പഴുതുകള്‍ വര്‍ധിക്കുന്നു; റോഡ് സുരക്ഷ നിയമം അശക്തം; 500 ഓളം നിരോധിത ഡ്രൈവര്‍മാര്‍ അപകടങ്ങളുണ്ടാക്കുന്നു

ഡബ്ലിന്‍: ഗുരുതര പരിക്കുകള്‍ക്കും മരണത്തിനും കാരണമാകുന്ന റോഡപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങളില്‍ പലതും ഓടിക്കുന്നത് നിരോധിക്കപ്പെട്ട ഡ്രൈവര്‍മാരാണെന്ന് വെളിപ്പെടുത്തല്‍. ഇത്തരത്തില്‍ 500 ഓളം നിരോധിത ഡ്രൈവര്‍മാരാണ് റോഡില്‍ നിയമത്തിന്റെ കണ്ണു വെട്ടിച്ച് വിലസുന്നത്. റോഡ് സുരക്ഷ അതോറിറ്റിയാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. രാജ്യത്തെ റോഡ് സുരക്ഷ നിയമങ്ങളും ശിക്ഷാ നടപടികളും ശക്തമല്ലെന്നും നിയമത്തിന്റെ പഴുതുകളുപയോഗിച്ച് പലരും രക്ഷപെടുകയാണെന്നുമുള്ള ആരോപണം ഉയരുന്നതിനിടെയാണ് അതോറിറ്റിയുടെ വെളിപ്പെടുത്തല്‍.

ഗുരുതര പരിക്കുകളോ മരണം തന്നെയോ സംഭവിച്ച അപകടങ്ങളില്‍ കുറ്റം ചാര്‍ത്തപ്പെടുന്ന ഡ്രൈവര്‍മാര്‍ നേരത്തേ തന്നെ അയോഗ്യരാക്കപ്പെട്ടവരാണ്. 521 ഡ്രൈവര്‍മാരാണ് ഇത്തരത്തില്‍ അയോഗ്യത കല്‍പ്പിച്ചിട്ടും വാഹനമോടിച്ച് അപകടങ്ങള്‍ ആവര്‍ത്തിക്കുന്നത്. റോഡ് സുരക്ഷ സംഘടനയായ പാര്‍ക്കിനു നല്‍കിയ കത്തിലാണ് അതോറിറ്റിയുടെ വെളിപ്പെടുത്തല്‍.

നിരോധിക്കപ്പെട്ട ഡ്രൈവര്‍മാര്‍ വാഹനമോടിക്കുന്നതായി കണ്ടെത്തി പിടികൂടിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന റോഡ് സുരക്ഷ നിയമത്തിലെ വ്യവസ്ഥ അടുത്തിടെയാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. അതിനു മുന്‍പ് ഇത്തരം ഡ്രൈവര്‍മാരെ മാസങ്ങള്‍ നീളുന്ന നടപടിക്രമങ്ങള്‍ക്കു ശേഷമേ അറസ്റ്റ് ചെയ്യാനാകുമായിരുന്നുള്ളൂ. ഇത് പലപ്പോഴും അയോഗ്യത കല്‍പ്പിക്കപ്പെട്ട ഡ്രൈവര്‍മാര്‍ക്ക് സഹായകരമാകുകയും അവര്‍ തുടര്‍ന്നും വാഹനങ്ങളോടിക്കുകയും ചെയ്തു.

-എജെ-

Share this news

Leave a Reply

%d bloggers like this: