പാകിസ്താന്‍ അധീന കാശ്മീരിലെ കോളേജുകളില്‍ അഡ്മിഷന്‍ നേടരുത്: വിദ്യാര്‍ത്ഥികളോട് യുജിസി നിര്‍ദ്ദേശം…

പാകിസ്താന്‍ അധീന കാശ്മീരിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന് ശ്രമിക്കരുത് എന്ന് വിദ്യാര്‍ത്ഥികളോട് യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷന്‍ (യുജിസി). പാകിസ്താന്‍ ഒക്കുപ്പയിംഗ് കാശ്മീര്‍ (പിഒകെ) ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ് എന്നും അതേസമയം അത് പാകിസ്താന്‍ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുകയാണ് എന്നും യുജിസി പറയുന്നു. പാക് അധീന കാശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തന്നെ ഇന്ത്യ ഗവണ്‍മെന്റോ സ്റ്റാറ്റിയൂട്ടറി അതോറിറ്റികളോ – യുജിസി, എഐസിടിഇ (ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എജുക്കേഷന്‍) മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) തുടങ്ങിയവയുടെ ഒന്നും അംഗീകാരമില്ലാത്തവയാണ് – യുജിസി സെക്രട്ടറി പ്രൊഫ.രജനീഷ് ജയിന്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.

ആസാദ് ജമ്മു കാശ്മീരിലെയോ ഗില്‍ജിത് ബാള്‍ട്ടിസ്താനിലെയോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടരുത് – വിജ്ഞാപനത്തില്‍ പറയുന്നു. അതേസമയം യുജിസി വിജ്ഞാപനം വിദ്യാഭ്യാസത്തെ രാഷ്ട്രീയവത്കരിക്കുന്നത് എന്ന് ഹൂറിയത് കോണ്‍ഫററന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് അഭിപ്രായപ്പെട്ടു. ഇത് ലോകത്ത് എവിടെയും പഠിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ മൗലിക അവകാശം ലംഘിക്കുന്നതായും നിലവില്‍ ഈ മേഖലകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതായും മിര്‍വായിസ് കുറ്റപ്പെടുത്തി.

എല്ലാ വര്‍ഷവും കാശ്മീര്‍ താഴ്വരയിലെ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പാക് അധീന പ്രദേശങ്ങളിലെ കോളേജുകളില്‍ – പ്രത്യേകിച്ച് മെഡിക്കല്‍ കോളേജുകള്‍ പ്രവേശനം നേടുന്നുണ്ട്. ജമ്മു കാശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പാക് കോളേജുകള്‍ പ്രത്യേക ക്വോട്ട നല്‍കുന്നുണ്ട്. പുതിയ ഉത്തരവ് ഉടന്‍ പിന്‍വലിക്കണം എന്ന് മിര്‍വായിസ് ഉമര്‍ ഫാറൂഖ് ആവശ്യപ്പെട്ടു. കാശ്മീരി വിദ്യാര്‍ത്ഥികളുടെ കരിയറില്‍ രാഷ്ട്രീയം കളിക്കരുത്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളെ പോലെ ഇഷ്ടമുള്ളയിടങ്ങളില്‍ പഠിക്കാനുള്ള അവകാശം കാശ്മീരിലെ വിദ്യാര്‍ത്ഥികള്‍ക്കുമുണ്ട് എന്ന് മിര്‍വായിസ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: