പാരീസ് ഭീകരാക്രമണം:മലയാളിയെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് പോലീസ് കേരളത്തില്‍

കൊച്ചി: സിറിയയില്‍ ആയുധ പരിശീലനം ലഭിച്ചതായി സംശയിക്കുന്ന തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്തീനെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് പോലീസ് കേരളത്തിലെത്തി. ഫ്രഞ്ച് പോലീസ് സംഘം ബുധനാഴ്ച വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുബ്ഹാനിയെ ചോദ്യം ചെയ്യും. ഐ.എസ് ബന്ധം ആരോപിക്കപ്പെട്ട് കണ്ണൂര്‍ കനകമലയില്‍ പിടിയിലായ ജാസിം എന്‍.കെ സുബ്ഹാനി ഹാജ മൊയ്തീനെ ചോദ്യം ചെയ്യുന്നതിനായാണ് അന്വേഷണ സംഘം കേരളത്തില്‍ എത്തിയത്.

ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന സുബ്ഹാനിക്ക് 2015ലെ പാരിസ് ആക്രമണത്തില്‍ പങ്കെടുത്തവരോടൊപ്പം വിദേശ പരിശീലനം ലഭിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പാരിസ് ആക്രമണത്തില്‍ പിടിയിലായ സലാഹ് അബ്ദുല്‍ സലാമിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സുബ്ഹാനിയെ കുറിച്ച് ഫ്രഞ്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് അന്വേഷണസംഘം ചോദ്യം ചെയ്യുന്നതിനായി കൊച്ചിയില്‍ എത്തിയത്. ഇത് ആദ്യമായാണ് ഭീകരാക്രമണത്തിന്റെ അന്വേഷണത്തിനായി ഒരു യൂറോപ്യന്‍ അന്വേഷണ ഏജന്‍സി ഇന്ത്യയിലെത്തുന്നത്. മൂന്ന് ദിവസങ്ങളിലായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരും ഇവരെ അനുഗമിക്കുമെന്നാണ് അറിയുന്നത്. സുബ്ഹാനിയെ ചോദ്യം ചെയ്യുന്നത് വെള്ളിയാഴ്ച വരെ തുടരുമെന്നും സൂചനയുണ്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ ഭീകരാക്രമണത്തിനു പദ്ധതിയിടാന്‍ കണ്ണൂര്‍ കനകമലയില്‍ രഹസ്യ യോഗം ചേര്‍ന്ന കേസില്‍ അറസ്റ്റിലായ സുബ്ഹാനി ഇപ്പോള്‍ വിചാരണ തടവുകാരനാണ്.

സിറിയയിലെ പോര്‍മുഖത്ത് സഹപോരാളി കണ്‍മുന്നില്‍ ജീവനോടെ കത്തുന്നതു കണ്ടു ഭയന്നാണ് സുബ്ഹാനി ഇന്ത്യയിലേക്കു മടങ്ങാന്‍ പദ്ധതിയിട്ടത്. ഇതറിഞ്ഞ ഭീകരസംഘടന സുബ്ഹാനിയെ സിറിയയില്‍ തടവിലാക്കി. എന്നാല്‍ ഇന്ത്യയിലെത്തിയാലും ഭീകരപ്രവര്‍ത്തനം തുടരണമെന്ന ഉപാധിയോടെ ഒടുവില്‍ സുബ്ഹാനിയെ അവര്‍ മോചിപ്പിക്കുകയായിരുന്നുവെന്നും എന്‍.ഐ.എ. പറയുന്നു.

Share this news

Leave a Reply

%d bloggers like this: