പരീക്ഷണ പറക്കല്‍ വിജയം; കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം രാജ്യാന്തര വ്യോമയാന ഭൂപടത്തില്‍ ഇടം നേടി

 

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം രാജ്യാന്തര വ്യോമയാന ഭൂപടത്തില്‍. വിമാനത്താവളത്തിലെ റഡാര്‍ സംവിധാനത്തിന്റെ പരിശോധനയ്ക്കായുള്ള പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയായതോടെയാണ് കണ്ണൂര്‍ വിമാനത്താവളം രാജ്യാന്തര ഭൂപടത്തില്‍ ഇടം നേടിയത്. ബംഗളുരില്‍ നിന്നെത്തിയ ഡോണിയര്‍ വിഭാഗത്തില്‍പെടുന്ന ചെറുവിമാനം രണ്ടരമണിക്കൂര്‍ സമയമെടുത്താണ് വിമാനത്താവളത്തില്‍ പരിശോധന പൂര്‍ത്തിയാക്കിയത്. വാണിജ്യാടിസ്ഥാനത്തില്‍ ഈ വര്‍ഷംതന്നെ വിമാനമിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കിയാല്‍ എംഡി പി ബാലകിരണും അറിയിച്ചു.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം കാലിബ്രേറ്റ് ചെയ്യുന്നതിനുള്ള പരീക്ഷണ പറക്കലാണ് വിജയകരമായി പൂര്‍ത്തിയായത്. ഡോപ്ലര്‍ വെരി ഹൈ ഫ്രീക്വന്‍സി ഒമ്നി റേഞ്ച് എന്ന ഉപകരണത്തിന്റെ ക്ഷമത പരിശോധിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിനായാണ് ബംഗളുരില്‍ നിന്ന് വിമാനം കണ്ണൂരിലെത്തിയത്. ഡോണിയര്‍ വിഭാഗത്തില്‍പെട്ട ചെറുവിമാനം രണ്ടരമണിക്കൂറോളം വിമാനത്താവളത്തിന് മുകളില്‍ പറന്നുയര്‍ന്നാണ് ഡിവിഒആറിന്റെ കാലിബ്രേഷന്‍ നിര്‍വ്വഹിച്ചത്. നാലായിരം അടി ഉയരത്തില്‍ പല ദിശകളിലും ഉയരങ്ങളിലും പറന്നാണ് വിമാനത്താവളത്തിന്റെ സുരക്ഷയും സിഗ്നല്‍ സംവിധാനങ്ങളും പരിശോധിച്ചത്.

ഡിവിഒആറിന്റെ കാലിബ്രേഷന്‍ കഴിഞ്ഞാല്‍ മാത്രമേ വിമാനങ്ങള്‍ക്ക് വിമാനത്താവളത്തിലെ വ്യോമമേഖലയിലേയ്ക്ക് കൃത്യമായി പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. മുകളിലൂടെ കടന്നുപോകുന്ന വിമാനങ്ങള്‍ക്കു വിമാനത്താവളത്തിന്റെ സ്ഥാനത്തെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ കൈമാറാന്‍ ഇതോടെ ഡിവിഒആര്‍ സജ്ജമായി. സിഎന്‍എന്‍ എന്ന് അയാട്ട കോഡുള്ള കണ്ണൂര്‍ വിമാനത്താവളം ലോകവ്യോമയാന ഭൂപടത്തില്‍ ഇതോടെ ഇടം പിടിയ്ക്കുകയും ചെയ്തു.

2016 ഫെബ്രുവരി 29ന് പരീക്ഷണ പറക്കലിന്റെ ഭാഗമായി വിമാനത്താവളത്തില്‍ ഡോണിയര്‍ വിമാനം ഇറങ്ങിയ ശേഷം നടക്കുന്ന പ്രധാനപ്പെട്ട പരിശോധനയാണിത്. പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ദരുമടങ്ങിയ സംഘമാണ് ബംഗളുരില്‍ നിന്നെത്തിയ വിമാനത്തില്‍ ഉണ്ടായിരുന്നത്. ഡിവിഒആറിന്റെ കാലിബ്രേഷന്‍ കഴിഞ്ഞതോടെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ ഭൂപടത്തില്‍ കണ്ണൂരിന്റെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: