‘പത്മവ്യൂഹത്തിലെ അഭിമന്യു’ സിനിമയില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത് അയര്‍ലന്‍ഡ് മലയാളിയായ സ്വരൂപ്

മഹാരാജാസ് കോളേജില്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന ‘പത്മവ്യൂഹത്തിലെ അഭിമന്യു’ സിനിമയിലൂടെയാണ് സ്വരൂപ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. സിനിമയില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രമായാണ് സ്വരൂപെത്തുന്നത്.

പ്രഭു സോളമന്‍ ധനുഷിനെ നായകനാക്കി സംവിധാനം ചെയ്ത ‘തൊടറി’ എന്ന സിനിമയില്‍ നായിക കീര്‍ത്തിസുരേഷിന്റെ പരുക്കനായ മുറച്ചെറുക്കന്റെ റോളില്‍ സ്വരൂപ് ശ്രദ്ധിക്കപ്പെട്ടിരുന്നു. രാഘവേന്ദ്രറാവുവിന്റെ തെലുങ്ക് പുരാണസിനിമയിലും വേഷമിട്ടു. കുടുംബസമേതം അയര്‍ലണ്ടില്‍ താമസമാക്കിയ സ്വരൂപ് സിനിമക്ക് വേണ്ടിമാത്രമാണ് ഇന്ത്യയിലേക്ക് വന്നത്. ഐറിഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയപഠനം നടത്തിയശേഷം പ്രമുഖ ഐറിഷ് ചാനല്‍ ആയ ആര്‍ടിഇയില്‍ അഭിനയിക്കുകയും ചെയ്തു.

‘പത്മവ്യൂഹത്തിലെ അഭിമന്യു’ ഫെബ്രുവരി 15ന് കേരളത്തില്‍ പ്രദര്‍ശത്തിന് തയ്യാറായിരിക്കുകയാണ്. ആര്‍എംസിസി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ദത്ത് നിര്‍മ്മിക്കുന്ന സിനിമ നവാഗതനായ വിനീഷ് ആരാധ്യയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

വയനാട് സ്വദേശിയായ പുതുമുഖം ആകാശ് അഭിമന്യുവായി വേഷമിടുന്നു. ഇന്ദ്രന്‍സും ശൈലജയും അഭിമന്യുവിന്റെ മാതാപിതാക്കളായി അഭിനയിക്കുന്നു. പഴയകാല തെന്നിന്ത്യന്‍ നായിക ഭാഗ്യശ്രീ എന്ന ഭാഗ്യലക്ഷ്മി 25 വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സിനിമയിലേക്ക് ഈ ചിത്രത്തിലൂടെ തിരിച്ചെത്തുന്നു എന്നതും പ്രത്യേകതയാണ്. അനൂപ് ചന്ദ്രന്‍, സോനാ നായര്‍, സൈമണ്‍ ബ്രിട്ടോ എന്നിവരോടൊപ്പം ധാരാളം പുതുമുഖങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു. ഷാജി ജേക്കബ് ക്യാമറയും, അഭിലാഷ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബൈജു അത്തോളിയാണ്. അസ്സോസിയേറ്റ് ഡയറക്ടര്‍ പ്രദീപ് കടിയങ്ങാട്, അസ്സോസിയേറ്റ് ക്യാമറാമാന്‍ അജി വാവച്ചന്‍, മേക്കപ് റോയ് പെല്ലിശ്ശേരി, വസ്ത്രാലങ്കാരം അരവിന്ദ്.

Share this news

Leave a Reply

%d bloggers like this: