പതിനഞ്ച് വര്‍ഷത്തെ പര്യവേഷണം അവസാനിച്ചു; റോവര്‍ ഓപ്പര്‍ച്യുണിറ്റി മരിച്ചെന്ന് സ്ഥിരീകരിച്ച് നാസ

നീണ്ട 15 വര്‍ഷക്കാലം ചൊവ്വയില്‍ നിന്ന് കൃത്യമായി വിവരങ്ങള്‍ എത്തിച്ചേരുന്ന റോവര്‍ ഓപ്പര്‍ച്യുണിറ്റി എന്ന ചെറുപേടകത്തിന്റെ പ്രവര്‍ത്തനമാണ് പൂര്‍ണ്ണമായി നിലച്ചതായി നാസ ഔദ്യോഗികമായി അറിയിച്ചത്. പര്യവേഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഇപ്പോള്‍ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ഓപ്പര്‍ച്യുണിറ്റി പ്രതികരിക്കുന്നില്ലെന്നും നാസയിലെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ഓഫ് സയന്‍സ് ഡയറക്ടര്‍ തോമസ് സര്‍ബച്ചന്‍ പറയുന്നു.

ജനുവരി 2004 മുതലാണ് റോവര്‍ സ്പിരിറ്റ് എന്ന മറ്റൊരു പേടകത്തോടൊപ്പം ഓപ്പര്‍ച്യുണിറ്റി ചൊവ്വയിലുള്ള പര്യവേഷണം ആരംഭിക്കുന്നത്. ചൊവ്വയുടെ രണ്ട് വശങ്ങളിലാണ് ഓപ്പര്‍ച്യുണിറ്റിയും സഹറോവറായ സ്പിരിറ്റും ഭ്രമണം നടത്തിയത്. എന്നാല്‍ എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്പിരിറ്റ് മണലില്‍ പൂണ്ട് പ്രവര്‍ത്തനരഹിതമായി. പിന്നീടുള്ള വര്‍ഷങ്ങള്‍ ഓപ്പര്‍ച്യുണിറ്റി ഒറ്റയ്ക്കായിരുന്നു ചൊവ്വയില്‍ നിന്നുള്ള വിവരങ്ങള്‍ ഭൂമിയില്‍ എത്തിച്ചിരുന്നത്. 3 മാസക്കാലയളവിലേക്കാണ് സ്പിരിറ്റും ഓപ്പര്‍ച്യുണിറ്റിയും നിര്‍മ്മിക്കപ്പെട്ടത്. ലക്ഷ്യം വച്ച സമയത്തേക്കാള്‍ വളരെ അധികകാലം, നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ ഭ്രമണം നടത്തിയ ഓപ്പര്‍ച്യുണിറ്റി വന്‍ വിജയമായിരുന്നുവെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. 31ഡിഗ്രി വരെ ചെരിവുള്ള പ്രതലത്തിലൂടെ പര്യവേഷണം നടത്തുകയും, ഇക്കാലയളവിനുള്ളില്‍ 45.16 കിലോമീറ്റര്‍ സഞ്ചരിക്കുകയും ചെയ്തു ഈ ചെറുപേടകം.

ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ചൊവ്വയിലുണ്ടാകുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്ന രണ്ട് ലക്ഷത്തിലധികം ചിത്രങ്ങളെങ്കിലും ഇവ ഭൂമിയിലേക്കയച്ചു കാണും. ഭൂമിയ്ക്ക് തൊട്ടടുത്ത് കിടക്കുന്ന ചൊവ്വ ഗ്രഹത്തിന്റെ വിശദാംശങ്ങള്‍ വ്യക്ത മാക്കുന്ന ത്രിമാന ചിത്രങ്ങള്‍ അയക്കാനായത് പേടകത്തിന്റെ വലിയ നേട്ടങ്ങളിലൊന്നാണ്. ഹേമടെയ്റ്റ് എന്ന ധാതു ചൊവ്വയില്‍ ഉണ്ടെന്ന് അറിയിച്ചതോടെ ഇവിടെ വെള്ളമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ശാസ്ത്രലോകം ജാഗരൂകമായി.

”2018 ജൂണില്‍ ഉണ്ടായ ശക്തമായ പൊടിക്കാറ്റില്‍ പെട്ടാണ് ഓപ്പര്‍ച്യുണിറ്റി തകരാറിലാകുന്നത്. പിന്നീട് പല സന്ദേശങ്ങളും അയച്ച് നോക്കിയെങ്കിലും പ്രതികരണങ്ങള്‍ ഉണ്ടാകാതായതോടെയാണ് ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമായെന്ന് നാസ അറിയിച്ചത്. നമുക്ക് ചൊവ്വ ഗ്രഹത്തെക്കുറിച്ചുള്ള അറിവ് വര്‍ദ്ധിപ്പിക്കാന്‍ ഈ പേടകം സഹായിച്ചതിന് പരിധികളില്ല”, നാസയിലെ ഉന്നത ശാസ്ത്രജ്ഞര്‍ പറയുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: