പഴയ കറന്‍സി കയ്യിലുണ്ടോ ? നിങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

ഈ നോട്ട് നിരോധന കാലത്ത് വിദേശ ഇന്ത്യക്കാര്‍ക്ക് 500, 1000 രൂപ കറന്‍സികള്‍ മാറ്റിയെടുക്കുന്നതിനുള്ള ചില വഴികള്‍. ബാങ്കുകളുടെ വിദേശ ബ്രാഞ്ചുകള്‍, എക്സ്ചേഞ്ച് ഓഫീസുകല്‍, വിമാനത്താവളങ്ങള്‍, ഇന്ത്യന്‍ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്നും നിരോധിച്ച നോട്ടുകള്‍ മാറിയെടുക്കാനുള്ള കാലാവധി കഴിഞ്ഞതോടെ ഈ നിര്‍ദ്ദേശങ്ങള്‍ പ്രവാസികള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമായേക്കും.

നാട്ടിലെത്തുമ്പോള്‍ ടാക്സി കൂലി കൊടുക്കാനും മറ്റ് അടിയന്തിരച്ചിലവുകള്‍ക്കുമായി പ്രവാസികള്‍ എപ്പോഴും കുറച്ച് പണം കൈയില്‍ കരുതാറുണ്ട്. ഈ ദിവസങ്ങളില്‍ ഇന്ത്യയിലേക്ക് വരുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം പഴയ 500, 1000 രൂപ നോട്ടുകളില്‍ മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ സാധിക്കും. ഡിസംബര്‍ 30 വരെ ഇതിനുള്ള അവസരം ലഭിക്കും. എന്നാല്‍ 25,000 രൂപയുടെ ഇന്ത്യന്‍ കറന്‍സി മാത്രമേ ഒരു പ്രവാസിക്ക് കൈയില്‍ കരുതാന്‍ സാധിക്കൂവെന്ന് പ്രത്യേകം ഓര്‍ക്കുക.

അടുത്ത ദിവസങ്ങളില്‍ ഇന്ത്യയിലേക്ക് സഞ്ചരിക്കുന്നവരുടെ കൈയില്‍ ഉള്ള നോട്ടുകള്‍ കൊടുത്തുവിടുകയാണ് മറ്റൊരു മാര്‍ഗ്ഗം. ഇന്ത്യയിലേക്ക് പോകുന്ന നിങ്ങളുടെ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ കൈവശം നിരോധിച്ച നോട്ടുകള്‍ കൊടുത്തുവിടുകയും നിങ്ങളുടെ നാട്ടിലെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യാം. ഇവിടെ നിങ്ങള്‍ക്ക് വിശ്വാസമുള്ള ഒരാളെ കണ്ടെത്തുകയാണ് പ്രധാനം. മറ്റൊളാള്‍ ചുമതലപ്പെടുത്തിയ പണമാണെങ്കിലും 25,000 രൂപയില്‍ കൂടുതലുമായി ഒരാള്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ഓര്‍ക്കുക.

നിങ്ങളോ അല്ലെങ്കില്‍ നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന മറ്റൊരാളോ ആണ് നിരോധിത നോട്ടുമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതെങ്കില്‍ നിങ്ങളുടെ എന്‍ആര്‍ഒ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാം. എന്‍ആര്‍ഇ അക്കൗണ്ടുകളും എന്‍ആര്‍ഒ അക്കൗണ്ടുകളും തികച്ചും വ്യത്യസ്തമാണെന്ന് ഓര്‍ക്കുക. എന്‍ആര്‍ഇ അക്കൗണ്ടുകളില്‍ നിങ്ങള്‍ക്ക് ഇന്ത്യയില്‍ വച്ച് നേരിട്ട് നിക്ഷേപങ്ങള്‍ നടത്താന്‍ സാധിക്കില്ല. ഇന്ത്യയില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് പണം നിക്ഷേപിക്കണമെങ്കില്‍ എന്‍ആര്‍ഒ അക്കൗണ്ടുകള്‍ തന്നെ ഉപയോഗപ്പെടുത്തേണ്ടി വരും. 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നതിന് പണത്തിന്റെ സ്ത്രോതസ്സുകള്‍ കാണിക്കണം. നിങ്ങളുടെ ശമ്പളത്തെക്കാള്‍ വളരെയധികം കൂടുതല്‍ പണം നിക്ഷേപിക്കുകയും വ്യക്തമായ രേഖകള്‍ കാണിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ ഭാവിയില്‍ നിങ്ങള്‍ ചോദ്യം ചെയ്യലിന് വിധേയമായേക്കാം.

നിങ്ങള്‍ക്ക് ഇന്ത്യയില്‍ നിരോധിച്ച നോട്ടുകളുണ്ടെങ്കില്‍ അത് ബാങ്കില്‍ നിക്ഷേപിക്കാന്‍ നാട്ടിലുള്ള മറ്റൊരാളെ ചുമതലപ്പെടുത്താവുന്നതാണെന്ന് ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. നിങ്ങളുടെ സമ്മതപത്രവും നിക്ഷേപിക്കുന്ന ആളുടെ അംഗീകൃത തിരിച്ചറിയല്‍ രേഖയുമായി ബാങ്കിലെത്തി ഇത് നിക്ഷേപിക്കാവുന്നതാണ്.

ഈ വര്‍ഷം നിങ്ങള്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നില്ലെങ്കില്‍ പോലും 2017 മാര്‍ച്ച് 31 വരെ നിര്‍ദ്ദിഷ്ട ആര്‍ബിഐ ഓഫീസുകളില്‍ നിങ്ങള്‍ക്ക് നോട്ടുകള്‍ മാറിയെടുക്കാന്‍ സാധിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് സംബന്ധിച്ച അവസാന തീയതിയെ കുറിച്ച് ആര്‍ബിഐ വെബ്സൈറ്റ് ഒന്നും പറയുന്നില്ല. നിര്‍ദ്ദിഷ്ട തീയതി പറയാതിരിക്കുന്ന സ്ഥിതിക്ക് 2017 മാര്‍ച്ച് 31 അവസാന തീയതിയായി പരിഗണിക്കുന്നതാവും സുരക്ഷിതം. വലിയ സംഖ്യകള്‍ക്ക് സ്രോതസും താമസിക്കാനുണ്ടായ കാരണവും കാണിക്കേണ്ടിവരുമെന്ന് ഓര്‍ക്കുക. പാസ്പോര്‍ട്ട്, വിസ/റസിഡന്റ് കാര്‍ഡ് ഇവയിലൂടെ വിദേശത്തായിരുന്നുവെന്ന് തെളിയിക്കാനും ശമ്പള സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലൂടെ സ്രോതസ് തെളിയിക്കാനും നിങ്ങള്‍ക്ക് സാധിക്കും.

വിദേശ ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും പഴയ നോട്ടുകള്‍ മാറാനുള്ള സാധ്യതകള്‍ പരിമിതമാണ്. വിഷയം വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മിക്ക ഇന്ത്യന്‍ എംബസികളും ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്‍ആര്‍ഐകള്‍ക്ക് നോട്ട് മാറിയെടുക്കേണ്ട അവസാന തീയതി ദീര്‍ഘിപ്പിച്ച് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എംബസികളും വിവിധ ഇന്ത്യന്‍ അസോസിയേഷനുകളും.

 

എഎം

Share this news

Leave a Reply

%d bloggers like this: