പാരിസ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ആത്മഹത്യ ചെയ്‌തെന്ന് റിപ്പോര്‍ട്ട്

ദില്ലി: പാരീസ് ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന ഐഎസ് നേതാവ് അബ്ദുല്‍ ഹമീദ് അബു ഔദ് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകള്‍. മൊറോക്കോ വംശജനായ ഈ 28കാരന്‍ ബ്രസ്സല്‍സ് നിവാസിയാണ്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഫ്രാങ്കോ റിച്ചിയറാണ് ഈ സൂചന നല്‍കിയത്. വടക്കന്‍ പാരിസിലെ സെയിന്റ് ഡെനിസ് മേഖലയിലെ ഒരു ഫ്‌ലാറ്റില്‍ പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത് എന്നാണ് വിവരമെന്ന് അംബാസഡര്‍ അറിയിച്ചു.

പാരീസ് ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന അബ്ദുല്‍ ഹമീദ് ഒളിച്ചിരിക്കുന്നുവെന്ന് കരുതുന്ന ഫ്‌ലാറ്റില്‍ ഇന്ന് കാലത്താണ് പൊലീസ് റെയ്ഡ് നടന്നത്. ഇവിടെവെച്ച് ഒരു സ്ത്രീ സ്‌ഫോടക വസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവെച്ച് പൊട്ടിത്തെറിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മറ്റൊരാളും ഇങ്ങനെ ആത്മഹത്യ ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് അബ്ദുല്‍ ഹമീദ് ആണ് എന്നാണ് ഇപ്പോള്‍ കരുതുന്നത്. ഈ ഫ്‌ലാറ്റില്‍നിന്ന് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇയാള്‍ പരിശോധനക്കിടെ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് തനിക്ക് ലഭിച്ച വിവരമെന്നാണ് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ അറിയിച്ചത്. അബ്ദുല്‍ ഹമീദ് ആത്മഹത്യ ചെയ്തു എന്ന് സംശയിക്കുന്നതായാണ് തനിക്ക് ലഭിച്ച വിവരമെന്നും കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
അതിനിടെ, പാരിസ് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടെന്ന് സംശയിക്കുന്ന ഒരു ഐഎസ് ഭീകരന്റെ കൂടി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബാറ്റാക്ലാന്‍ സെന്ററിന് പുറത്ത് അക്രമികളുമായി വന്ന വാഹനത്തിനുള്ളില്‍ ഒരാള്‍ കൂടിയുണ്ടെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബെല്‍ജിയത്തില്‍ അറസ്റ്റിലായ രണ്ട് ഐഎസ് തീവ്രവാദികളില്‍ ഒരാളാണോ ഇതെന്നും സുരക്ഷാ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: