പന്നികളുടെ അവയവങ്ങള്‍ മനുഷ്യരിലേക്ക് മാറ്റിവെക്കാനുള്ള ശ്രമങ്ങള്‍ വിജയത്തിലേക്ക്

പന്നികളുടെ അവയവങ്ങള്‍ മനുഷ്യരിലേക്ക് മാറ്റിവെക്കാനുള്ള പരിശ്രമങ്ങള്‍ വിജയത്തിലേക്ക്. അവയവങ്ങള്‍ മാറ്റിവെക്കുന്നതില്‍ ഉണ്ടായിരുന്ന ഏറ്റവും വലിയ തടസം നീങ്ങിയെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. പന്നികളിലെ ഡിഎന്‍എയില്‍ ഉണ്ടായിരുന്ന പ്രത്യേകതരം വൈറസായിരുന്നു ഈ പ്രക്രിയയിലെ ഏറ്റവും വലിയ വില്ലന്‍. അവയെ നീക്കം ചെയ്യാന്‍ സാധിച്ചുവെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്. ഇതോടെ മനുഷ്യന് ആവശ്യമായ അവയവങ്ങള്‍ക്കും ശരീരകലകള്‍ക്കും വേണ്ടി മൃഗങ്ങളെ വളര്‍ത്താനുള്ള സാധ്യതയാണ് തെളിയുന്നത്.

പന്നികളാണ് മനുഷ്യരുടെ ശരീരപ്രകൃതിയുമായി ഏറ്റവും സാമ്യമുള്ള മൃഗങ്ങള്‍. പന്നികളുടെ അവയവങ്ങള്‍ മനുഷ്യരിലേക്ക് മാറ്റിവെക്കുന്ന രീതിയെ സെനോട്രാന്‍സ്പ്ലാന്റേഷന്‍ എന്നാണ് വിളിക്കുന്നത്. എന്നാല്‍ ഇവയുടെ ഡിഎന്‍എയിലുള്ള റെട്രോവൈറസുകള്‍ മനുഷ്യര്‍ക്ക് മാരകമാണ്. ഇവ ബാധിച്ചു കഴിഞ്ഞാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുകയും ചെയ്യും. പോര്‍സിന് എന്‍ഡോജീനസ് റെട്രോവൈറസ് എന്ന ഇവ പെര്‍വുകള്‍ എന്നാണ് അറിയപ്പെടുന്നത്. ജീനുകളില്‍ ലയിച്ചുപോയിരുന്ന ഇവയെ നീക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇവയാണ് സെനോട്രാന്‍സ്പ്ലാന്റേഷന് ഇക്കാലമത്രയും തടസമായി നിന്നിരുന്നത്.

പ്രത്യേകതരം ജീന്‍ എഡിറ്റിംഗ് സങ്കേതം ഉപയോഗിച്ചാണ് ഈ വൈറസുകളെ നീക്കം ചെയ്തത്. ഇത് അവയമാറ്റ ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന ചുവടുവയ്പാണെന്ന് കെന്റ് സര്‍വകലാശാലയിലെ ജനറ്റിക്സ് പ്രൊഫസര്‍ ഡാരന്‍ ഗ്രിഫിന്‍ പറഞ്ഞു. ഇതോടെ ആവശ്യത്തിന് അവയവങ്ങള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നതെങ്കിലും ധാര്‍മിക പ്രശ്നങ്ങള്‍ തടസങ്ങളായി ഇപ്പോഴും നിലവിലുണ്ട്.


എ എം

Share this news

Leave a Reply

%d bloggers like this: