പശുവിനെ കൊന്നെന്ന ആരോപണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വീണ്ടും കലാപം; 21പേര്‍ അറസ്റ്റില്‍

മണിപ്പൂരി; ഉത്തര്‍പ്രദേശിലെ മണിപ്പൂരി ജില്ലയില്‍ പശുവിനെ കൊന്നെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്നലെ കലാപത്തിന് ശ്രമിച്ച ഇരുപത്തിയൊന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കലാപന്തരീക്ഷം സൃഷ്ടിച്ച അക്രമകാരികള്‍ പൊലീസ് വാഹനങ്ങള്‍ കത്തിക്കുകയും, ഒട്ടേറെ കടകള്‍ക്ക് തീയിടുകയും ചെയ്തു.

ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയാണ് മണിപ്പൂരി. ഇവിടെയുളള ഗ്രാമത്തില്‍ പശുവിന്റെ ശവം കണ്ടെത്തിയതിനെ തുടര്‍ന്ന് ഗോവധമാണെന്ന് കിംവദന്തി പരത്തിയാണ് ആക്രമണങ്ങള്‍ ഉണ്ടായതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. . പശുവിന്റെ തോലെടുത്തെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവാക്കളെ ഓടിച്ചുപിടിച്ചു മര്‍ദിക്കുകയായിരുന്നു. തോലുരിച്ചവരെ നാട്ടുകൂട്ടം ചേര്‍ന്നു ശിക്ഷിക്കണമെന്നു ഗ്രാമീണര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് വഴങ്ങാതിരുന്നതാണു സംഘര്‍ഷത്തിനു കാരണമായത്. പോലീസിന്റെ നേര്‍ക്കും ആക്രമണം ഉണ്ടായി. രണ്ടു പോലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ആള്‍ക്കൂട്ടം കടകള്‍ക്കു തീയിട്ടു. ചില വീടുകള്‍ തല്ലിത്തകര്‍ത്തു. സംഭവത്തില്‍ ഏഴു പോലീസുകാര്‍ക്കുള്‍പ്പെടെ എട്ടു പേര്‍ക്കു പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്നു പോലീസ് ടിയര്‍ഗാസ് ഉപയോഗിച്ചു. എന്നാല്‍ തുടര്‍ന്ന് നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞതായും മജിസ്‌ട്രേറ്റ് സൂചിപ്പിച്ചു. ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

രണ്ടാഴ്ച മുന്‍പാണ് മണിപ്പൂരിയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുളള ദാദ്രിയില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നും,ബീഫ് കഴിച്ചുവെന്ന് ആരോപിച്ചും അക്രമാസക്തമായ ആള്‍ക്കൂട്ടം അഖ്‌ലാഖ് എന്ന 52 വയസുകാരനെ തല്ലിക്കൊന്നത്. ആക്രമണത്തില്‍ അഖ്‌ലാഖിന്റെ മകനും ഗുരുതരമായി പരിക്കേറ്റിരുന്നു. രാജ്യത്തെ നടുക്കിയ ഈ കൊലപാതകത്തില്‍ ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത് ബീഫല്ല, ആട്ടിറച്ചിയാണെന്ന് ഫോറന്‍സികിന്റെ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. ദാദ്രി സംഭവം രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മെനഞ്ഞതാണെന്നു പ്രധാനമന്ത്രി പ്രസ്താവന നടത്തിയതിനു ദിവസങ്ങള്‍ക്കുള്ളിലാണു വീണ്ടും പശുവിന്റെ പേരില്‍ ആക്രമണം ഉണ്ടായിരിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: