പാരീസ് മോഡല്‍ തീവ്രവാദി ആക്രമണത്തിന് സാധ്യത, ബെല്‍ജിയത്തില്‍ അതീവ ജാഗ്രത നിര്‍ദേശം

ബ്രസല്‍സ്: തീവ്രവാദ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ബെല്‍ജിയത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം. തലസ്ഥാനമായ ബ്രസല്‍സിലെ മെട്രോ ട്രെയിന്‍ സ്‌റ്റേഷനുകള്‍ ഞായറാഴ്ച വരെ അടച്ചു. പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും ഷോപ്പിംഗ് മാളുകള്‍, പൊതു സംഗീത പരിപാടികള്‍ തുടങ്ങിയ ഒഴിവാക്കാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തോക്കുകളും മറ്റ് സ്‌ഫോടകവസ്തുക്കളുമായി പാരിസ് മോഡല്‍ ആക്രമണം നടത്താനിടയുണ്ടെന്നാണ് സൂചനയെന്ന് ബെല്‍ജിയന്‍ പ്രധാനമന്ത്രി ചാള്‍സ് മിച്ചെല്‍ അറിയിച്ചു. പാരീസ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ബല്‍ജിയത്തില്‍ നിന്നുള്ളവരാണെന്ന കണ്ടെത്തലും സുരക്ഷ ശക്തമാക്കാന്‍ കാരണമായിട്ടുണ്ട്. പൊതുജനങ്ങള്‍ ഏറെ ഒത്തുകൂടുന്ന പരിപാടികളും ഫുട്‌ബോള്‍ മത്സരങ്ങളും മാറ്റിവെക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രസല്‍സില്‍ മാത്രമാണ് ശക്തമായ സുരക്ഷാ സന്നാഹങ്ങളൊരുക്കിയിട്ടുള്ളതെങ്കിലും രാജ്യം മുഴുവന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകളെ ദേഹപരിശോധന നടത്തിയാണ് യാത്ര ചെയ്യാന്‍ അനുവദിക്കുന്നത്.

ബെല്‍ജിയക്കാരന്‍ അബ്ദെല്‍ഹമീദ് അബൗദായിരുന്നു പാരീസ് ആക്രമണത്തിന്റെ സൂത്രധാരന്‍. ചാവേറാക്രമണത്തിന് ഉപയോഗിച്ച കാറുകളില്‍ രണ്ടെണ്ണം വാടകയ്‌ക്കെടുത്തതും ബ്രസ്സല്‍സില്‍ നിന്നാണ്. ഭീകരാക്രമണം നടത്തിയ ചാവേറുകളെ റിക്രൂട്ട് ചെയ്തതും അവര്‍ക്ക് പരിശീലനം നല്‍കിയതും ബ്രസ്സല്‍സില്‍ വച്ചാണെന്നും ഇവര്‍ക്കുവേണ്ട സാമ്പത്തിക സഹായം നല്‍കിയതും ബ്രസ്സല്‍സിലെ ചില കേന്ദ്രങ്ങളാണെന്നും കണ്ടെത്തിയിരുന്നു. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഐ.എസില്‍ ചേര്‍ന്നത് ബെല്‍ജിയത്തില്‍ നിന്നാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: