പാട്രിയറ്റ് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള സൈനിക സംവിധാനങ്ങള്‍ വിന്യസിപ്പിച്ച് അമേരിക്ക; ഗള്‍ഫില്‍ സൈനിക നീക്കം ശക്തമാക്കുന്നു…

ഇറാനുമായുള്ള ബന്ധം സങ്കീര്‍ണമാകുന്നതിനിടെ ഗള്‍ഫിലേക്കുളള സൈനിക നീക്കം അമേരിക്ക ശക്തമാക്കി. യുദ്ധവിമാനങ്ങളും പാട്രിയറ്റ് മിസൈലുകളുമായി അമേരിക്കയുടെ യുദ്ധക്കപ്പല്‍ യുഎസ്എസ് ആര്‍ലിംങ്ടണ്‍ ഗള്‍ഫിലേക്ക് നീങ്ങിയതായി പെന്റഗണ്‍ അറിയിച്ചു. യു എസ് ബി 52 ബോംബര്‍ വിമാനങ്ങള്‍ ഖത്തറിലെ യു എസ് താവളത്തിലെത്തിയതായും പെന്റഗണ്‍ അറിയിച്ചു. മേഖലയിലുള്ള യുഎസ് സൈനികര്‍ക്ക് നേരെ ആക്രമണം ഉണ്ടായേക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് സൈനിക നീക്കം നടത്തുന്നതെന്നാണ് പെന്റഗണിന്റെ വിശദീകരണം. എന്നാല്‍ സൈനിക നീക്കത്തിനായി പറയുന്ന കാര്യങ്ങള്‍ വിഡ്ഢിത്തമാണെന്ന് ഇറാന്‍ പ്രതികരിച്ചു. രാജ്യത്തെ ഭീഷണിപെടുത്തി നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് അമേരിക്ക സൈനിക നീക്കം നടത്തുന്നതെന്നും ഇറാന്‍ ആരോപിച്ചു.

അമേരിക്കന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭിന്നതകള്‍ മറന്നു ഒന്നിച്ചു നില്‍ക്കണമെന്ന് പ്രസിഡണ്ട് ഹസ്സന്‍ റൂഹാനി പറഞ്ഞു. ‘1980ലെ ഇറാഖുമായുള്ള യുദ്ധത്തെക്കാള്‍ കടുത്തതാണ് നിലവിലെ സാഹചര്യം. അതിജീവിക്കണമെങ്കില്‍ ഒന്നിച്ചു നിന്നെ പറ്റൂ” റൂഹാനി പറഞ്ഞതായി ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ ഇര്‍ന (IRNA) റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനുമായി സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ അമേരിക്കയ്ക്കെതിരായ നീക്കങ്ങളെ പ്രതിരോധിക്കുമെന്നാണ് പെന്റഗണിന്റെ നിലപാട്. ഇറാഖില്‍ ഇപ്പോള്‍ തന്നെ 5,200 യുഎസ് സൈനികരുണ്ട്. ഇറാനുമായി അഞ്ച് ലോക രാജ്യങ്ങളുണ്ടാക്കിയ ആണവകരാറില്‍നിന്ന് അമേരിക്ക കഴിഞ്ഞവര്‍ഷം പിന്‍മാറിയിരുന്നു. അമേരിക്ക തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഉപരോധത്തെ മറികടക്കാന്‍ കരാറില്‍ പങ്കാളികളായ യുറോപ്യന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് ഇറാനും ഭാഗികമായി കരാറില്‍നിന്ന് പിന്‍വാങ്ങി. ഇറാനെതിരായ ഉപരോധം അമേരിക്ക കഴിഞ്ഞ ദിവസം ശക്തമാക്കിയിരുന്നു.

ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോഴാണ ഇറാനുമായി ലോക രാജ്യങ്ങള്‍ ആണവ കരാറില്‍ ഏര്‍പ്പെട്ടത്. ഇതനുസരിച്ച് ആണവപരിപാടികള്‍ പരിമിതപ്പെടുത്താനും ആണവ നിലയങ്ങള്‍ അന്താരഷ്ട്ര നിരീക്ഷകര്‍ക്ക് തുറന്നുകൊടുക്കാനും ഇറാന്‍ സമ്മതിച്ചിരുന്നു. ഇറാന്‍ കരാറില്‍ പറയുന്ന കാര്യങ്ങള്‍ പാലിക്കുന്നുണ്ടെന്നായിരുന്നു അന്താരാഷ്ട്ര നിരീക്ഷകരുടെ റിപ്പോര്‍ട്ട്. 2015 ല്‍ ആണവകരാര്‍ നിലവില്‍ വന്നപ്പോള്‍ തന്നെ അമേരിക്കയുടെ സഖ്യ കക്ഷികളായ ഇസ്രായേല്‍ ഇതിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. അധികാരത്തിലെത്തിയാല്‍ ഇറാനുമായുള്ള കരാറില്‍നിന്ന് പിന്മാറുമെന്ന ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ഇറാനിലെ റവല്യൂഷണറി ഗാര്‍ഡിനെ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചത്. ആദ്യമായാണ് ഒരു വിദേശ രാജ്യത്തെ സൈനിക സംവിധാനത്തെ ഭീകരപ്രസ്ഥാനമായി അമേരിക്ക പ്രഖ്യാപിക്കുന്നത്. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അനുവദിച്ചിരുന്ന ഇളവുകളും അമേരിക്ക അവസാനിപ്പിച്ചിരുന്നു. അമേരിക്ക ഉപരോധം ശക്തമാക്കിയാല്‍ ഹോര്‍മൂസ് കടലിടുക്ക് ഉപരോധിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ലോകത്തെ വിവിധ രാജ്യങ്ങളിലേക്കുള്ള എണ്ണ കപ്പലുകളില്‍ ഏറെയും ഇതുവഴിയാണ് കടന്നുപോകുന്നത്.

Share this news

Leave a Reply

%d bloggers like this: