പായ് വഞ്ചി പ്രയാണത്തിനിടെ അപകടം സംഭവിച്ച മലയാളി നാവികനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; കൂടെയുണ്ടായിരുന്ന ഐറിഷ് നാവികനും അപകടത്തില്‍

കൊച്ചി: പായ് വഞ്ചിയിലെ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ശക്തമായ കാറ്റില്‍ പായ്വഞ്ചിയുടെ പായകെട്ടുന്ന തൂണ് ഒടിഞ്ഞുവീണ് മുതുകിന് പരിക്കേറ്റ് എഴുന്നേല്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണെങ്കിലും അഭിലാഷ് സുരക്ഷിതനാണെന്ന സന്ദേശം ലഭിച്ചിട്ടുണ്ട്. നാവികസേനയില്‍ കമാന്‍ഡറാണ് മുപ്പത്തിയൊന്‍പതുകാരനായ അഭിലാഷ്.

ഒറ്റയ്ക്ക്, ഒരിടത്തും നിര്‍ത്താതെ കടലിലൂടെ ലോകം ചുറ്റി, തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തുന്ന മത്സരമാണ് ഗോള്‍ഡന്‍ ഗ്ലോബ്. ഇതില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ഏക ഏഷ്യക്കാരനാണ് ഇദ്ദേഹം. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3000 കിലോമീറ്റര്‍ അകലെയാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്. 120 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റില്‍ തിരമാല 14 മീറ്റര്‍ വരെ ഉയര്‍ന്നു.

വഞ്ചിയിലെ ജി.പി.എസ്. സംവിധാനവും സാറ്റലൈറ്റ് ഫോണും പ്രവര്‍ത്തനക്ഷമമാണ്. ഇവയിലെ സിഗ്‌നല്‍ പിന്തുടര്‍ന്ന് അഭിലാഷിനെ കണ്ടെത്താനാണ് ശ്രമം. ഓസ്ട്രേലിയന്‍ റെസ്‌ക്യൂ കോ-ഓര്‍ഡിനേറ്റിങ് സെന്ററിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. ഓസ്‌ട്രേലിയന്‍ പ്രതിരോധവകുപ്പും ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഐ.എന്‍.എസ്. സത്പുരയും പങ്കെടുക്കുന്നുണ്ട്. വഞ്ചിയുടെ സ്ഥാനം കണ്ടെത്താന്‍ വ്യോമമാര്‍ഗവും ശ്രമം നടക്കുന്നുണ്ട്. െമഡിക്കല്‍ ഓഫീസറെ എത്തിക്കാനും ശ്രമിക്കുന്നുണ്ട്. അഭിലാഷ് സംഘാടകര്‍ക്ക് സന്ദേശം അയച്ചപ്പോഴാണ് അപകടവിവരം പുറത്തറിഞ്ഞത്.

കൊച്ചി കണ്ടനാട് സ്വദേശിയാണ് അഭിലാഷ്. ഒറ്റയ്‌ക്കൊരു പായ്വഞ്ചിയില്‍ കടലിലൂടെ ഒരിടത്തും നിര്‍ത്താതെ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോഡിന് ഉടമയാണ്. ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. 84 ദിവസംകൊണ്ട് 19,444 കിലോമീറ്റര്‍ അഭിലാഷ് പിന്നിട്ടിരുന്നു.

അഭിലാഷിനൊപ്പം മറ്റു രണ്ടു നാവികരുടെയും പായ്വഞ്ചികള്‍ അപകടത്തില്‍പ്പെട്ടു. അയര്‍ലന്‍ഡ് സ്വദേശി ഗ്രിഗര്‍ മക്ഗുക്കിന്‍, നെതര്‍ലന്‍ഡ്‌സുകാരന്‍ മാര്‍ക് സ്ലാറ്റ്‌സ് എന്നിവരുടെ വഞ്ചികളാണ് കാറ്റില്‍പ്പെട്ടത്. ഇവരും സുരക്ഷിതരാണെന്ന് മത്സരത്തിന്റെ സംഘാടകര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റുള്ളവരോട് അഭിലാഷിനടുത്തേക്ക് നീങ്ങാന്‍ സംഘാടകര്‍ നിര്‍ദേശിച്ചു. പ്രതികൂല കാലാവസ്ഥ തുടരുകയാണെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

‘ഭ്രാന്തരുടെ സമുദ്രപ്രയാണം’ എന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് റെയ്സിന്റെ അപരനാമം. ഒരിടത്തും നിര്‍ത്താതെ, ഒറ്റയ്ക്ക് പായ്വഞ്ചിയില്‍ ഉലകം ചുറ്റി പുറപ്പെട്ടിടത്ത് തിരിച്ചെത്തുക. അതും 50 കൊല്ലം പഴയ സാങ്കേതികവിദ്യകള്‍മാത്രം ഉപയോഗിച്ച്. ജി.പി.എസോ സാറ്റലൈറ്റ് ഫോണോ ഉപയോഗിച്ച് പുറത്തുനിന്ന് സഹായം തേടാന്‍ പാടില്ല. നാവികര്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ നല്‍കും. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള സന്ദര്‍ഭത്തില്‍ മാത്രമേ ഇതുപയോഗിക്കാവൂ.

ബ്രിട്ടീഷുകാരന്‍ സര്‍ റോബിന്‍ നോക്സ് ജോണ്‍സ്റ്റണ്‍ 1968-ല്‍ ഒറ്റയ്ക്ക് നടത്തിയ സമുദ്രപ്രയാണത്തിന്റെ ഓര്‍മയ്ക്കാണ് ജി.ജി.ആര്‍. നടത്തുന്നത്. ജൂലായ് ഒന്നിന് ഫ്രാന്‍സിലെ ലെ സാബ്ലേ ദൊലോന്‍ തുറമുഖത്തുനിന്നാണ് ജി.ജി.ആര്‍. തുടങ്ങിയത്. 2019 ഏപ്രിലില്‍ ഇതേസ്ഥലത്താണ് മത്സരാര്‍ഥികള്‍ എത്തേണ്ടത്. അഭിലാഷടക്കം 18 പേരാണ് മത്സരിക്കുന്നത്. ഒരു വനിതയുമുണ്ട്. ഏഴുപേര്‍ ഇതിനകം പിന്മാറി. പരിക്കേറ്റതോടെ അഭിലാഷും പുറത്താകും.

 

 

 

Share this news

Leave a Reply

%d bloggers like this: