പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ വേണം; ദിലീപ് സുപ്രീം കോടതിയില്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന തെളിവായ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ആക്രമണ ദൃശ്യങ്ങള്‍ തേടി കേസിലെ ആരോപണ വിധേയനായ നടന്‍ ദിലീപ് സുപ്രീം കോടതിയില്‍. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് കൈമാറണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി അഭിഭാഷകയായ രഞ്ജീത റോത്തഗിയാണ് സമര്‍പ്പിച്ചത്.

മെമ്മറി കാര്‍ഡ് ഉള്‍പ്പടെ ഉള്ള കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയിരുന്ന ഹര്‍ജികള്‍ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയതിന് പിറകെയാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ വിചാരണ കോടതിയിലും ഹൈക്കോടതിയിലും ഉള്‍പ്പെടെ സ്വീകരിച്ച നിലപാട്. ഇതേ നിലപാട് ആവര്‍ത്തിച്ചായിരിക്കും സുപ്രീം കോടതിയിലും ദിലീപിന്റെ അഭിഭാഷകര്‍ മുന്നോട്ടുപോവുക.

വിചാരണ കോടതിയിലും ഹൈക്കോടതിയിലും പറഞ്ഞ അതേ കാര്യമാണ് സുപ്രിം കോടതി ഹര്‍ജിയിലും കേസിലെ എട്ടാം പ്രതിയായ ദിലീപ് ഉന്നയിച്ചിരിക്കുന്നത്; . ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തനിക്ക് അവകാശം ഉണ്ട്. പൊലീസ് കൈവശം വച്ചിരിക്കുന്ന ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടത്തിയിട്ടുണ്ടെന്ന വാദമാണ് എന്തുകൊണ്ട് ദൃശ്യങ്ങള്‍ തനിക്ക് പരിശോധിക്കണമെന്ന് ആവശ്യപ്പെടാനുള്ള കാരണമായും ദിലീപ് പറയുന്നത്.

ദിലീപിന്റെ ആരോപണങ്ങള്‍ ഇവയാണ്: കേസിലെ സുപ്രധാന തെളിവായി അന്വേഷണ സംഘം പറയുന്ന നടിയെ ആക്രമിക്കുന്നതിന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടത്തിയിട്ടുണ്ട്. ദൃശ്യങ്ങളില്‍ ഒരു സ്ത്രീയുടെ ശബ്ദം കേള്‍ക്കുന്നുണ്ട്. ഇതാണ് എഡിറ്റിംഗ് നടന്നിട്ടുണ്ടെന്ന സംശയം ഉണ്ടാക്കുന്നത്.

തനിക്കെതിരേ നടന്ന ഗൂഢാലോചനയാണ് ഈ കേസ് എന്നും സിനിമയിലെ ചില പ്രമുഖര്‍ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും പൊലീസിലെ ചില ഉന്നതരും ഇവരും ചേര്‍ന്ന് നടത്തിയിരിക്കുന്ന ഈ ഗൂഢാലോചനയുടെ ഇരയാണ് താനെന്നുമാണ് ദിലീപ് പറയുന്നത്.

ദിലീപിന്റെ ഹര്‍ജി സുപ്രിംകോടതി ക്രിസ്തുമസ് അവധിക്ക് പിരിയുന്നതിന് മുമ്പ് പരിഗണിച്ചേക്കുമെന്നാണ് സൂചന. ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറലും സീനിയര്‍ അഭിഭാഷകനുമായ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ഹാജരായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ദൃശങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കാന്‍ കഴിയില്ലെന്നും ഇത് ദൃശ്യങ്ങള്‍ പുറത്തുപോകാന്‍ ഇടയാക്കുന്നതുമാണെന്നാണ് പ്രോസിക്യൂഷന്റെ മുന്‍നിലപാട്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: