ന്യൂസിലാന്റില്‍ രണ്ട് സ്ഥലങ്ങളിലായി നടന്ന ഭീകരാക്രമണത്തില്‍ മരണം 49 കടന്നു; ഭീകരാക്രമണത്തില്‍ ഇന്ത്യാക്കാരും മരിച്ചെന്ന് സൂചന; നാലുപേര്‍ അറസ്റ്റില്‍; ലൈവ് സ്ട്രീം ചെയ്ത് അക്രമി

ന്യൂസിലന്‍ഡിലെ രണ്ട് മുസ്ലിം പള്ളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ആകെ മരണം 49 ആയി. 40ലധികം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ക്രൈസ്റ്റ്ചര്‍ച്ചിലെ ഹെഗ് ലി പാര്‍ക്കിന് സമീപത്തെ അല്‍ നൂര്‍ മോസ്‌കിലും സൗത്ത് ഐലന്‍ഡ് സിറ്റിയിലെ പള്ളിയിലുമാണ് വെടിവെപ്പ് നടന്നത്. ഭീകരാക്രമണത്തില്‍ ഇന്ത്യാക്കാരും മരിച്ചെന്ന് സൂചന. ന്യൂസീലന്‍ഡ് അധികൃതരുമായി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പ്രാദേശിക സമയം ഉച്ചക്ക് 1.40ന് ഹെഗ് ലി പാര്‍ക്കിന് സമീപത്തെ പള്ളിയില്‍ കറുത്ത വസ്ത്രവും ഹെല്‍മറ്റും ധരിച്ചെത്തിയ അക്രമിയാണ് മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്. പള്ളിയില്‍ കടന്നു കയറിയ ആയുധധാരി യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവ സമയം 16 വയസ് മുതല്‍ പ്രായമുള്ള അന്‍പതോളം പേര്‍ പള്ളിക്കുള്ളില്‍ പ്രാര്‍ഥനയിലായിരുന്നു.

രാജ്യത്തിന്റെ ഇരുണ്ട ദിനമാണിതെന്നും ഭീകരാക്രമണമാണ് നടന്നതെന്നും പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണ്‍ പ്രതികരിച്ചു. വെടിവെപ്പിന് ശേഷം കാറില്‍ രക്ഷപ്പെട്ട അക്രമിയെ ബ്രൊഹാം സ്ട്രീറ്റില്‍ നിന്ന് പൊലീസ് പിടിയിലായി. സ്ത്രീ ഉള്‍പ്പെടെ നാലു പേരാണ് അറസ്?റ്റിലായത്?. കാറില്‍ നിന്ന് വന്‍ സ്‌ഫോടന ശേഖരവും കണ്ടെടുത്തിട്ടുണ്ട്. മുസ്ലീം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്‌ട്രേലിയന്‍ പൗരനാണ് ആക്രമണം നടത്തിയവരില്‍ ഒരാള്‍.

ആക്രമണം നടന്ന സമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ ക്രിസ്റ്റ്ചര്‍ച്ചിലെ മുസ് ലിം പള്ളിക്ക് സമീപം ഉണ്ടായിരുന്നു. ശനിയാഴ്ച നടക്കുന്ന മൂന്നാം ടെസ്റ്റ് മല്‍സരത്തിന് എത്തിയതായിരുന്നു ബംഗ്ലാദേശ് ടീം. സംഭവത്തിന് പിന്നാലെ ടീം അംഗങ്ങള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. താരങ്ങള്‍ സുരക്ഷിതരെന്ന് ടീം അംഗം തമീം ഇഖ്ബാല്‍ ട്വിറ്ററിലൂടെ അറിയിച്ചു. വെടിവെപ്പിനെ തുടര്‍ന്ന് മൂന്നാം ടെസ്റ്റ് മല്‍സരം മാറ്റിവെച്ചു.

ഭീകരാക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടതായി ന്യൂസീലന്‍ഡ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. അതേസമയം, ലോകത്തെ ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ഫേസ്ബുക്, യൂട്യൂബ് അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഒരു തോക്കിന്റെ മുനയില്‍ നിരവധി പേര്‍ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്. അക്രമി സ്വന്തം തൊപ്പിക്ക് മുകളില്‍ വച്ച ക്യാമറയിലൂടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുകയായിരുന്നു. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഈ വിഡിയോ ഫെയ്‌സ്ബുക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയവയില്‍ പ്രചരിച്ചു. 17 മിനിറ്റാണ് വിഡിയോയുടെ ദൈര്‍ഘ്യം..

സമാന സമയത്ത് ന്യൂസിലന്‍ഡിലെ മറ്റൊരു മുസ് ലിം പള്ളിയിലും വെടിവെപ്പ് നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗത്ത് ഐലന്‍ഡ് സിറ്റിയിലെ ലിന്‍വുഡ് അവന്യൂവിലെ പള്ളിയിലാണ് വെടിവെപ്പ് നടന്നത്. കത്തോലിക്ക, ആംഗ്ലിക്കന്‍ വിഭാഗങ്ങള്‍ അടക്കം ക്രിസ്ത്യന്‍ വിഭാഗമാണ് ന്യൂസിലന്‍ഡില്‍ ഭൂരിപക്ഷം. മൊത്തം ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് മുസ്ലിം വിശ്വാസികള്‍ ഉള്ളത്.

Share this news

Leave a Reply

%d bloggers like this: