പാഠപുസ്തകം; ഉന്നതതലയോഗം തീരുമാനമാകാതെ പിരിഞ്ഞു

കൊച്ചി : കൊച്ചിയില്‍ പാഠപുസ്തകവുമായി ബന്ധപ്പെട്ട് നടന്ന ഉന്നതതലയോഗം തീരുമാനമാകാതെ പിരിഞ്ഞു. പാഠപുസ്തക അച്ചടി എത്രയും വേഗം പൂര്‍ത്തിയാക്കി സ്‌കൂളുകളില്‍ എത്തിക്കണമെന്ന കോടതിയുടെ നിലപാടിനെ തുടര്‍ന്ന് ഇന്ന് കെബിപിഎസ് എംഡിയുമായും മുന്‍ കരാറുകാരായ മണിപ്പാല്‍ ടെക്‌നോളജിസിനേയും പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പള്‍ സെക്രട്ടറി ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. കെബിപിഎസിന്റെ അച്ചടി നിരക്കില്‍ തന്നെ പുസ്തകം അച്ചടിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം മണിപ്പാല്‍ പ്രസ് നിഷേധിച്ചു. 25 ശതമാനം അധിക നിരക്കു നല്കണമെന്നും ഒപ്പം ഗതാഗത ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു മണിപ്പാല്‍ പ്രസ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. എന്നാല്‍ നിലവില്‍ ഇത് അംഗീകരിക്കാന്‍ നിര്‍വ്വാഹമില്ലാത്തിനാല്‍ അടുത്ത ദിവസങ്ങളില്‍ മറ്റു പ്രസുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. പാഠപുസ്തകങ്ങളുടെ അച്ചടി ആദ്യം ഏല്പ്പിച്ചത് മണിപ്പാല്‍ പ്രസ്സിനായിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി, ഇതിനെതിരെ പ്രസ്സ് കോടതിയെ സമീപിച്ചിരുന്നു.

സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതില്‍ വരുന്ന കാലാതാമസത്തെക്കുറിച്ച് കോടതികൂടി സര്‍ക്കാരിനെ വിമര്‍ശിച്ച സാഹചര്യത്തില്‍ എത്രയും വേഗം അച്ചടി പൂര്‍ത്തീകരിച്ച് പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ എത്തിച്ച് മുഖം രക്ഷിക്കാനാകും സര്‍ക്കാര്‍ ശ്രമിക്കുക. 20ാം തിയതിക്കുള്ളില്‍ പുസ്തകങ്ങള്‍ അടിച്ചു തീര്‍ത്ത് 23ാം തിയതിക്കകം വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. പല സ്‌കൂളുകളിലും കുട്ടികള്‍ പുസ്തകങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്താണ് ഉപയോഗിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: