ന്യൂസിലാന്‍ഡ് വെടിവെയ്പ്പിന്റെ പകരംവീട്ടലാണ് ശ്രീലങ്കന്‍ സ്‌ഫോടനം: ലങ്കന്‍ സര്‍ക്കാര്‍…

കൊളംബോ: ന്യൂസിലന്‍ഡിലെ മുസ്ലിം പള്ളികളില്‍ നടന്ന വെടിവെപ്പിന് മുസ്ലിം തീവ്രവാദികള്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ സ്‌ഫോടനം നടത്തി പകരം വീട്ടുകയായിരുന്നുവെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. ഈയടുത്ത് ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലില്‍ രണ്ട് മുസ്ലിം പള്ളികളില്‍ വെള്ളക്കാരന്റെ സര്‍വ ശ്രേഷ്ഠതയില്‍ തീവ്രമായി വിശ്വസിക്കുന്ന വെള്ള ഭീകരന്‍ നടത്തിയ വെടിവെയ്പ്പാണ് ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയ്ക്ക് കാരണമായതെന്നാണ് ശ്രീലങ്ക സര്‍ക്കാര്‍ അനുമാനിക്കുന്നത്. എന്നാല്‍ ഈ കണ്ടെത്തല്‍ ഉറപ്പിക്കുന്ന യാതൊരു തെളിവുകളും നിലവില്‍ സര്‍ക്കാര്‍ ഹാജരാക്കിയിട്ടില്ല. എന്ത് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു പരസ്യ പ്രസ്താവന നടത്തുന്നതെന്നതിനെ സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.

‘ന്യൂസിലാന്‍ഡ് വെടിവെപ്പിന് തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകള്‍ പകരം വീട്ടിയതാണെന്നു തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു.’ ശ്രീലങ്കന്‍ പ്രതിരോധ മന്ത്രി റുവാന്‍ വിജെവര്‍ധെനെ ഒരു പ്രത്യേക സിറ്റിംഗ് വിളിച്ചുകൂട്ടി പ്രസ്താവിച്ചു. എന്നാല്‍ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ അന്വേഷണം ആരംഭഘട്ടത്തിലാണെന്നും ഈ രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുള്ളതിന്റെ യാതൊരു സൂചനയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡന്‍ വ്യക്തമാക്കി.

തങ്ങള്‍ ഏതു തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തങ്ങള്‍ക്കും എതിരാണെന്നും സമാധാനമാണ് തങ്ങളുടെ പാതയെന്നും ന്യൂസിലാന്‍ഡ് ഗവണ്‍മെന്റ്റ് പ്രസ്താവിച്ചു. മുസ്ലിം കുടിയേറ്റക്കാരോടുള്ള വെറുപ്പ് കൊണ്ടാണ് താന്‍ പള്ളികളില്‍ വെടിവെയ്പ്പ് നടത്തിയതെന്ന് ബ്രെന്റന്റ് ടെറന്റ് എന്ന വെള്ള തീവ്രവാദി വ്യക്തമാക്കിയിരുന്നു. ഇയാള്‍ പള്ളികളില്‍ കടന്ന് ചെന്ന് ജുമാ നമസ്‌കാരത്തിനെത്തിയവരെ വെടിവെച്ച് കൊല്ലുന്നതിന്റെ ലൈവ് വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. താന്‍ എന്തിനു ഈ കൂട്ടക്കൊല നടത്തുന്നു എന്ന് വിശദീകരിക്കുന്ന ഒരു മുസ്ലിം വിരുദ്ധ മാനിഫെസ്റ്റോ ഓണ്‍ലൈന്‍ ആയി പ്രസിദ്ധീകരിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് ഇയാള്‍ വെടിവെയ്പ്പ് നടത്തിയത്. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ നടന്ന വെടിവെയ്പ്പില്‍ മുന്നൂറിലധികം പേരാണ് മരിച്ചത്.

എന്നാല്‍ സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി. പൊലിസ് വക്താവ് റുവാന്‍ ഗുണശേഖരയാണ് കണക്കുകള്‍ പുറത്തു വിട്ടത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം കഴിഞ്ഞ ദിവസം ഐ.എസ് ഏറ്റെടുത്തിരുന്നു. കൊളംബോയിലെ സുഗന്ധവ്യഞ്ജന വ്യാപാരിയുടെ മക്കളായ രണ്ടു സഹോദരന്മാരാണ്സ് ഫോടനത്തിന്റെ പ്രധാനകണ്ണിയായി പ്രവര്‍ത്തിച്ചത്. ഷാന്‍ഗ്രി ലാ, സിനമോന്‍ ഗ്രാന്റ് ഹോട്ടലുകളില്‍ അതിഥികളെന്ന വ്യാജേന ഇരുവരും കയറുകയായിരുന്നു. നാലാമതൊരു ഹോട്ടല്‍ കൂടി ലക്ഷ്യമിട്ടിരുന്നെങ്കിലും സ്ഫോടനം നടക്കാതെപോയി.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്നലെ കൊളംബോയില്‍ കൂട്ടമായി ഒന്നിച്ച് സംസ്‌കരിച്ചു. ആയിരത്തിലേറെ വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന് പൂക്കളുമായി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ എത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: