പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോ കാണാം; യൂട്യൂബ് പ്രീമിയം അയര്‍ലന്‍ഡിലും

യൂട്യൂബിന്റെ പ്രീമിയം സേവനങ്ങള്‍ അയര്‍ലണ്ടില്‍ ആരംഭിച്ചു. ഉപയോക്താക്കളില്‍ നിന്നും പണം ഈടാക്കി വീഡിയോകള്‍ കാണാനും പാട്ടുകള്‍ കേള്‍ക്കാനും അവസരം ഒരുക്കുന്ന സേവനമാണിത്. പരസ്യങ്ങള്‍ ഉണ്ടാവില്ല എന്നതാണ് പ്രീമിയം സേവനങ്ങളുടെ സവിശേഷത.

യൂട്യൂബ് റെഡിന് പകരമായാണ് യൂട്യൂബ് പ്രീമിയം അവതരിപ്പിക്കുന്നത്. സ്പോടിഫൈ ആപ്പിള്‍ മ്യൂസിക് പോലുള്ള വീഡിയോ മ്യൂസിക് സേവനങ്ങള്‍ ഈടാക്കുന്ന അതേ തുകയാണ് വീഡിയോകള്‍ക്കും ഗാനങ്ങള്‍ക്കുമെല്ലാം യൂട്യൂബ് ഈടാക്കുക. നേരത്തെയുണ്ടായിരുന്ന യൂട്യൂബ് മ്യൂസിക് സേവനത്തെ പരിഷ്‌കരിച്ചാണ് യൂട്യൂബ് മ്യൂസിക് പ്രീമിയം സേവനം ആരംഭിക്കുന്നത്. ഗൂഗിള്‍ പ്ലേ മ്യൂസിക്കിനും പകരക്കാരനാണ് പുതിയ യൂട്യൂബ് മ്യൂസിക് പ്രീമിയം. വീഡിയോകളും പാട്ടുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതോടൊപ്പം അവ പശ്ചാത്തലത്തില്‍ പ്ലേ ചെയ്യാനുള്ള സൗകര്യവും പുതിയ സേവനങ്ങളില്‍ ലഭിക്കും.

പ്രമുഖ യൂട്യൂബ് വീഡിയോ നിര്‍മാതാക്കളില്‍ നിന്നുള്ള 65 ഓളം പരമ്പരകള്‍ യൂട്യൂബ് പ്രീമിയം ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും. വ്യക്തികളില്‍ നിന്ന് 11.99 യൂറോയും ഫാമിലി പ്ലാനിന് 14,99 യൂറോയുമാണ് പ്രീമിയം സേവനങ്ങള്‍ക്ക് പ്രതിമാസം വരുന്ന ചിലവ്. ഇത് നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം വീഡിയോ സേവനങ്ങളേക്കാള്‍ കൂടുതലാണെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാമിലി പ്ലാനില്‍ ആറ് പേര്‍ക്ക് പ്രീമിയം സേവനങ്ങള്‍ ഉപയോഗിക്കാം.

ആന്‍ഡ്രോയിഡ്. ഐഓഎസ് സ്മാര്‍ട്ഫോണുകളിലും ടാബ്ലെറ്റുകളിലും അതുപോലെ ഗൂഗിള്‍ ഹോം സ്മാര്‍ട് സ്പീക്കറുകളിലും പ്രീമിയം സേവനം ലഭ്യമാവും. അമേരിക്കയിലാണ് യൂട്യൂബ് പ്രീമിയം ആദ്യമായി ആരംഭിച്ചത്. നിലവില്‍ 17 ഓളം രാജ്യങ്ങളില്‍ ഇത് ലഭ്യമാണ്.

യൂട്യൂബ്, യൂട്യൂബ് മ്യൂസിക് ആപ്പ്, യൂട്യൂബ് ഒറിജിനല്‍ സീരീസ് എന്നിലയെല്ലാം ഉള്‍പ്പെടുന്ന സേവനമാണ് യൂട്യൂബ് പ്രീമിയം. യൂട്യൂബ് റെഡ് സേവനത്തിന് പകരമായാണ് ഗൂഗിള്‍ യൂട്യൂബ് പ്രീമിയം അവതരിപ്പിച്ചത്. മുന്‍കൂര്‍ പണം നല്‍കി പ്രീമിയം വരിക്കാരാവാനും പരസ്യങ്ങളില്ലാതെ യൂട്യൂബിലെ പാട്ടുകളും വീഡിയോകളും കാണാനും ഇതുവഴി സാധിക്കും.

സാധാരണ യൂട്യൂബ് വീഡിയോകളില്‍ തുടക്കത്തിലും ഇടയ്ക്കും ഉണ്ടാകാറുള്ള പരസ്യങ്ങള്‍, ബാനര്‍ പരസ്യങ്ങള്‍, സെര്‍ച്ച് പരസ്യങ്ങള്‍, വീഡിയോ ഓവര്‍ലേ പരസ്യങ്ങള്‍ എന്നിവയൊന്നും ഉണ്ടാവില്ല. എന്നാല്‍ വീഡിയോകള്‍ക്കുള്ളില്‍ അതിന്റെ നിര്‍മാതാക്കള്‍ ഉള്‍പ്പെടുത്തിയ പ്രൊമോഷന്‍ ഉള്ളടക്കങ്ങള്‍ മാറില്ല.

സ്മാര്‍ട് ടിവികള്‍ ഉള്‍പ്പടെ ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുന്ന എല്ലാ ഉപകരണങ്ങളിലും പരസ്യങ്ങളില്ലാതെ വീഡിയോ കാണാന്‍ സാധിക്കും.എന്നാല്‍ പ്രീമിയം സേവനങ്ങള്‍ ലഭ്യമായ രാജ്യങ്ങളില്‍ മാത്രമേ ഇത് ലഭിക്കുകയുള്ളൂ. അതുകൊണ്ട് നിലവില്‍ ഇന്ത്യക്കാര്‍ക്ക് ഇത് പരീക്ഷിക്കാന്‍ സാധിക്കില്ല.

യൂട്യൂബ് പ്രീമിയം സേവനത്തിന്റെ സവിശേഷതകള്‍ പരസ്യങ്ങളില്ല എന്നതാണ്: പരസ്യങ്ങളില്ലാതെ ആയിരക്കണക്കിന് വീഡിയോകള്‍ കാണാം. ഡൗണ്‍ലോഡ് ചെയ്ത് ഓഫ്ലൈനില്‍ കാണാം: വീഡിയോകളെല്ലാം ഫോണില്‍ സേവ് ചെയ്ത് ഓഫ്ലൈനില്‍ കാണാന്‍ സാധിക്കും
പശ്ചാത്തലത്തില്‍ പ്ലേ ചെയ്യാം: ഫോണിന്റെയോ ടാബ് ലെറ്റിന്റേയോ സ്‌ക്രീന്‍ ഓഫ് ആയാലും വീഡിയോകള്‍ പശ്ചാത്തലത്തില്‍ പ്ലേ ചെയ്യാനുള്ള സൗകര്യമുണ്ട്.

പാട്ടുകളുടെ വലിയൊരു ശേഖരമാണ് പുതിയ യൂട്യൂബ് മ്യൂസിക് ആപ്പിലുള്ളത് പരസ്യങ്ങളുണ്ടാവില്ല: പരസ്യങ്ങളില്ലാതെ ആയിരക്കണക്കിന് പാട്ടുകള്‍ കേള്‍ക്കാന്‍ സാധിക്കും ഡൗണ്‍ലോഡ് ചെയ്ത് ഓഫ്ലൈനില്‍ പാട്ടുകള്‍ കേള്‍ക്കാം: പാട്ടുകള്‍ ഫോണില്‍ സേവ് ചെയ്ത് ഓഫ്ലൈനില്‍ കേള്‍ക്കാം.

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: