പാക് വ്യോമതാവളത്തിനു നേരെ ഭീകരാക്രമണം: 13 തീവ്രവാദികളെ സൈന്യം വധിച്ചു

 

പെഷവാര്‍: പാകിസ്താനിലെ പെഷവാര്‍ വ്യോമസേനാത്താവളത്തില്‍ ഭീകരാക്രമണം. പത്തുപേരടങ്ങിയ സംഘം നടത്തിയ ആക്രമണവും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലും 13 ഭീകരരെ വധിക്കുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പാക് സൈന്യം അറിയിച്ചു. പാക് താലിബാനാണ് ആക്രമണം നടത്തിയതെന്ന് സൈന്യം അറിയിച്ചു. പെഷവാറിലെ ബാദബര്‍ മേഖലയിലെ വ്യോമതാവളത്തില്‍ പുലര്‍ച്ചെയായിരുന്നു ആക്രമണം. 13 പേരെ വധിച്ചതായി പാക് മേജര്‍ ജനറല്‍ അസിം ബാജ്വാ ട്വിറ്ററിലൂടെ അറിയിച്ചു.

പരുക്കേറ്റവരില്‍ പത്തുപേര്‍ സൈനികരാണ്. ഇതില്‍ രണ്ടുപേര്‍ ഓഫീസര്‍ കേഡറിലുള്ളവരാണ്. പരുക്കേറ്റ എല്ലാവരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വ്യോമതാവളത്തിനും പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് സമീപവും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് പേരാണ് ആക്രണം നടത്തിയതെന്നാണ് പാക് സൈന്യം ആദ്യം പുറത്തുവിട്ട വിവരം. കൂടുതല്‍ പേര്‍ സംഘത്തിലുണ്ടോ എന്നറിയാന്‍ തിരച്ചില്‍ നടത്തുന്നുണ്ട്. വലിയ സ്‌ഫോടക വസ്തുക്കളുമായാണ് പാക് ഭീകരര്‍ വ്യോമതാവളത്തിലെത്തിയതെന്ന് സൈന്യം അറിയിച്ചു. എന്നാല്‍, സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പിന്നീട് പുറത്തുവരുന്ന വിവരങ്ങള്‍. ഏറ്റുമുട്ടലും മറ്റ് നടപടികളും ഇപ്പോഴും തുടരുകയാണ്.

ആക്രമണത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ശക്തമായി അപലപിച്ചു. പാക് മണ്ണില്‍ നിന്നും തീവ്രവാദികളെ തുരത്തുന്നതിനു സൈന്യവും രാജ്യവും പൂര്‍ണ സജ്ജമാണെന്നും പെഷവാറിലെ ആക്രമണത്തെക്കുറിച്ച് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ പെഷവാറിലെ സൈനിക സ്‌കൂളിനു നേരെ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിനു ശേഷമുണ്ടാകുന്ന വലിയ സംഭവമാണിത്. സ്‌കൂളില്‍ അതിക്രമിച്ച കയറി തീവ്രവാദികള്‍ നടത്തിയ നരനായാട്ടില്‍ 150 ഓളം കുട്ടികളാണ് മരിച്ചത്.

Share this news

Leave a Reply

%d bloggers like this: