പാഠപുസ്തക വിതരണം..എസ്.എഫ്.ഐ പ്രതിഷേധത്തില്‍ സംഘര്‍ഷം

തിരുവനന്തപുരം/കോഴിക്കോട്: പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തും കോഴിക്കോടും എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷം. തിരുവനന്തപുരത്ത് നിയമസഭയിലേക്കും കോഴിക്കോട് ഡി.ഡി.ഇ ഓഫീസിലേക്കുമാണ് എസ്.എഫ്.ഐ മാര്‍ച്ച് നടത്തിയത്. തിരുവനന്തപുരത്ത് നടന്ന മാര്‍ച്ച് ഒരു മണിക്കൂറോളം നഗരത്തെ യുദ്ധക്കളമാക്കി. സംഘര്‍ഷത്തില്‍ മൂന്ന് പ്രവര്‍ത്തകര്‍ക്കും രണ്ടു പൊലീസുകാര്‍ക്കും പരിക്കേറ്റു.

രാവിലെ പതിനൊന്ന് മണിയോടെ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. നിയമസഭയിലേക്കുള്ള റോഡിന് നൂറു മീറ്റര്‍ അകലെ വച്ച് ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് തകര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കുന്നതിനിടെ പൊലീസിനു നേരെ കല്ലേറുണ്ടായി. ഇതോടെ പൊലീസ് ലാത്തിവീശുകയും ജലപീരങ്കിയും ഗ്രനേഡും പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് ചിതറിയോടി വിദ്യാര്‍ത്ഥികളെ പൊലീസ് പിന്തുടര്‍ന്നെത്തി വിരട്ടിയോടിച്ചു. പിരിഞ്ഞു പോയ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ സംഘടിച്ചതോടെ വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടായി. ഇതിനിടെ കോളേജില്‍ നിന്ന് പൊലീസിനു നേരെ കല്ലേറുമുണ്ടായി. ഇതോടെ പൊലീസ് വീണ്ടും ഗ്രനേഡ് പ്രയോഗിച്ചു. തുടര്‍ന്ന് എം.എല്‍.എമാരായ വി.ശിവന്‍കുട്ടി, ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍ തുടങ്ങിയവര്‍ എത്തിയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്തിയത്. കല്ലേറില്‍ ശിവന്‍കുട്ടിയുടെ കാലിന് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് പാളയം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിലച്ചു.

ഉച്ചയ്ക്ക് 12 മണിയോടെയാണ് കോഴിക്കോട് ഡി.ഡി.ഇ ഓഫീസിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തിയത്. മാനാഞ്ചിറ മൈതാനത്തിന് സമീപത്ത് വച്ച് ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനു നേരെ കല്ലേറും ഉണ്ടായി.

Share this news

Leave a Reply

%d bloggers like this: