പാകിസ്ഥാന്‍ ഹാഫിസ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത് അമേരിക്കയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും കണ്ണില്‍ പൊടിയിടാനോ?

പാകിസ്താന്റെ ഭീകരതയ്ക്ക് എതിരായുള്ള നടപടി വെറും നാടകം മാത്രമാണോ എന്ന് അമേരിക്ക. പാകിസ്ഥാന്‍ ഇതിനുമുന്‍പും ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട് വിട്ടയക്കുകയും ചെയ്തു. ഇതുകൊണ്ടൊന്നും ആ സംഘടന ഇല്ലാതായിട്ടില്ല എന്നാണ് യുഎസ് വിദേശകാര്യമന്ത്രാലയം പറയുന്നത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇംമ്രാന്‍ഖാന്റെ യു.എസ് സന്ദര്‍ശനത്തിന് മുന്നോടിയായി ഭീകരര്‍ക്കെതിരെ എടുക്കുന്ന നടപടികളില്‍ അമേരിക്കയ്ക്ക് പൂര്‍ണ തൃപ്തി ഇല്ലെന്നാണ് വാഷിംഗ്ടണ്‍ ആസ്ഥാനമായ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭീകരതയുമായി മുന്നോട്ട് പോകുന്നതിനാല്‍ പാകിസ്താന് നല്‍കി വന്ന സാമ്പത്തിക സഹായം യു.എസ് വെട്ടികുറച്ചിരുന്നു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെ തടയുന്നതിനായി രൂപീകരിച്ച ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് കരിമ്പട്ടികയില്‍ പെടുത്തുമെന്ന ആശങ്കയാണ് ചില സംഘടനകള്‍ക്കെതിരെ നടപടികളെടുക്കാന്‍ പാകിസ്താനെ നിര്‍ബന്ധിതമാക്കിയതെന്നും സൂചനയുണ്ട്. 20 ഭീകര സംഘടനകളുടെ പരിശീലന കേന്ദ്രങ്ങളാണ് പാകിസ്താന്‍ ഈയിടെയായി അടച്ചു പൂട്ടിയത്. നടപടി എടുക്കുന്നതിനു അനുസരിച്ചു ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളമാണെന്നു അമേരിക്ക നിരീക്ഷിച്ചുവരികയാണ്.

2001നു ശേഷം ഇത് ഏഴാം തവണയാണ് ലഷ്‌കര്‍ ഇ തോയ്ബ നേതാവ് ഹാഫിസ് സയ്യീദ് പാകിസ്താനില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരകനായ ഇയാളെ ഈയിടെയാണ് യുഎന്‍ ഭീകരനായി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ അറസ്റ്റുകളൊന്നും ഇയാളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നില്ല. അദ്ദേഹം നയിക്കുന്ന ഭീകരപ്രസ്താനത്തിന്റെ പരിശീലന കേന്ദ്രങ്ങള്‍ നിര്‍ബാധം പാകിസ്താനില്‍ പ്രവര്‍ത്തിച്ചുപോന്നു.

ഇതാണ് പാകിസ്താന്റെ നടപടികളെ സംശയത്തോടെ കാണാന്‍ അമേരിക്കയെ നിര്‍ബന്ധിതമാക്കിയതെന്നാണ് സൂചന. പാകിസ്താന്‍ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നത് ഒരു വസ്തുതയാണ്. ഇപ്പോള്‍ അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കാന്‍ പാകിസ്താന്‍ തയ്യാറാകുന്നുണ്ടോ എന്നതാണ് പ്രധാനം. അതേസമയം പാകിസ്താന്റെ മണ്ണ് ഭീകരതയ്ക്ക് വേണ്ടി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്റെ പ്രസ്താവനയെ അമേരിക്ക സ്വാഗതം ചെയ്യുകയും ചെയ്തു

Share this news

Leave a Reply

%d bloggers like this: