പത്തുകോടി വര്‍ഷം പഴക്കം; ദിനോസറുകളുടെ കാലത്തെ തവള ആമ്പറിനുള്ളില്‍; ഇതുവരെ ലഭിച്ച തവളകളുടെ ഫോസിലുകളില്‍ ഏറ്റവും പഴക്കമേറിയത്

ഏതാണ്ട് പത്തുകോടി വര്‍ഷം മുമ്പ് ദിനോസറുകളുടെ കാലത്ത് ജീവിച്ചിരുന്ന തവളയുടെ ഫോസില്‍ മ്യാന്‍മറില്‍ കണ്ടെത്തി. ആമ്പറിനുള്ളില്‍ സൂക്ഷിക്കപ്പെട്ട നിലയിലായിരുന്നു തവള. ഇതുവരെ ലഭിച്ച തവള ഫോസിലുകളില്‍ ഏറ്റവും പഴക്കമേറിയതാണിത്. ആദ്യഘട്ട പരിശോധനയില്‍ പ്രത്യേക രൂപമൊന്നുമില്ലാത്ത ഒന്നായിരുന്നു ആമ്പറിനുള്ളില്‍. വിശദമായ പരിശോധനയിലാണ് രണ്ട് മുന്‍ കാലുകളും മറ്റും ശ്രദ്ധയില്‍പ്പെടുന്നത്. ഒരിഞ്ച് മാത്രം വലിപ്പമുള്ള ചെറുതവളയാണ് ആമ്പറിനുള്ളില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് പിന്നീടാണ് മനസ്സിലാവുന്നത്.

കരീബിയന്‍ രാഷ്ട്രമായ ഡൊമിനിക്കന്‍ റപ്പബ്ലിക്കില്‍ നിന്ന് ലഭിച്ച തവളയുടെ ഫോസിലായിരുന്നു ഇതുവരെയുള്ളതില്‍ ഏറ്റവും പഴക്കമേറിയത്. അതിന് നാലുകോടി വര്‍ഷമായിരുന്നു പഴക്കം. എന്നാല്‍ ഇപ്പോല്‍ ലഭിച്ച പോസിലിന് 9.9 കോടി വര്‍ഷം പഴക്കം കാണുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതുവരെ ലഭിച്ച തവള ഫോസിലുകളില്‍ കൈത്തണ്ടയുടെ അസ്ഥിയോ, ഇടുപ്പെല്ലിന്റെ അസ്ഥികളോ ഒന്നും ലഭിച്ചിരുന്നില്ലെന്ന്പുതിയ ഫോസിലിനെക്കുറിച്ച് പഠിച്ച യു എസില്‍ ഗെയിന്‍വില്ലിയിലെ ഫ്‌ളോറിഡ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ പുരാവസ്തു ഗവേഷകന്‍ ഡേവിഡ് ബ്ലാക്ക്‌ബേണ്‍ പറയുന്നു.

ദിനോസറുകള്‍ ജീവിച്ചിരുന്ന അവസാന കാലമായ ക്രെട്ടേഷ്യസ് പിരീഡിലുള്ളതാണ് ഫോസിലിനുള്ളില്‍ സൂക്ഷിക്കപ്പെട്ട ഈ കുഞ്ഞു തവളയെന്ന് നേച്ചര്‍ ഗ്രൂപ്പിന്റെ സയന്റിഫിക് റിപ്പോര്‍ട്ട്സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ആമ്പറിനുള്ളില്‍ ചരിത്രം സൂക്ഷിക്കപ്പെടുന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.

‘ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇത്രയും ചെറിയ ജീവിയുടെ ഫോസില്‍ വളരെ അപൂര്‍വ്വമായി മാത്രം കേട്ടിട്ടുള്ളതാണ്. ചെറിയ അസ്ഥികളാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. മാത്രമല്ല ത്രിമാന രൂപത്തിലാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നതും’, ബ്ലാക്ക്ബേണ്‍ പറയുന്നു. ‘പഠനത്തിന് പാകമായ രീതിയില്‍ തവളയുടെ തലയോട്ടി കൃത്യമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ മുന്‍കാലുകള്‍ ആമ്പറിനുള്ളില്‍ വെച്ചു തന്നെ ദ്രവിച്ചു പോയിട്ടുണ്ട്’.

തവളകള്‍ 20 കോടി വര്‍ഷമായി ഭൂമുഖത്തുണ്ട്. മഴക്കാടുകളില്‍ തവളകള്‍ ജീവിച്ചിരുന്നു എന്നത് തെളിയിക്കുന്ന കാര്യമായ ഫോസില്‍ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിരുന്നില്ല. എന്നാല്‍ പുതുതായി ലഭിച്ച ഫോസിലില്‍ നടത്തിയ പഠനത്തില്‍ തവളകള്‍ മഴക്കാടുകളിലും ജീവിച്ചിരുന്നുവെന്ന സൂചനയാണ് നല്‍കുന്നതെന്ന് ബ്ലാക്ക്‌ബേണ്‍ പറയുന്നു. അന്നത്തെ മഴക്കാടുകളിലെ ആവാസവ്യവസ്ഥയിലേക്കും വെളിച്ചം വീശുവന്നതാണ് ഈ ഫോസിലിന്റെ കണ്ടെത്തല്‍. ദിനോസറുകള്‍ ഇല്ലെന്നതു ഒഴിച്ചു നിര്‍ത്തിയാല്‍ ഏതാണ്ട് അന്നത്തെ മഴക്കാടുകളുടേതിനു സമാനമാണ് ഇന്നത്തെ മഴക്കാടുകളിലെ ആവാസവ്യവസ്ഥയെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

https://www.youtube.com/watch?v=kvjiwSF8egU

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: