പാരീസ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം, ഫ്രാന്‍സില്‍ ജൈവ-രാസായുധ ആക്രമണങ്ങള്‍ക്ക് സാധ്യത, അടിയന്താരവസ്ഥ മൂന്നുമാസത്തേക്ക് നീട്ടി

പാരിസ്: പാരിസില്‍ ഭീകരാക്രമണത്തിന്റെ മൂഖ്യ സൂത്രധാരനെന്ന് കരുതുന്ന അബ്ദുല്‍ ഹമീദ് അബൗദ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ബെല്‍ജിയന്‍ പൗരനാണ് അബൗദ്. ഇന്നലെ സെന്റ് ഡെനീസില്‍ നടന്ന പൊലീസ് റെയ്ഡില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചതായി പാരിസ് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. 27 കാരനായ അബൗദ് മൊറോക്കന്‍ വംശജനാണ്. യൂറോപ്പിലെ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ആക്രമണ പദ്ധതികള്‍ പലതും ആസൂത്രണം ചെയ്തത് അബൗദായിരുന്നു.

വടക്കന്‍ പാരിസിലെ സെന്റ് ഡെനിസില്‍ ഏറ്റുമുട്ടല്‍ നടന്ന കെട്ടിടത്തില്‍ ശരീരമാസകലം വെടിയുണ്ടയേറ്റ നിലയിലാണ് അബൗദിന്റെ ശരീരം കണ്ടെത്തിയത്. ഇത് അബൗദിന്റേതാണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെയാണ് സ്ഥിരീകരിച്ചത്. വിരലടയാള പരിശോധനാ ഫലവും ഇത് ശരിവെച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച്ച പാരിസില്‍ നടന്ന വെടിവെപ്പിലും ചാവേര്‍ സ്‌ഫോടനത്തിലും 129 പേരാണ് കൊല്ലപ്പെട്ടത്. ഒമ്പതംഗ സംഘമായിരുന്നു ആക്രമണം നടത്തിയത്. ഇതില്‍ എട്ടുപേരെ അന്നുതന്നെ സൈന്യം വധിച്ചിരുന്നു. ഒമ്പതാമനായുള്ള തിരച്ചിലിനിടെ ഇന്നലെ പുലര്‍ച്ചെ സെന്റ് ഡെനിസിലെ ഫ്‌ലാറ്റില്‍ ഒളിച്ച അബൗദ് അടക്കമുള്ള ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡ് ആക്രമണം നടത്തുകയും ചെയ്തു. റെയ്ഡിനിടെ വനിതാ ചാവേര്‍ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ട സൈനിക നടപടിക്കുള്ളില്‍ രണ്ട് ഭീകരരെ സൈന്യം വധിക്കുകയും എട്ട് പേരെ പിടികൂടുകയും ചെയ്തിരുന്നു.

അതേസമയം അബൗദിന്റെ കൂട്ടാളിയായ സലാഹ് അബ്ദെസ്ലാമിനുള്ള തിരച്ചില്‍ തുടരുകയാണ്. ഇയാള്‍ വെള്ളിയാഴ്ച്ചയിലെ ആക്രമണത്തിന് ശേഷം സ്വദേശമായ ബെല്‍ജിയത്തിലേക്ക് കടന്നതായി സംശയിക്കുന്നു. ബ്രസല്‍സിലെ ഇയാളുടെ വസതിയില്‍ ബെല്‍ജിയന്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

അതേസമയം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ രാസായുധം പ്രയോഗിക്കാനിടയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് മുന്നറിയിപ്പ് നല്‍കി. പാരിസ് ആക്രമണത്തിന് പിന്നാലെ ഫ്രാന്‍സില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ മൂന്ന് മാസത്തേക്ക് കൂടി നീട്ടി.

-എജെ-

Share this news

Leave a Reply

%d bloggers like this: