പാഞ്ചാലിമേട്ട് കുരിശു തര്‍ക്കം: ക്ഷേത്രമുണ്ടായിരുന്നെന്ന് ദേവസ്വം ബോര്‍ഡ്, ഭൂമിയേറ്റെടുക്കുമ്പോള്‍ ക്ഷേത്രമോ കുരിശോ ഇല്ലെന്ന് സര്‍ക്കാര്‍

ഇടുക്കി: പാഞ്ചാലി മേടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ വിവാദ ഭൂമിയുടെ സ്വഭാവത്തെകുറിച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡും രണ്ട് നിലപാടില്‍. ഹൈക്കോടതിയില്‍ നല്‍കി സത്യവാങ്ങ്മൂലത്തിലാണ് ക്ഷേത്രം സംബന്ധിച്ച വിവാദത്തില്‍ രണ്ട് വ്യത്യസ്ഥ നിപാട് വ്യക്തമാക്കിയത്. 1976ല്‍ മിച്ചഭൂമിയായി ഈ പ്രദേശം ഏറ്റെടുക്കുമ്പോള്‍ ഇവിടെ ഒരു കാലിത്തൊഴുത്തും ശൗചാലയവും മാത്രമാണ് ഉണ്ടായിരുന്നതെന്നും പാഞ്ചാലിമേട്ടിലെ ക്ഷേത്രവും ഭൂമിയും റവന്യു ഭൂമിയിലാണെന്നും ഇതുവരെ ലഭ്യമായ റവന്യൂ രേഖകള്‍ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അതേസമയം സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം പാഞ്ചാലിമേട്ടില്‍ ഭുവനേശ്വരി ക്ഷേത്രമുണ്ടായിരുന്നുവെന്ന് ദേവസ്വം ബോര്‍ഡും ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റേറ്റ് അറ്റോര്‍ണിയാണ് പാഞ്ചാലിമേട് തര്‍ക്കത്തില്‍ നിലപാടറിയിച്ചത്.

പാഞ്ചാലിമേട്ടിലെ 145 ഏക്കര്‍ ഭൂമി കല്ലുവയല്‍ കുടുംബത്തിന്റേതായിരുന്നെന്നാണ് അടിസ്ഥാന ഭൂമി രജിസ്റ്റര്‍ പ്രകാരം വ്യക്തമാവുന്നത്. ഇത് 1976ല്‍ മിച്ചഭൂമിയായി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഏറ്റെടുത്തു. അന്നത്തെ മഹസ്സര്‍ പ്രകാരം ഭൂമിയില്‍ ക്ഷേത്രമോ കുരിശ്ശോ ഇല്ല. ഏറ്റെടുത്ത ഭൂമി പിന്നീട് ഡി.ടി.പി.സിക്ക് കൈമാറി. നിലവില്‍ 145 ഏക്കര്‍ ഭൂമിയും ഡി.ടി.പി.സിയുടെ കൈവശത്തിലാണെന്നും സര്‍ക്കാറിന് വേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ ബോധിപ്പിച്ചു. അതേസമയം, പാഞ്ചാലിമേട് വഞ്ചിപ്പുഴ മഠത്തിന്റെ പേരിലാണ് സെറ്റില്‍മെന്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എബ്രഹാ ജോര്‍ജ്ജ് കള്ളിവയലില്‍ നിന്നും ഏറ്റെടുത്ത ഭൂമിയാണിത്. ഇതിന് ശേഷമാണ് ഇവിടെ ക്ഷേത്രം നിര്‍മ്മിച്ചതെന്നും സര്‍ക്കാര്‍ പറയുന്നു.

എന്നാല്‍, ഇതേ സെറ്റില്‍മെന്റ് രജിസ്റ്റര്‍ അടിസ്ഥാനമാക്കിയാണ് ദേവസ്വം ബോര്‍ഡ് കോടതിയില്‍ നിലപാട് അറിയിച്ചത്. സെറ്റില്‍മെന്റ് രജിസ്റ്ററില്‍ ഭുവനേശ്വരി ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ പറഞ്ഞു. ഇതിന് പിന്നാലെ ഭൂമി സംബന്ധിച്ച് പല വാദങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ലഭ്യമായ മുഴുവന്‍ രേഖകളും പരിശോധിക്കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

Share this news

Leave a Reply

%d bloggers like this: