവണ്‍മെന്റും ചൈനയിലെ ജനങ്ങളുമുണ്ടെന്നും അക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിസങ് പറഞ്ഞു. മാനവികയ്ക്കു നേരെയുള്ള കുറ്റകുത്യമാണ് പാരിസ് ആക്രമണങ്ങളെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കുറ്റപ്പെടുത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തുടങ്ങിയവരും അക്രമത്തെ അപലപിച്ചു.

വിവാദ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിന് ഹാസ്യവാരിക ഷാര്‍ളി എബ്‌ഡോയ്ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഫ്രാന്‍സിനെ നടുക്കിയ സംഭവമാണിത്. മുഹമ്മദ് നബിയെ അവഹേളിച്ചെന്നാരോപിച്ച് കഴിഞ്ഞ ജനുവരിയില്‍ മാസിക ഉടമയടക്കം 12 ജീവനക്കാരെയാണ് ഭീകരര്‍ വാരികയുടെ ഓഫീസില്‍ വെടിവച്ചു കൊലപ്പെടുത്തിയത്.

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടക്കുകയും ചെയ്തു. പാരീസിലെങ്ങും സൈന്യത്തെ വിന്യസിച്ചു. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: