പാകിസ്താനിലെ കറാച്ചിയിലേക്കുള്ള താര്‍ ലിങ്ക് എക്‌സ്പ്രസ് റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ

ജോധ്പുര്‍ : ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്കുള്ള സംഝോധ എക്‌സ്പ്രസ് ട്രെയിന്‍, ഡല്‍ഹി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നിന്നുള്ള പാകിസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ബസ് സര്‍വീസ് എന്നീ രാജ്യാന്തര ഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തലാക്കിയതിന് പിന്നാലെ ഇന്ത്യ -പാക് റൂട്ടിലുള്ള മറ്റൊരു ട്രെയിന്‍ സര്‍വീസ് ഇന്ത്യയും നിര്‍ത്തലാക്കി. താര്‍ ലിങ്ക് എക്‌സ്പ്രസ്സ് ആണ് നിര്‍ത്തലാക്കിയത്. ഓഗസ്റ്റ് ഒമ്പതിനു തന്നെ പാകിസ്താന്‍ തങ്ങളുടെ ഭാഗത്തു നിന്നുള്ള ട്രെയിന്‍ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ അവസാന യാത്രയ്ക്ക് പാകിസ്താന്‍ അനുമതി നല്‍കുകയും ചെയ്തു. പാകിസ്താനില്‍ നിന്ന് 165 പേരാണ് ഇന്ത്യയിലേക്ക് അവസാനത്തെ വണ്ടിയില്‍ വന്നത്. താര്‍ എക്‌സ്പ്രസ്സിനെ സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രഖ്യാപനം വന്നിരുന്നില്ല. രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നാണ് ഈ ട്രെയിന്‍ യാത്ര തുടങ്ങാറുള്ളത്. പാക് അതിര്‍ത്തിയിലെ ഇന്ത്യന്‍ പ്രദേശമായ മുനബാവോ വരെയാണ് ഈ ലിങ്ക് ട്രെയിന്‍ യാത്ര ചെയ്യുക. ഇവിടെ നിന്ന് യാത്രക്കാര്‍ കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞ് പാകിസ്താന്‍ തങ്ങളുടെ അതിര്‍ത്തിക്കകത്ത് തയ്യാറാക്കി നിര്‍ത്തുന്ന ട്രെയിനില്‍ കയറും.

ഇവിടെ നിന്നും യാത്ര തുടങ്ങുന്ന ട്രെയിന്‍ പാകിസ്താനിലെ കറാച്ചിയില്‍ യാത്ര അവസാനിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരുന്നത്. ഈ ട്രെയിന്‍ ഇന്ന് (വെള്ളിയാഴ്ച) പുറപ്പെടേണ്ടിയിരുന്നതാണ്. എന്നാല്‍ ട്രെയിന്‍ പുറപ്പെടില്ലെന്ന ഔദ്യോഗിക അറിയിപ്പ് ഇന്ത്യന്‍ റെയില്‍വേ വക്താവ് നല്‍കി.45 പേരാണ് ഇത്തവണ പാകിസ്താനിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. സംഝോധ എക്‌സ്പ്രസ് ട്രെയിന്‍ നിര്‍ത്തലാക്കുന്നതായി ആദ്യം പ്രഖ്യാപിച്ചതും പാകിസ്താനായിരുന്നു. വാജ്‌പേയി തുടങ്ങിയതാണ് ഈ ഡല്‍ഹി-ലാഹോര്‍ തീവണ്ടി.

ബസ് സര്‍വ്വീസ് നിര്‍ത്തുകയാണെന്ന വിവരം പാകിസ്താന്‍ ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (PTDC) ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് ടെലിഫോണിലൂടെ അറിയിക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഡിടിസിയുടെ ബസ്സ് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പുറപ്പെട്ടിരുന്നത്. ഇവ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ തിരിച്ചെത്തുന്ന വിധമാണ് ക്രമീകരിച്ചിരുന്നത്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളും, വ്യാപാരബന്ധങ്ങളും പാകിസ്ഥാന്‍ നിര്‍ത്തലാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: